- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമതയുടെ സന്ദേശം ആർക്കുള്ളത്?
കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യ സഖ്യത്തെ തള്ളിപ്പറയുകയും, ഇടതുമുന്നണിയുമായോ, കോൺഗ്രസുമായോ സീറ്റ് പങ്കിടാൻ തയ്യാറാവുകയോ ചെയ്യാത്ത തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി പൊടുന്നനെ നിലപാട് മാറ്റിയത് എന്തുകൊണ്ട്? കേന്ദ്രത്തിൽ ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ, തന്റെ പാർട്ടി പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് ബുധനാഴ്ച മമത പറഞ്ഞിരുന്നു.
നാലുഘട്ടങ്ങളിലെ കുറഞ്ഞ പോളിങ് ശതമാനം കണക്കിലെടുത്താണ് ബിജെപി ഭൂരിപക്ഷം നേടില്ലെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് മമത നിലപാടിൽ ഇളവ് വരുത്തിയത്. ' ഞങ്ങൾ ഇന്ത്യ സഖ്യത്തിന് നേതൃത്വം നൽകും, എല്ലാത്തരത്തിലും സഹായിക്കും, പുറത്തുനിന്ന്. ബംഗാളിലെ നമ്മുടെ അമ്മമമാരും, സഹോദരിമാരും 100 ദിന തൊഴിൽ പദ്ധതിയിൽ പണിയെടുക്കുന്നവരും പ്രശ്‌നങ്ങൾ നേരിടാതിരിക്കാൻ കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാൻ ഇന്ത്യ സഖ്യത്തെ സഹായിക്കും', മമത ഹൂഗ്ലിയിലെ ചിൻസുരയിൽ പറഞ്ഞു.
എന്നാൽ, ചില ഉപാധികളോടെയാണ് മമതയുടെ പിന്തുണ എന്നത് ശ്രദ്ധേയമാണ്. ബംഗാൾ സിപിഎമ്മിലെയോ, ബംഗാൾ കോൺഗ്രസിലെയോ നേതാക്കളെ ഇന്ത്യ സഖ്യം ഉൾപ്പെടുത്തരുത്. കാരണം അവർ ബിജെപിയെ സഹായിക്കുന്നവരാണ്. ഡൽഹിയെ കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും മമത വ്യക്തമാക്കിയിരുന്നു.
പ്രചാരണത്തിന്റെ മധ്യഘട്ടത്തിൽ വളരെ പ്രസക്തമായ രാഷ്ട്രീയ നീക്കമാണ് മ്മതയുടേത്. നേരത്തെ ബംഗാളിൽ മൂന്നുപാർട്ടികൾക്കെതിരെയും കടന്നാക്രമണമായിരുന്നു.
എന്തിന് പുറമേ നിന്ന് പിന്തുണ?
ഇന്ത്യ സഖ്യത്തിന് പുറമേ നിന്ന് പിന്തുണ നൽകുമെന്ന പ്രഖ്യാപനം 2026ലെ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ കണ്ണുവച്ചുകൊണ്ട് ഉള്ളതാണെന്ന് പാർട്ടിയിലെ വിശ്വസ്തർ പറയുന്നു. ' ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് തൃണമൂലെങ്കിലും, തങ്ങൾ കുറച്ച് അകലം പാലിക്കുമെന്ന സന്ദേശമാണ് മമത നൽകുന്നത്. അതേസമയം, ഇന്ത്യ സഖ്യത്തെ എതിർക്കുന്നുവെന്ന പ്രതീതി വരാതിരിക്കാൻ നോക്കുകയും ചെയ്യുന്നു. കാരണം, അത് മമതയുടെ ബിജെപി വിരുദ്ധ നിലപാടിൽ വെള്ളം ചേർക്കുന്നതായിരിക്കും. കേന്ദ്രത്തിൽ, സ്ഥിരതയുള്ള സർക്കാരാണ് വേണ്ടതെന്നും മമത ദുർബല സർക്കാരിനെയാണ് കാംക്ഷിക്കുന്നതെന്നും ബിജെപി ആരോപിച്ചിരുന്നു. ഇന്ത്യ സഖ്യത്തിന് തൃണമൂൽ പിന്തുണ നൽകുന്നതോടെ, പ്രതിപക്ഷ സഖ്യം ബിജെപി ആരോപിക്കും പോലെ ദുർബലമല്ല എന്ന സന്ദേശമാണ് നൽകുന്നത്.
