പാലക്കാട്: പി സരിന്റെ രാഷ്ട്രീയ മാറ്റത്തില്‍ തുടക്കം. സന്ദീപ് വാര്യരെ കോണ്‍ഗ്രസുകാരനാക്കിയ പാലക്കാട്. സികെപിയെ ചുറ്റി പറ്റിയുള്ള അഭ്യൂഹങ്ങള്‍. ഒട്ടേറെ രാഷ്ട്രീയ 'ട്വിസ്റ്റുകള്‍'ക്കൊടുവില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് ഇന്നു സമാപിക്കും. ഇനിയും 'ഞെട്ടിക്കലുകള്‍' രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നുണ്ട്. ചേലക്കരയ്ക്ക് സമാനമായി പാലക്കാടും പ്രചരണം തീര്‍ന്ന ശേഷം ഉണ്ടായില്ലാ വെടിയുമായി പിവി അന്‍വര്‍ എത്തിയക്കും. നാളെ അന്‍വര്‍ വാര്‍ത്താ സമ്മേളനം വിളിക്കുമോ എന്ന ആകാംഷ എല്ലായിടത്തുമുണ്ട്. ചേലക്കരയിലെ നാടകം ഇലക്ഷന്‍ കമ്മീഷന്‍ തന്ത്രപരമായി പൊളിച്ചിരുന്നു. പാലക്കാട് അന്‍വറിന്റെ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയില്ല. അതുകൊണ്ട് മണ്ടാതിരിക്കുമെന്ന് കരുതുന്നവരുമുണ്ട്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിനുമൊപ്പമാണ് പലാക്കാടും തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കല്‍പ്പാത്തി രഥോല്‍സവം കാരണം അത് നീട്ടി. വയനാട് പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതുകൊണ്ട് തന്നെ എല്ലാ ശ്രദ്ധയും അവിടെയാകുമെന്ന് കരുതിയവരുണ്ട്. എന്നാല്‍ എല്ലാം തെറ്റിച്ച് പാലക്കാടായി ശ്രദ്ധാകേന്ദ്രം. നേതാക്കളുടെ മുന്നണിമാറ്റവും കള്ളപ്പണ ആരോപണവും വ്യാജ വോട്ടും ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ ചര്‍ച്ചയായപ്പോള്‍ കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന മണ്ഡലമായി പാലക്കാട് മാറി. ദേശീയ, സംസ്ഥാന നേതാക്കളും യുവജന, വിദ്യാര്‍ഥി സംഘടനാ നേതാക്കളുമെല്ലാം ദിവസങ്ങളോളം പാലക്കാട് ക്യാംപ് ചെയ്തു പ്രചാരണത്തിനു നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം 23നു തന്നെ ജനവിധി അറിയാം. ഇത് കേരള രാഷ്ട്രീയത്തിന്റെ ഗതിയേയും നിര്‍ണ്ണയിക്കും.

നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ മുപ്പത്തിയഞ്ചുനാള്‍ നീണ്ട പ്രചാരണം തിങ്കളാഴ്ച സമാപിക്കും. കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണു മുന്നണികള്‍. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിനു പാലക്കാട്ട് എത്തിയിട്ടുണ്ട്. ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്സഭാ മണ്ഡലത്തിലും 13-ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. കല്പാത്തി രഥോത്സവം കണക്കിലെടുത്താണ് പാലക്കാട്ടെ വോട്ടെടുപ്പ് 20ലേക്ക് മാറ്റിയത്.

പാലക്കാട് നിയമസഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ നിയമസഭാ ഉപതിരഞ്ഞെടുപ്പാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എ.െഎ.സി.സി.സെക്രട്ടറി കെ.സി. വേണുഗോപാല്‍, ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് മുന്നണികളും പ്രചാരണം കൊഴുപ്പിച്ചു. ശക്തമായ ത്രികോണമത്സരം നടക്കുന്നുവെന്നതിന്റെ തെളിവായിരുന്നു പ്രചാരണകാലത്ത് പാലക്കാട്ടുനിന്നുയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങളും രാഷ്ട്രീയ നീക്കങ്ങളും. കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെ മുറിയില്‍ പോലീസ് രാത്രിയില്‍ ഇരച്ചു കയറിയതും അത്തരത്തിലെ റെയ്ഡിനെ ഷാനിമോള്‍ ഉസ്മാന്‍ പ്രതിരോധിച്ചതും പാലക്കാട്ടെ വേറിട്ട കാഴ്ചയായി.

യു.ഡി.എഫ്.സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍.ഡി.എ.സ്ഥാനാര്‍ഥിയായി സി. കൃഷ്ണകുമാര്‍, എല്‍.ഡി.എഫ്. സ്വതന്ത്രനായി ഡോ. പി. സരിന്‍ എന്നിവരാണ് മാറ്റുരയ്ക്കുന്നത്. മറ്റ് രണ്ട് രാഹുല്‍മാരുള്‍പ്പെടെ ഏഴ് സ്ഥാനാര്‍ഥികള്‍ വേറെയുമുണ്ട് മത്സരരംഗത്ത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും. ഡോ.പി.സരിന്റെ റോഡ്‌ഷോ വൈകീട്ട് നാലിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനില്‍ നിന്നുമാണ് തുടങ്ങുക.

പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് മുതല്‍ സന്ദീപ് വാര്യറുടെ കോണ്‍ഗ്രസ് പ്രവേശം വരെ ഒട്ടേറെ ട്വിസ്റ്റുകള്‍ക്കാണ് ഈ കാലയളവില്‍ പാലക്കാട് സാക്ഷിയായത്. ഇരട്ട വോട്ടില്‍ സിപിഎമ്മും ആരോപണം ഉന്നയിക്കുന്നു. 2700 ഓളം ഇരട്ട വോട്ടുകള്‍ പാലക്കാട് ഉണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസന്‍ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രതിഷേധം.

കുറ്റക്കാര്‍ക്കെതിരെ നടപടിയും ഇടതുമുന്നണി ആവശ്യപ്പെടുന്നു. എന്നാല്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരിന്‍ വ്യാജരേഖ ഹാജരാക്കിയാണ് വോട്ട് ചേര്‍ത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2017 ല്‍ പാലക്കാട് മണ്ഡലത്തില്‍ വാങ്ങിയ സ്വന്തം വീടെന്ന് കാട്ടിയാണ് സരിന്റെ പ്രതിരോധം.