- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാവരുടെയും വീട്ടില്‍ മുല്ലയും തുളസിയും ഉണ്ട്; അതിനെയൊക്കെ എന്തിനാണ് ഇങ്ങനെ ജാതി ബ്രാന്‍ഡുകളാക്കുന്നത്?' ഒരു മുന്‍ കമ്മ്യൂണിസ്റ്റ് എത്രത്തോളം അധഃപതിക്കാം എന്നതിന്റെ തെളിവാണ് സുധാകരന്റെ വാക്കുകളെന്ന് സി എസ് സുജാത

ആലപ്പുഴ: മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി. സുധാകരന്റെ വിവാദ പരാമര്‍ശം ചര്‍ച്ചയാകുന്നതിനിടെ മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത. എല്ലാവരുടെയും വീട്ടില്‍ മുല്ലയും തുളസിയും ഉണ്ടെന്നും അത് ജാതി ബ്രാന്‍ഡ് ആക്കുന്നത് എന്തിനാണെന്നും സുജാത ചോദിച്ചു. തങ്ങള്‍ ജാതി ഇല്ലാതെ പ്രവര്‍ത്തിക്കുന്നവരാണ്. സുധാകരന്‍ വ്യാജ പ്രസ്താവന നടത്തുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുജാത പറഞ്ഞു. സ്വന്തം കാര്യം കാണാന്‍ വേണ്ടി എന്തും ചെയ്യുന്ന ഒരാളായി സുധാകരന്‍ മാറിയെന്നും ഒരു മുന്‍ കമ്മ്യൂണിസ്റ്റ് എത്രത്തോളം അധഃപതിക്കാം എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും സുജാത തുറന്നടിച്ചു.
മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്കിടെയായിരുന്നു സുജാതയെ ലക്ഷ്യമിട്ട് സുധാകരന്റെ വിവാദ പരാമര്‍ശം. സുജാത നായര്‍ സമുദായത്തില്‍പ്പെട്ടവരുടെ വീടുകളില്‍ മാത്രമേ പോകാറുള്ളൂ എന്നും, നായരാണെന്ന് തിരിച്ചറിയാന്‍ വേണ്ടി മുല്ലപ്പൂവും തുളസിപ്പൂവും ചൂടിയാണ് അവര്‍ വോട്ട് ചോദിക്കാന്‍ എത്തുന്നതെന്നുമായിരുന്നു സുധാകരന്റെ പരിഹാസം. സുജാതയുടെ സ്വദേശം കായംകുളമാണെന്നും അമ്പലപ്പുഴയില്‍ അവര്‍ക്ക് സ്ഥാനമില്ലെന്നും പറഞ്ഞ സുധാകരന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.
ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുജാത പ്രതികരിച്ചത്. 'എല്ലാവരുടെയും വീട്ടില്‍ മുല്ലയും തുളസിയും ഉണ്ട്. അതിനെയൊക്കെ എന്തിനാണ് ഇങ്ങനെ ജാതി ബ്രാന്‍ഡുകളാക്കുന്നത്?' എന്ന് സുജാത ചോദിച്ചു. തങ്ങള്‍ ജാതിമത ചിന്തകള്‍ക്ക് അപ്പുറം പ്രവര്‍ത്തിക്കുന്നവരാണെന്നും എന്നാല്‍ സുധാകരന്‍ സന്ദര്‍ഭത്തിനനുസരിച്ച് വ്യാജ പ്രസ്താവനകള്‍ ഇറക്കുന്നതില്‍ വിദഗ്ധനാണെന്നും അവര്‍ പരിഹസിച്ചു. വായില്‍ തോന്നുന്നത് വിളിച്ചുപറയുന്ന സുധാകരന് രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ പോയി നില്‍ക്കാന്‍ ഉളുപ്പില്ലേയെന്നും സുജാത ചോദിച്ചു.
പതിറ്റാണ്ടുകളോളം സിപിഐഎമ്മിന്റെ കരുത്തനായ നേതാവായിരുന്ന ജി. സുധാകരന്‍ പാര്‍ട്ടി വിട്ട് യുഡിഎഫ് പാളയത്തില്‍ എത്തിയത് തന്നെ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രചാരണ രംഗത്ത് സമുദായത്തെയും വ്യക്തിപരമായ ശീലങ്ങളെയും മുന്‍നിര്‍ത്തി അദ്ദേഹം നടത്തുന്ന കടന്നാക്രമണങ്ങള്‍ രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്നാണ് എല്‍ഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ സുധാകരന്‍ ആയുധമാക്കുകയാണെന്നും സുജാത കുറ്റപ്പെടുത്തി. അമ്പലപ്പുഴയില്‍ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോള്‍, വ്യക്തിപരമായ അധിക്ഷേപങ്ങളും ജാതി സമവാക്യങ്ങളും ചര്‍ച്ചയാകുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.


