കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമളയ്ക്ക് വേണ്ടി നടി നിഖിലാ വിമൽ പ്രചാരണത്തിനിറങ്ങി. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് വോട്ട് ചെയ്യണമെന്ന് നിഖില അഭ്യർഥിച്ചു. പ്രചാരണ പരിപാടിയിൽ സംസാരിക്കവേ, ശ്യാമള ടീച്ചറുടെ രാഷ്ട്രീയ-പ്രവർത്തന പാരമ്പര്യവും സ്നേഹവും താൻ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് നിഖില പറഞ്ഞു. ചെറുപ്പം മുതലേ തനിക്ക് ശ്യാമള ടീച്ചറെ പരിചയമുണ്ടെന്നും അതുകൊണ്ടാണ് പ്രചാരണത്തിനെത്തിയതെന്നും നടി വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷം തളിപ്പറമ്പിൽ നടപ്പാക്കിയ വികസനങ്ങൾ എടുത്തുപറഞ്ഞ നിഖില, കലാസാംസ്കാരിക മേഖലയിൽ വന്ന മാറ്റങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഹാപ്പിനസ് സ്ക്വയർ, ധർമ്മശാലയിൽ വരാനിരിക്കുന്ന തിയേറ്റർ കോംപ്ലക്സ് എന്നിവയെല്ലാം വികസനത്തിൻ്റെ മികച്ച ഉദാഹരണങ്ങളാണെന്നും നിഖില കൂട്ടിച്ചേർത്തു.

സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമാണ് എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമള. ശ്യാമളക്കെതിരെ യുഡിഎഫ് സ്വതന്ത്രനായി ടി.കെ. ഗോവിന്ദനാണ് മത്സരിക്കുന്നത്. എം.വി. ഗോവിന്ദനും ശ്യാമളയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ച് പാർട്ടി വിട്ടയാളാണ് മലപ്പട്ടം സ്വദേശിയായ ടി.കെ. ഗോവിന്ദൻ. സി.പി.എമ്മിന്റെ കോട്ടയായി അറിയപ്പെടുന്ന മലപ്പട്ടം സ്വദേശിയാണ് അദ്ദേഹം. പയ്യന്നൂരിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയ മുൻ ജില്ലാകമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടി.കെ. ഗോവിന്ദനും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.