- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകവിള തോട്ടങ്ങളെ സ്വാഭാവിക വനങ്ങളാക്കി മാറ്റാന്‍ 'മിഷന്‍ ഇക്കോ റെസ്റ്റോറേഷന്‍'; കോര്‍ സോണിന് ചുറ്റും ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കും; പ്രകടനപത്രികയിലെ 'ബഫര്‍ സോണ്‍' ചതിക്കുഴി; ഇടതുമുന്നണിക്ക് വന്‍ നാണക്കേട്; മലയോരത്ത് തിരിച്ചടി ഭയന്ന് അതിവേഗ തിരുത്തല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ നില്‍ക്കുന്ന ഇടതുമുന്നണിക്ക് സ്വന്തം പ്രകടനപത്രിക തിരുത്തല്‍ തിരിച്ചടിയാകുമോ? സംരക്ഷിത വനങ്ങളുടെ കോര്‍ സോണിന് ചുറ്റും ബഫര്‍ സോണ്‍ നിര്‍മ്മിക്കുമെന്നും അവിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നുമുള്ള പ്രകടനപത്രികയിലെ വാഗ്ദാനം വിവാദമായതോടെ ഇടതുമുന്നണി കടുത്ത പ്രതിരോധത്തിലായി. മലയോര മേഖലകളില്‍ ഈ നിര്‍ദ്ദേശം വലിയ ജനരോഷത്തിന് കാരണമാകുമെന്ന് തിരിച്ചറിഞ്ഞതോടെ, പുറത്തിറക്കി മണിക്കൂറുകള്‍ക്കകം പത്രികയില്‍ തിരുത്തല്‍ വരുത്തി നാണക്കേട് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് മുന്നണി നേതൃത്വം.
മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് വലിയ ആഘോഷപൂര്‍വ്വം പുറത്തിറക്കിയ പ്രകടനപത്രികയിലെ 50-ാം ഖണ്ഡികയാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. കോര്‍ സോണിന് ചുറ്റും ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കുമെന്നും അവിടെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നുമായിരുന്നു ആദ്യത്തെ വാഗ്ദാനം. വന്യജീവി ആക്രമണങ്ങളും ബഫര്‍ സോണ്‍ വിഷയവും മലയോര ജനതയെ പൊറുതിമുട്ടിക്കുമ്പോള്‍, ഇത്തരമൊരു വാഗ്ദാനം പത്രികയില്‍ ഇടംപിടിച്ചത് വലിയ രാഷ്ട്രീയ അബദ്ധമായാണ് വിലയിരുത്തപ്പെടുന്നത്.
തിരുത്തിയ വാര്‍ത്താക്കുറിപ്പ് പ്രകാരം, സംരക്ഷിത വനമേഖലകള്‍ പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളെ പരിഗണിച്ച് മാത്രമേ മാനേജ് ചെയ്യുകയുള്ളൂ എന്നാണ് ഇപ്പോള്‍ എല്‍ഡിഎഫ് പറയുന്നത്. കോര്‍, ബഫര്‍ സോണുകള്‍ സംബന്ധിച്ച് ജനഹിതം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുമെന്നും തിരുത്തലില്‍ പറയുന്നു. ബഫര്‍ സോണുകളില്‍ പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുള്ള നിയന്ത്രണങ്ങളായിരിക്കും നടപ്പാക്കുകയെന്നും മുന്നണി വിശദീകരിക്കുന്നു.
വനസംരക്ഷണം പ്രതിപാദിക്കുന്ന ഭാഗം സംബന്ധിച്ച് മുന്നണിക്കകത്ത് തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഖണ്ഡികകള്‍ അടിമുടി മാറ്റിയത്. ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങളും മറ്റും കടുത്ത നിയന്ത്രണത്തോടെ മൂന്നാമത്തെ സോണായ ഔട്ടര്‍ സോണിലേ അനുവദിക്കൂ എന്ന വാഗ്ദാനവും തിരുത്തലില്‍ മാറ്റിയിട്ടുണ്ട്. മലയോരത്തെ വിനോദസഞ്ചാര മേഖലയെയും ഇത് ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.
ഏകവിള തോട്ടങ്ങളെ സ്വാഭാവിക വനങ്ങളാക്കി മാറ്റാന്‍ 'മിഷന്‍ ഇക്കോ റെസ്റ്റോറേഷന്‍' നടപ്പാക്കും എന്ന പ്രഖ്യാപനവും തിരുത്തിയ ഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത് നടപ്പിലാക്കിയാല്‍ തോട്ടം മേഖലയിലെ പതിനായിരക്കണക്കിന് തൊഴിലാളികളെയും കര്‍ഷകരെയും നേരിട്ട് ബാധിക്കുമെന്ന ഭയം ഇടതുപക്ഷത്തെ തന്നെ മലയോര നേതാക്കള്‍ മുന്നോട്ടുവെച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം വിവാദങ്ങള്‍ യുഡിഎഫിന് ആയുധമാകുമെന്ന് കണ്ടാണ് തിരക്കിട്ട തിരുത്തല്‍.
വന്യജീവി ആക്രമണം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന യുഡിഎഫ് പ്രചാരണം മലയോരത്ത് വലിയ ചലനമുണ്ടാക്കുന്നുണ്ട്. ഇതിനിടയിലാണ് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്ന ബഫര്‍ സോണ്‍ നിയന്ത്രണങ്ങള്‍ ഇടതുപക്ഷത്തിന്റെ നയമായി പ്രകടനപത്രികയില്‍ വന്നത്. ഇത് മലയോര ജില്ലകളായ ഇടുക്കി, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന്റെ വിജയസാധ്യതയെ അട്ടിമറിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേതൃത്വത്തിന് നല്‍കിയിരുന്നു.
പ്രകടനപത്രിക തയ്യാറാക്കിയതില്‍ വന്ന ഗുരുതരമായ വീഴ്ചയെക്കുറിച്ച് മുന്നണിക്കകത്ത് തന്നെ മുറുമുറുപ്പ് ശക്തമാണ്. ജനകീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. അച്ചടിച്ച പത്രികകള്‍ വിതരണം ചെയ്യുന്നതിന് മുന്‍പ് തന്നെ തിരുത്തല്‍ വരുത്താന്‍ സാധിച്ചത് ആശ്വാസകരമാണെന്ന് എല്‍ഡിഎഫ് കരുതുമ്പോഴും, വീണുകിട്ടിയ ഈ അവസരം പരമാവധി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
തിരുത്തല്‍ വരുത്തിയെങ്കിലും ഇടതുപക്ഷത്തിന്റെ യഥാര്‍ത്ഥ നയം കര്‍ഷക വിരുദ്ധമാണെന്ന് സ്ഥാപിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. കര്‍ഷകരെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢലക്ഷ്യം പ്രകടനപത്രികയില്‍ അറിയാതെ പുറത്തുവന്നതാണെന്ന് ഇവര്‍ ആരോപിക്കുന്നു.


