- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുപക്ഷ വോട്ടുകളിലും വിള്ളല്‍; ഇടതുഭരണം ഇന്ന് അവസാനിക്കും; 2001-ലേതിനേക്കാള്‍ വലിയ വിജയം യുഡിഎഫിന് എകെ ആന്റണി

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം ഇന്ന് ആറ് മണിയോടെ അവസാനിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പത്ത് വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് കേരളത്തിലെ വോട്ടര്‍മാര്‍ കടുത്ത ശിക്ഷ നല്‍കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഇത്തവണ കേരളം തൂത്തുവാരുന്ന കാഴ്ചയാകും കാണാന്‍ സാധിക്കുകയെന്ന് ആന്റണി അവകാശപ്പെട്ടു. 'തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ ദൃശ്യമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിന്റെ അവസാന ഘട്ടമായപ്പോഴേക്കും വലിയൊരു ജനരോഷമായി മാറി. യുഡിഎഫിന് വന്‍ ഭൂരിപക്ഷം ലഭിച്ച 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ വിജയമാണ് ഇത്തവണ മുന്നണിയെ കാത്തിരിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം അനുഭാവികളില്‍ നിന്നുപോലും യുഡിഎഫിന് പിന്തുണ ലഭിക്കുന്നുണ്ടെന്ന സൂചനയും ആന്റണി നല്‍കി. കേരളത്തില്‍ ഇടതുപക്ഷം നശിക്കാതിരിക്കണമെങ്കില്‍ 'തുടര്‍ഭരണം' ഉണ്ടാകാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന സിപിഎം അനുഭാവികള്‍ പോലും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും. എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന ഗണ്യമായ ഒരു വിഭാഗം ഇത്തവണ യുഡിഎഫിനൊപ്പമാണ്.
കേരളത്തിന്റെ മണ്ണില്‍ ബിജെപിക്ക് വേരോട്ടം കിട്ടാന്‍ പ്രയാസമാണെന്നും ആന്റണി പറഞ്ഞു. ഇത്തവണയും ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് അറുതി വരുത്തി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


