ഇടുക്കി: ഇടുക്കിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതികള്‍ നല്‍കാന്‍ ആഹ്വാനം ചെയ്ത ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ പ്രസംഗം വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഇടുക്കി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി റോയി കെ. പൗലോസിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാഴത്തോപ്പില്‍ നടന്ന സമാപന ചടങ്ങിലായിരുന്നു ഡിസിസി പ്രസിഡന്റിന്റെ സ്ത്രീവിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമായ പരാമര്‍ശങ്ങള്‍. രാഷ്ട്രീയ പോരാട്ടങ്ങളില്‍ വനിതാ നേതാക്കളെ മുന്നില്‍ നിര്‍ത്തി വ്യാജ തെളിവുകള്‍ സൃഷ്ടിക്കണമെന്ന വിചിത്രമായ നിര്‍ദ്ദേശമാണ് അദ്ദേഹം അണികള്‍ക്ക് നല്‍കിയത്.

മറുവിഭാഗവുമായി സംഘര്‍ഷമുണ്ടാകുമ്പോള്‍ വനിതാ നേതാക്കള്‍ സ്വന്തം വസ്ത്രം വലിച്ചുകീറി പരാതി നല്‍കണമെന്നും, അത്തരത്തില്‍ ചെയ്താല്‍ കേസുകളുടെ ഗതി മാറുമെന്നും സി.പി. മാത്യു പരസ്യമായി പ്രസംഗിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒരു മുന്‍ ജനപ്രതിനിധിയോട് ഇത്തരത്തില്‍ ചെയ്യാന്‍ താന്‍ നേരിട്ട് നിര്‍ദ്ദേശിച്ചതായും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതാ നേതാക്കളെ മുന്‍നിര്‍ത്തി എസ്.സി/എസ്.ടി അട്രോസിറ്റി വകുപ്പ് പ്രകാരം കേസെടുപ്പിക്കാനുള്ള ഗൂഢാലോചനയും പ്രസംഗത്തിലുണ്ട്. പ്രസ്തുത പഞ്ചായത്ത് അംഗം ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ട് അത്തരത്തില്‍ കേസ് നല്‍കിയാല്‍ നിയമപരമായി കൂടുതല്‍ ഗൗരവമുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

അങ്ങേയറ്റം സഭ്യമല്ലാത്ത ഭാഷയിലാണ് ഡിസിസി പ്രസിഡന്റ് പ്രസംഗത്തിലുടനീളം സംസാരിച്ചത്. 'അടുത്ത് വന്നാല്‍ അപ്പോള്‍ ബ്ലൗസ് കീറിക്കോണം, രാജേശ്വരി ആദിവാസിയാണല്ലോ, പിന്നെ വകുപ്പ് എന്നാണെന്ന് നമുക്കറിയാം' എന്നായിരുന്നു മാത്യുവിന്റെ വിവാദ നിര്‍ദ്ദേശം. എതിരാളികളെ നേരിടാന്‍ തന്റെ പക്കല്‍ പത്തന്‍പതോളം യുവാക്കള്‍ സജ്ജരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ സമയം വേദിയിലുണ്ടായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് ജയ്സണ്‍ ജോസഫ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ പരാമര്‍ശങ്ങള്‍ കേട്ട് ചിരിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്തത് പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

സംഭവം വിവാദമായതോടെ വലിയ വിമര്‍ശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗ്ഗീസ് രംഗത്തെത്തി. ഇടുക്കി മണ്ഡലം അക്രമ മാര്‍ഗ്ഗത്തിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും, പട്ടികവര്‍ഗ്ഗ സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കേസുകള്‍ ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം പ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത വിവാദത്തിന് പിന്നാലെയാണ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. നിലവില്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വലിയ തോതിലുള്ള ജനരോഷം ഉയരുകയും ചെയ്തിട്ടുണ്ട്. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇടുക്കിയിലെ തിരഞ്ഞെടുപ്പ് അന്തരീക്ഷം ഈ വിവാദത്തോടെ കൂടുതല്‍ കലുഷിതമായിരിക്കുകയാണ്.