- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയ്ക്കും സിപിഎമ്മിനും അഗ്നിപരീക്ഷ; അന്‍വറിന് നിലനില്‍പ്പിനായുള്ള അങ്കം; കോണ്‍ഗ്രസിന് ജയിച്ചേ തീരൂ; ബിജെപിക്കും ആര് എസിയ്ക്കും കരുത്ത് തെളിയിക്കാന്‍ സുവര്‍ണ്ണാവസരം; കാലവര്‍ഷ കോളിനിടെ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്; ജൂണ്‍ 19ന് വോട്ടെടുപ്പ്; 23ന് വിജയിയെ അറിയാം; കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്
മലപ്പുറം: കേരളം വീണ്ടും ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്. ഉടന്‍ മുന്നണികള്‍ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടി വരും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കേരള രാഷ്ട്രീയത്തില്‍ മുന്‍തൂക്കം ഉറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് പാര്‍ട്ടികള്‍ക്ക്. സിപിഎമ്മും കോണ്‍ഗ്രസും ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്നതാണ് നിര്‍ണ്ണായകം.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അന്‍വര്‍ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്‍വറിന്റെ കത്ത്. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല നേരത്തെ എ പി അനില്‍കുമാറിന് നല്‍കിയിരുന്നു. നിലമ്പൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതല എം സ്വരാജിനാണ് നല്‍കിയിട്ടുള്ളത്. കുറച്ചു മാസങ്ങളെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. ഇതിനെ അപ്രസക്തമാക്കിയാണ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അന്‍വറിനോട് സഹകരിക്കാന്‍ നേരത്തെ യുഡിഎഫ് തീരുമാനിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് പിണറായി വിജയനെ വിമര്‍ശിച്ച് പുറത്ത് പോയ പിവി അന്‍വറിനും സിപിഎമ്മിനും ഒപ്പം യുഡിഎഫിനും നിര്‍ണായകമായാണ് വിലയിരുത്തുന്നത്. ബിജെപിക്കും ഈ തിരഞ്ഞെടുപ്പില്‍ വോട്ടുയര്‍ത്തേണ്ടതുണ്ട്. ബിജെപിയെ രാജീവ് ചന്ദ്രശേഖര്‍ നയിക്കാന്‍ എത്തിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണ്. കെപിസിസിയുടെ തലപ്പത്തും മാറ്റം വന്നു. സണ്ണി ജോസഫ് എന്ന കെപിസിസി പ്രസിഡന്റിന് നിലമ്പൂരിലെ ജയം അനിവാര്യതയാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമാണ് നിര്‍ണ്ണായകം. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ് നിലമ്പൂര്‍. അതുകൊണ്ട് തന്നെ നിലമ്പൂരിലെ തോല്‍വി സിപിഎം ആഗ്രഹിക്കുന്നില്ല.