തന്റെ പാർട്ടി ഇപ്പോഴും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് ഹാൽദിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും മമത വ്യക്തമാക്കി.
'ബിജെപിയുടെ പണം വാങ്ങി വോട്ട് ഭിന്നിപ്പിക്കാൻ കോൺഗ്രസും സിപിഎമ്മും നടത്തുന്ന ശ്രമങ്ങൾ ചെറുക്കപ്പെടേണ്ടതുണ്ട്. ഇവിടെ അവർക്ക് വോട്ട് ചെയ്യരുത്. ബംഗാളിൽ സഖ്യമില്ലെന്ന് ഞാൻ നേരത്തേ വ്യക്തമാക്കിയതാണ്. എന്നാൽ ഡൽഹിയിൽ ഞങ്ങൾ സഖ്യത്തിലാണ്. അത് അങ്ങനെ തന്നെ തുടരും. ഞാനാണ് ഇന്ത്യ സഖ്യം സ്ഥാപിച്ചത്. അതിനാൽ തന്നെ സഖ്യത്തെ പിന്തുണയ്ക്കും.' -മമത ബാനർജി പറഞ്ഞു.
ഇന്ത്യ മുന്നണിയെ പുറത്തുനിന്ന് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിച്ചാൽ അവർ ബിജെപിക്കൊപ്പം പോകാനാണ് സാധ്യതയെന്ന് ചൗധരി പരിഹസിച്ചു.
മമതയെ വിശ്വാസമില്ല. പശ്ചിമ ബംഗാളിലെ കോൺഗ്രസുമായുള്ള സഖ്യം തകർത്തത് അവരാണെന്നും ചൗധരി പറഞ്ഞു.'എനിക്ക് അവരെ വിശ്വാസമില്ല. സഖ്യം ഉപേക്ഷിച്ച് അവർ ഓടിപ്പോയി. ബിജെപിക്ക് അനുകൂലമായി ഫലം വന്നാൽ അവർ അവരുടെ കൂടെ പോകാൻ സാധ്യതയുണ്ട്."-ചൗധരി പറഞ്ഞു.
പുറത്തുനിന്ന് പിന്തുണക്കുന്നു എന്നാൽ, ഇന്ത്യ സഖ്യം വിജയിച്ച് സർക്കാർ രൂപീകരിക്കുന്ന സാഹചര്യം വന്നാൽ ആ സർക്കാരിൽ ചേരാതെ, സഖ്യകക്ഷികളായി തുടരുമെന്നാണ് മമത വിശദീകരിച്ചത്. ബില്ലുകൾ വരുമ്പോൾ ഇന്ത്യ സഖ്യത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
ഇന്ത്യ സഖ്യം രൂപീകരിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത് താനാണ്. സഖ്യത്തിന് പേര് നൽകിയതും താനാണ്. പക്ഷേ, പശ്ചിമബംഗാളിൽ സിപിഎമ്മും കോൺഗ്രസും ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മമത ബാനർജി കുറ്റപ്പെടുത്തി. എണ്ണാൻ പോലും ആളില്ലാത്ത രീതിയിലേക്ക് ബംഗാളിൽ സിപിഎമ്മും കോൺഗ്രസും എത്തി. ഇവിടെ അവർ ഞങ്ങൾക്കൊപ്പമല്ല. ബിജെപിക്കൊപ്പം നിന്നാണ് ഇരു പാർട്ടികളും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മമത ബാനർജി പറഞ്ഞു.