പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പാണ് പാലക്കാട്ടേത്. വോട്ടെടുപ്പിനുശേഷം രാത്രിയോടെ തന്നെ കോളേജിലെ ന്യൂ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും. 23നാണ് വോട്ടെണ്ണല്‍.

ഷാഫി പറമ്പില്‍ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മികവ് കാട്ടിയേ മതിയാകൂ. മെട്രോമാന്‍ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിലേക്ക് സന്ദീപ് വാര്യര്‍ മാറിയത് ബിജെപി ക്യാമ്പിനെ അങ്കലപ്പിലുണ്ടാക്കിയിട്ടുണ്ട്.

സ്ഥാനാര്‍ഥിപ്രഖ്യാപനം മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ നിശ്ശബ്ദപ്രചാരണദിവസമായ ചൊവ്വാഴ്ചയും തുടര്‍ന്നു. ഒരു ദിവസംപോലും ഇടവേളയില്ലാതെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. സന്ദീപ് വാര്യരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട ഇടതുപരസ്യമാണ് ഇതിന് കാരണം. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിപ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി ഡോ. പി. സരിന്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സരിന്‍ പിന്നീട് എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥിയായി. ട്രോളി വിവാദം, പാതിരാറെയ്ഡ് നാടകം, ഇരട്ടവോട്ട് എന്നിവയെല്ലാം പാലക്കാട്ടെ ഇളക്കിമറിച്ചു. ഇതിനൊപ്പമാണ് പരസ്യത്തിലെ വിവാദം.

ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക പരിഗണ നല്‍കിയാണ് തെരഞ്ഞെടുപ്പ് നടത്തിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനായി 184 ബൂത്തുകളും താഴത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, ചലന വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കുന്നതിനായി സഹായികള്‍, കുടിവെള്ളം, വോട്ടിങ് മെഷീനില്‍ ബ്രെയിന്‍ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വരി നില്‍ക്കേണ്ട ആവശ്യമില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഇവര്‍ക്ക് വാഹന സൗകര്യം ലഭിക്കും. സക്ഷം ആപ്പിലൂടെ വീല്‍ ചെയറും മറ്റു സൗകര്യങ്ങളും ഭിന്ന ശേഷിക്കാര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. വെണ്ണക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാര്‍ മാത്രമുള്ള പോളിംഗ് ബൂത്തായി സജ്ജീകരിച്ചിട്ടുണ്ട്.

എ.എല്‍.പി. സ്‌കൂള്‍ മാത്തൂറിലാണ് ഏറ്റവും കൂടുതലായ 145 ഭിന്നശേഷി വോട്ടര്‍മാരുള്ളത്. ഇവിടെ ചലന വൈകല്യമുള്ള 77 പേരും, കാഴ്ച പരിമിതിയുള്ള 5 പേരുമാണ് ഉള്ളത്. മണപ്പുള്ളിക്കാവ് ട്രൂ ലൈന്‍ പബ്ലിക് സ്‌കൂളിലാണ് കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ കൂടുതലുള്ളത്. ലോക്സഭാതിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പി.യും മണ്ഡലത്തില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ത്തിരുന്നു. ഇത് ഒടുവില്‍ ഇരട്ടവോട്ട് വിവാദത്തിലേക്കുമെത്തി. കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് ശതമാനം ഉയര്‍ത്താനാണ് എല്ലാ കക്ഷികളുടേയും ശ്രമം.

കുളം കലക്കിയ പ്രചാരണതന്ത്രങ്ങളും വിവാദങ്ങളും പാലക്കാട്ടെ വോട്ടര്‍മാരെ എങ്ങനെ സ്വാധീനിച്ചുവെന്നറിയാന്‍ വോട്ടെണ്ണല്‍ നടക്കുന്ന 23 വരെ കാത്തിരിക്കേണ്ടിവരും.