- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിള്‍ ചവിട്ടി വിജയ്: ഡി.എം.കെ ഭരണത്തില്‍ അഴിമതി താഴെത്തട്ടുവരെ; ആനുകൂല്യങ്ങള്‍ പടിവാതില്ക്കലെത്തിക്കുമെന്ന് വിജയ്; കന്യാകുമാരിയെ ഇളക്കിമറിച്ചു റോഡ് ഷോ

കന്യാകുമാരി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയ്. കന്യാകുമാരിയില്‍ നടന്ന റോഡ് ഷോയില്‍ പ്രവര്‍ത്തകരുടെയും ആരാധകരുടെയും ഇടയിലേക്ക് സൈക്കിളില്‍ താരം എത്തിയത് തെക്കന്‍ തമിഴ്‌നാടിനെ ആവേശത്തിലാഴ്ത്തി. തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തിയ ശേഷമാണ് അപ്രതീക്ഷിതമായി സൈക്കിളില്‍ വിജയ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്.
ഭരണകക്ഷിസ്ഥാനത്തുള്ള ഡി.എം.കെ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിജയ് കന്യാകുമാരിയില്‍ വിമര്‍ശിച്ചത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണക്കാരെ പീഡിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ചെറിയ കാര്യങ്ങള്‍ക്കായി പോലും ജനങ്ങള്‍ ഉദ്യോഗസ്ഥരുടെയും ഭരണകക്ഷി നേതാക്കളുടെയും മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയാണ്. അഴിമതി താഴെത്തട്ടു മുതല്‍ മുകള്‍ത്തട്ടു വരെ പടര്‍ന്നുപിടിച്ചിരിക്കുന്നു. ഓരോ സര്‍ക്കാര്‍ പദ്ധതിയില്‍നിന്നും നിശ്ചിത ശതമാനം കമ്മീഷന്‍ മന്ത്രിമാരുടെ പോക്കറ്റിലേക്കാണ് പോകുന്നത്,' വിജയ് ആരോപിച്ചു.
ടി.വി.കെ അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ലെന്ന വിപ്ലവകരമായ വാഗ്ദാനവും വിജയ് മുന്നോട്ടുവെച്ചു. സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളും പൗരന്മാരുടെ വീട്ടുപടിക്കല്‍ നേരിട്ടെത്തിക്കും. ഇതിനായി ആധാര്‍ മാതൃകയില്‍ ഓരോ പൗരനും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങള്‍ നേരിട്ടെത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകിട്ട് എട്ടു വരെ ആറ് നിയമസഭാ മണ്ഡലങ്ങളിലായാണ് വിജയ് പര്യടനം നടത്തിയത്. വിവേകാനന്ദ കോളേജില്‍ നിശ്ചയിച്ചിരുന്ന പൊതുയോഗം പിന്നീട് ടി.വി.കെ റദ്ദാക്കിയിരുന്നു. കഴിഞ്ഞദിവസം കടലൂരില്‍ നടത്താനിരുന്ന റോഡ് ഷോയും വിജയ് റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വിജയ് തുടര്‍ച്ചയായി ഇടവേളകള്‍ എടുക്കുന്നതിനെ ഡി.എം.കെ പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു കന്യാകുമാരിയില്‍ കണ്ട വന്‍ ജനപ്രവാഹം.


