- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിദ്ഘോഷിച്ച പി വി അന്‍വറിന്റെ സ്ഥാനാര്‍ഥി വെറും ശൂ..! ചേലക്കരയില്‍ ഡി.എം.കെക്ക് വെറും 3920 വോട്ട്; എസ്.ഡി.പി.ഐ പിന്തുണ ഉണ്ടായിട്ടും തുച്ഛമായ വോട്ടുകള്‍; അന്‍വര്‍ അവകാശപ്പെട്ടിരുന്നത് 20,000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടുമെന്ന്; കേരള രാഷ്ട്രീയത്തിലെ വാ പോയ കോടാലിയായി അന്‍വര്‍
കൊട്ടിദ്ഘോഷിച്ച പി വി അന്‍വറിന്റെ സ്ഥാനാര്‍ഥി വെറും ശൂ..!
തൃശൂര്‍: പിണറായിസത്തിനെതിരെ പോരാടുകയാണെന്ന് പ്രഖ്യാപിച്ച് ഡി.എം.കെക്ക് രൂപം നല്കി ചേലക്കരയില്‍ മത്സരത്തിനിറങ്ങിയ പി.വി അന്‍വറിന് കനത്ത തിരിച്ചടി. കെ.പി.സി.സി സെക്രട്ടറി എന്‍.കെ സുധീറിനെ അടര്‍ത്തിയെടുത്ത് മത്സരിപ്പിച്ച അന്‍വര്‍ 20,000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടുമെന്നാണ് പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍, യാതൊരു ചലനവും ഉണ്ടാക്കാന്‍ അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ലഭിച്ചില്ല. ഇവിടെ എസ്ഡിപിഐ പിന്തുണയും അന്‍വറിന്റെ പാര്‍ട്ടിക്കായിരുന്നു. എന്നിട്ടും ഡി.എം.കെക്ക് വെറും 3920 വോട്ടു മാത്രമാണ് ലഭിച്ചത്.
1000 വീട്, വിവാഹധനസഹായം, ചികിത്സാസഹായം, ചെറുപ്പക്കാര്‍ക്ക് കളിക്കാന്‍ ഗ്രൗണ്ടടക്കം മോഹന വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു അന്‍വര്‍ ചേലക്കരയില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയത്. മണ്ഡലത്തിലുടനീളം പ്രചരണ വാഹനങ്ങളും ഓടിയിരുന്നു. കേരളത്തില്‍ രാഷ്ട്രീയ നെക്സസാണെന്നും പിണറായിസത്തിനെതിരായുള്ള പോരാട്ടമാണ് തന്റേതാണെന്നുമാണ് അന്‍വര്‍ പ്രഖ്യാപിച്ചിരുന്നത്.
മുമ്പ് ആലത്തൂരില്‍ മത്സരിച്ചിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എന്‍.കെ സുധീറിനെ കിട്ടിയിട്ടും 5000 വോട്ടുപോലും സ്വന്തമാക്കാന്‍ കഴിയാത്തതാണ് അന്‍വറിനെ പ്രതിസന്ധിയിലാക്കുന്നത്
ചേലക്കരയില്‍ പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അന്‍വറിനെ വാ പോയ കോടാലിയെന്നാണ് വിശേഷിപ്പിച്ചത്. ഇതിന് മറുപടിയായി മുഖ്യമന്ത്രിയെ തലപോയ തെങ്ങിനോടാണ് അന്‍വര്‍ ഉപമിച്ചത്. മാധ്യമപ്രവര്‍ത്തകരെ മാപ്രകളെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്ന അന്‍വര്‍ മാധ്യമങ്ങളുടെ പിന്തുണയോടെ നടത്തിയ വാര്‍ത്താസമ്മേളനങ്ങളിലൂടെയാണ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നത്. പിണറായിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ചെങ്കിലും യു.ഡി.എഫ് പിന്തുണ അന്‍വറിന് ലഭിച്ചിരുന്നില്ല.
കോണ്‍ഗ്രസിലായിരുന്നപ്പോള്‍ കെ. സുധാകരന്റെ നാലാം ഗ്രൂപ്പിലായിരുന്നു അന്‍വര്‍. പഴയ ഗ്രൂപ്പ് ബന്ധം വെച്ച് അന്‍വറിനെ യു.ഡി.എഫിലെടുക്കണമെന്ന ആവശ്യം കെ. സുധാകരനാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും അടക്കമുള്ളവര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. രാഹുലിന്റെ ഡി.എന്‍.എ പരിശോധിക്കണമെന്ന അന്‍വറിന്റെ വിവാദ പ്രസ്താവനകളടക്കമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിന് പിന്നില്‍. പിന്നീട് രാഹുല്‍ഗാന്ധിയെ പുകഴ്ത്തി അന്‍വര്‍ രംഗത്തെത്തി.
കോണ്‍ഗ്രസുമായി ചര്‍ച്ചക്കിടെ ചേലക്കരയില്‍ രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് പിന്‍വലിക്കണമെന്ന ആവശ്യം അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തമാശ പറയരുതെന്ന് പറഞ്ഞ് അ അന്‍വറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്തെത്തി. പാലക്കാട്ടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് അന്‍വര്‍ പ്രചരണം നടത്തി.
പാലക്കാട്ട് അന്‍വറിന്റെ ഡി.എം.കെ നടത്തിയ റാലിയില്‍ സിനിമാ ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകളെ ഏജന്റുമാര്‍ കൂട്ടത്തോടെ എത്തിച്ചതും വാര്‍ത്തയായിരുന്നു. പാലക്കാട്ട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയും ചേലക്കരയില്‍ എന്‍.കെ സുധീറിനെ മത്സരിപ്പിച്ചും രാഷ്ട്രീയ തന്ത്രമായിരുന്നു അന്‍വര്‍ പയറ്റിയത്.
