തൃശൂര്‍: തൃശ്ശൂര്‍ മണലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപനെതിരെ ആഞ്ഞടിച്ച് മുന്‍ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍ കുമാര്‍. തൃശൂരില്‍ കെ. മുരളീധരന്റെ പരാജയത്തിന് പിന്നില്‍ പ്രതാപനാണെന്ന് അഡ്വ. എം.എസ്. അനില്‍ കുമാര്‍ ആരോപിച്ചു. തട്ടിപ്പുകളും ഡീലുകളുമാണ് മണലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്റെ മുഖമുദ്ര. പ്രതാപന്‍ എം.പിയായിരുന്ന കാലത്ത് തൃശ്ശൂരിനെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.

പ്രതാപന്റെ തിരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ആയിരുന്നു താന്‍. പ്രഹസനം മാത്രമാണ് പ്രതാപന്‍. ദാരിദ്ര്യം വിറ്റ് കാശുണ്ടാക്കുന്ന ആളാണ് പ്രതാപന്‍. യൂസഫലിയേക്കാള്‍ കോടീശ്വരനാണ് ഇയാള്‍. സ്‌നേഹ തീരത്ത് പൊന്നും വിലയ്ക്ക് വാങ്ങിട്ടുള്ളത് 12 ഏക്കര്‍ ഭൂമിയാണ്. ഇതിന് ആവശ്യമായ പണം എവിടെ നിന്നാണ് വന്നത്. കോഴി വളര്‍ത്തല്‍ കേന്ദ്രമായി കോണ്‍ഗ്രസ് അധപതിച്ചുവെന്നും . എം.എസ്. അനില്‍ കുമാര്‍ പറഞ്ഞു.

ഒരു മാസം മുന്‍പ് കോണ്‍ഗ്രസിന്റെ അപചയത്തില്‍ മനംമടുത്ത് അനില്‍ കുമാര്‍ ബിജെപിയില്‍ അംഗത്വം എടുത്തിരുന്നു. കോണ്‍ഗ്രസ് മത തീവ്രവാദ സംഘങ്ങള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞതായി അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനില്‍കുമാര്‍ റെഡ്ക്രോസ് സൊസൈറ്റി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ്.

മണലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപനെതിരേ ഗുരുതര ആരോപണവുമായി നേരത്തെ നാട്ടിക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ പ്രതാപന്‍ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്നായിരുന്നു ആരോപണം. എട്ടുകോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ചെന്നും പ്രതാപന്‍ രാവിലെ കോണ്‍ഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. സിപിഎമ്മിന്റെ തൃശ്ശൂര്‍ ജില്ലാക്കമ്മിറ്റി ഓഫീസില്‍ എല്‍ഡിഎഫ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് ഫിറോസ് സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയായ പ്രതാപിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

'ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ടി.എന്‍. പ്രതാപന്‍ ഓടിയെത്തുന്നു. പോലീസുമായി കയര്‍ക്കുന്നു. ബിജെപിക്കെതിരേ വലിയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ ഇന്നലെയാണ് അത് അറിഞ്ഞത്. പക്ഷേ ഞങ്ങള്‍ മൂന്നുദിവസം മുന്‍പേ അത് അറിഞ്ഞു, ആ പ്ലാന്‍ ചെയ്യുന്ന പരിപാടി. ബിജെപിയുടെ പ്രധാനപ്പെട്ട ഒരു നേതാവുമായി പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണ് ഈ കിറ്റ് വിതരണം. കാരണം അവിടെ മുസ്ലിം സമുദായം 20 ശതമാനമാണ്. ക്രൈസ്തവ സമുദായം 20 ശതമാനമാണ്. ഈ മുസ്ലിം-ക്രൈസ്തവ വോട്ടാണ് പ്രതാപന്റെ ഉന്നം. പക്ഷേ, കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതാപന്‍ ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടും സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനയുമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവശം രേഖകളായിട്ടുണ്ട്', ഫിറോസ് പറഞ്ഞു.

'കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി പ്രതാപന്‍ നടത്തിയ ഇടപെടല്‍ എന്നുപറഞ്ഞാല്‍ നിസാര ഇടപാടല്ല. കോടാനുകോടി രൂപയുടെ ഇടപാടാണ്. സത്യം എന്റെ കണ്ണുകൊണ്ട് കണ്ടതാണ്. എട്ടുകോടി രൂപയാണ് നാട്ടികയിലും മണലൂരിലും സുരേഷ് ഗോപിയുടെയും ബിജെപിയുടെയും കയ്യില്‍നിന്ന് പ്രതാപന്‍ കൈപ്പറ്റി വിതരണം ചെയ്തത്', ഫിറോസ് ആരോപിച്ചു.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃശ്ശൂരിലെ മണലൂര്‍. മുന്‍മന്ത്രി സി. രവീന്ദ്രനാഥാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെ.കെ. അനീഷ്‌കുമാറാണ് എന്‍ഡിഎയ്ക്കുവേണ്ടി മത്സരിക്കുന്നത്.