- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു-കശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പില്ല
ന്യൂഡൽഹി: ജമ്മു-കശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചില്ല. നിലവിൽ രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു-കശ്മീരിൽ ആറ് വർഷമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. സെപ്റ്റംബർ 30 ഓടെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
ജമ്മു-കശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചുഘട്ടങ്ങളിലായാണ് നടക്കുക. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ്13, മെയ് 20-ഇതാണ് തീയതികൾ. ജമ്മു-കശ്മീരിന് അഞ്ച് ലോക്‌സഭാ സീറ്റുകളും, ലഡാക്കിന് ഒരു സീറ്റും ഉണ്ട്. 2019 ലെ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസും, ബിജെപിയും ഈ സീറ്റുകൾ തുല്യനിലയിൽ പങ്കെട്ടു. നാഷണൽ കോൺഫറൻസ് ബാരാമുള്ള, അനന്ത്‌നാഗ്, ശ്രീനഗർ സീറ്റുകളിൽ ജയിച്ചപ്പോൾ ബിജെപി ലഡാക്, ഉധംപൂർ, ജമ്മു സീറ്റുകൾ നേടി. 87 ലക്ഷത്തോളം വോട്ടർമാരുള്ള ജമ്മു-കശ്മീരിൽ 3.4 ലക്ഷം കന്നി വോട്ടർമാരാണ്. 11,629 പോളിങ് സ്‌റ്റേഷനുകൾ സജ്ജീകരിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തണമെന്നാണ് രാഷ്ട്രീയ കക്ഷികളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ ജമ്മു-കശ്മീരിൽ അതിന് തുടക്കമിടണമെന്നാണ് ചില രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടത്. 2018 ജൂണിൽ പിഡിപി-ബിജെപി മുന്നണി സർക്കാർ താഴെവീണ ശേഷം ജമ്മു-കശ്മീരിൽ തിരഞ്ഞെടുപ്പെട്ട സർക്കാരില്ല.
എന്നാൽ, സംസ്ഥാനത്ത് രണ്ടുതിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുക വലിയ വെല്ലുവിളി ആയിരിക്കുമെന്നാണ് ഭരണകൂടവും, സുരക്ഷാ സ്ഥാപനങ്ങളും വിലയിരുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ വേണ്ടി മാത്രം 635 കമ്പനി സുരക്ഷാ സൈനികരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്. സംസ്ഥാന തിരഞ്ഞെടുപ്പ് കൂടി നടത്തണമെങ്കിൽ, ഇതുകൂടാതെ അധികമായി 750 കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെ കൂടി വിന്യസിക്കേണ്ടി വരുമെന്നാണ് കണക്കാക്കിയത്. രാജ്യമൊട്ടാകെ സുരക്ഷാക്രമീകരണത്തിന് സൈനികരെ ആവശ്യം ഉള്ളതുകൊണ്ട് ജമ്മു-കശ്മീരിൽ അധിക കമ്പനിയെ നിയോഗിക്കാൻ സാധിക്കാതെ വന്നു. അതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് പിന്നീട് നടത്താൻ തീരുമാനിച്ചത്.