യു.ഡി.എഫ് പ്രവേശനത്തിനുള്ള വാതില്‍തുറക്കാനുള്ള അടവുനയമായിരുന്നു ഇത്. ചേലക്കരയില്‍ സുധീര്‍ 10,000 വോട്ടെങ്കിലും പിടിക്കുകയും രമ്യ ഹരിദാസ് 10,000 വോട്ടിന് തോല്‍ക്കുകയും ചെയ്താല്‍ അന്‍വര്‍ താരമാവുകയും യു.ഡി.എഫ് പ്രവേശനം ഉറപ്പാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ സുധീറിന് 4000 വോട്ടുപോലും ലഭിക്കാതിരിക്കുകയും രമ്യ ഹരിദാസ് 12021 വോട്ടിന് പരാജയപ്പെടുകയും ചെയ്തതോടെയാണ് അന്‍വറിന്റെ രാഷ്ട്രീയ സാധ്യതകള്‍ക്ക് തിരിച്ചടിയായത്.
ഇനി പി.വി അന്‍വറിന്റെ വാക്കുകള്‍ക്ക് മാധ്യമങ്ങള്‍ വലിയ വില നല്‍കാനിടയില്ല. യു.ഡി.എഫിനാകട്ടെ അന്‍വറിന്റെ ആവശ്യമില്ലെന്ന വി.ഡി സതീശന്റെ നിലപാടിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്യും. അന്‍വര്‍ യു.ഡി.എഫില്‍ വേണ്ടെന്ന നിലപാടാണ് മുസ്ലീം ലീഗും പി.കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ളത്. 2019തില്‍ പൊന്നാനിയില്‍ പി.വി അന്‍വര്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചിട്ടും ഇ.ടി മുഹമ്മദ്ബഷീര്‍ രണ്ട് ലക്ഷത്തോളം വോട്ടുകള്‍ക്കാണ് വിജയിച്ചത്. മലബാറില്‍ ലീഗിന് ജയിക്കാന്‍ അന്‍വറിന്റെ സഹായം ആവശ്യമില്ലെന്നാണ് ലീഗ് നിലപാട്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കേരള ഘടകമെന്ന പ്രതീക്ഷയോടെ തുടങ്ങിയ ഡി.എം.കെയുമായി ഒരു ബന്ധവുമില്ലെന്ന് ഡി.എം.കെ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതോടെ രാഷ്ട്രീയ പാര്‍ട്ടിയല്ല സാമൂഹിക സംഘടനയാണെന്ന വാദമാണ് അന്‍വര്‍ ഉയര്‍ത്തിയത്. ഡി.എം.കെയുടെ കൊടിയും ചുവപ്പും കറുപ്പും ഷാളുമാണ് ഉപയോഗിച്ചത്. ഡി.എം.കെയെ കേരളത്തില്‍ യു.ഡി.എഫ് ഘടകകക്ഷിയാക്കാനുള്ള പി.വി അന്‍വറിന്റെ രാഷ്ട്രീയ നീക്കം കൂടിയാണ് ചേലക്കരയില്‍ നാലായിരം വോട്ടുപോലും നേടാനാകാത്ത നാണംകെട്ട പരാജയത്തിലൂടെ പൊലിഞ്ഞത്.
ചേലക്കരയില്‍ അന്‍വര്‍ പിടിക്കുക സി.പി.എം വോട്ടാകുമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍ ചേലക്കരയില്‍ സി.പി.എം 12021 വോട്ടിന് വിജയിച്ചതോടെ പാര്‍ട്ടി വോട്ടുകള്‍ പിടിക്കാന്‍ അന്‍വറിന് കഴിയില്ലെന്ന യാഥാര്‍ത്ഥ്യം യു.ഡി.എഫ് നേതൃത്വവും മനസിലാക്കുകയാണ്. ഇത് അന്‍വറിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.
അതേസമയം ചേലക്കരയെന്ന കമ്യൂണിസ്റ്റ് കോട്ടയില്‍ നിന്ന് 3920 വോട്ടുകള്‍ പിടിച്ചെടുക്കാന്‍ സാധിച്ചെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്. സര്‍ക്കാരിന്റെ പല പ്രവര്‍ത്തികളും ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ പറഞ്ഞ കാര്യങ്ങള്‍ ശരി വയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് മൂന്ന് ഇടങ്ങളിലും പ്രതിഫലിച്ചത്. ചേലക്കരയിലെ വോട്ടര്‍മാര്‍ക്ക് ഡിഎംകെയുടെ എല്ലാവിധ നന്ദിയും രേഖപ്പെടുത്തുകയാണ്. കേരളത്തിലെ രാഷ്ട്രീയം ഇപ്പോള്‍ പരിശോധിച്ചാല്‍ 140 മണ്ഡലങ്ങളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചാല്‍ 3920 വോട്ട് പിടിക്കാന്‍ പ്രാപ്തിയുള്ള എത്ര പാര്‍ട്ടികളുണ്ടെന്ന് ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ആലോചിക്കേണ്ടതുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞാല്‍ ഈ പറഞ്ഞ വോട്ട് പിടിക്കാന്‍ ശേഷിയുള്ള എത്ര പാര്‍ട്ടികളുണ്ട്'- അന്‍വര്‍ ചോദിച്ചു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