- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്യ പ്രചാരണം അവസാന മണിക്കൂറില്‍; റോഡ് ഷോകളുമായി സ്ഥാനാര്‍ത്ഥികള്‍; വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളുമായി കൊട്ടിക്കലാശം പൂരമാക്കി അണികള്‍; ആരവത്തില്‍ അലിഞ്ഞ് നാടും നഗരവും; ക്ലൈമാക്സില്‍ കളം നിറഞ്ഞ് മുന്നണികള്‍; 'മനുഷ്യ നിര്‍മിത പ്രളയം' സമരജ്വാലയാക്കി പത്തനംതിട്ടയില്‍ യുഡിഎഫ്

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മണിക്കൂറിലേക്ക്. മൂന്നാഴ്ചക്കാലം നീണ്ടുനിന്ന വാശിയേറിയ പ്രചാരണ കോലാഹലങ്ങള്‍ക്കാണ് ഇന്ന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീഴുന്നത്. ഓരോ മണ്ഡലത്തിലും ശക്തിപ്രകടനങ്ങളും റോഡ് ഷോകളുമായി മുന്നണികള്‍ കളം നിറയുമ്പോള്‍ നാടും നഗരവും ആവേശക്കടലായി മാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ആവേശം കയ്യാങ്കളിയിലേക്ക് പോകാതിരിക്കാന്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കേരളം ഇനി ആര് ഭരിക്കുമെന്ന് ജനങ്ങള്‍ നിശ്ചയിക്കുന്ന ദിവസത്തിന് ഒരു പകലിന്റെ അകലം മാത്രം. വോട്ടര്‍മാരുടെ മനസില്‍ കയറിക്കൂടാനുള്ള അവസാന അടവും പുറത്തെടുത്താണ് മുന്നണികളുടെ കലാശക്കൊട്ട്. രാവിലെ മുതല്‍ റോഡ് ഷോയും റാലികളുമായി കളം നിറയുകയായിരുന്നു ഭൂരിഭാഗം സ്ഥാനാര്‍ഥികളും. എല്‍.ഡി.എഫ് മൂന്നാം തുടര്‍ഭരണം സ്വപ്നം കാണുമ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് യു.ഡി.എഫ്. താമര വിരിയിച്ച് അധികാരത്തില്‍ നിര്‍ണായക പങ്കുവഹിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി കലാശക്കൊട്ടിന് ഒരുങ്ങുന്നത്.
തലസ്ഥാന നഗരിയിലെ വട്ടിയൂര്‍ക്കാവ്, നേമം തുടങ്ങിയ മണ്ഡലങ്ങളില്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആവേശം പ്രകടമായിരുന്നു. ബാന്‍ഡ് മേളങ്ങളും ചെണ്ടമേളങ്ങളും നിശ്ചലദൃശ്യങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാനവട്ട വോട്ടഭ്യര്‍ത്ഥന നടത്തുന്ന തിരക്കിലാണ്. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. മറ്റന്നാളാണ് 2.71 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ഇതിനോടകം തന്നെ 95 ശതമാനം പോസ്റ്റല്‍ വോട്ടുകളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
ആഘോഷങ്ങള്‍ക്കിടയിലും വേറിട്ട കാഴ്ചകള്‍ക്കും ഇത്തവണത്തെ കലാശക്കൊട്ട് സാക്ഷ്യം വഹിക്കുന്നു. പ്രളയ ദുരന്തത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റാന്നിയിലും ആറന്മുളയിലും യുഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. പുതുപ്പള്ളിയില്‍ കൊട്ടിക്കലാശത്തിന് മാറ്റിവെച്ച തുക ഉപയോഗിച്ച് ഒരു വീട് നിര്‍മ്മിച്ചു നല്‍കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം. വയനാട്ടില്‍ ദുരന്തബാധിതര്‍ക്കായി സമാഹരിച്ച ഫണ്ടും മറ്റ് വിവാദങ്ങളും പ്രചാരണത്തിന്റെ അവസാന നാളുകളില്‍ ചര്‍ച്ചയായി.
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍ നേരിട്ടെത്തി പ്രചാരണം നയിച്ചുവെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന് വേണ്ടി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയത്. വികസനത്തുടര്‍ച്ച ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുമ്പോള്‍, ശബരിമല വിഷയവും ഭരണവിരുദ്ധ വികാരവും തങ്ങളെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. വടക്കന്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനും തെക്കന്‍ കേരളത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാനും എന്‍ഡിഎയും സര്‍വ്വ സന്നാഹങ്ങളുമായി രംഗത്തുണ്ട്.
പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും നേതാക്കള്‍ തമ്മിലുള്ള വാക്‌പോരിന് കുറവില്ല. രേവന്ത് റെഡ്ഢിയുടെ പോ മോനെ വിജയാ പരാമര്‍ശത്തിന് മറുപടിയുമായി പിണറായി വിജയന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. അതേസമയം, തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും നുണ പറഞ്ഞ നേതാവ് പിണറായി ആണെന്ന് വിഡി സതീശന്‍ പറഞ്ഞു. ബിജെപിയെ പൂട്ടുമെന്ന് പറയുന്നവര്‍ക്ക് അഹങ്കാരമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇതിനിടെ, വോട്ടര്‍മാരെ സിപിഎം, എസ്ഡിപിഐ സംഘം ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി ജി സുധാകരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
കൊട്ടിക്കലാശം സംഘര്‍ഷങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ സംസ്ഥാനത്തുടനീളം കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും മൂന്ന് മുന്നണികളും ഒരേ കേന്ദ്രത്തില്‍ തന്നെയാകും പ്രചാരണം അവസാനിപ്പിക്കുക. ആര് ഭരിക്കണമെന്ന ജനങ്ങളുടെ അന്തിമ തീരുമാനം ബാലറ്റ് പെട്ടികളിലാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മൂന്ന് മുന്നണികളും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും അന്തിമ വിധി വോട്ടര്‍മാരുടെ കയ്യിലാണ്. മറ്റന്നാള്‍ കേരളം പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങുമ്പോള്‍ വോട്ടര്‍മാരുടെ മനസ്സ് ആര്‍ക്കൊപ്പമാകുമെന്ന് കണ്ടറിയാം.


