- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെണ്ണക്കര ബൂത്തില്‍ കോണ്‍ഗ്രസ്- ബിജെപി വാക്കുതര്‍ക്കം; രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വോട്ടര്‍മാരോട് ഗുണ്ടായിസമാണ് അവരുടെ ഭാഷയെന്ന് രാഹുല്‍; പോളിംഗ് ശതമാനം 70ലേക്ക് നീങ്ങുന്നു; വോട്ടിംഗ് സമയം കഴിയുമ്പോള്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര
വെണ്ണക്കര ബൂത്തില്‍ കോണ്‍ഗ്രസ്- ബിജെപി വാക്കുതര്‍ക്കം;
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അവസാനിച്ചപ്പോല്‍ വോട്ടിംഗ് ശതമാനം 70ലേക്ക് നീങ്ങുന്നു. അവസാന നിമിഷം വോട്ടര്‍മാര്‍ കൂടുതലായി ബൂത്തിലേക്ക് എത്തിയതോടെ വോട്ടു ചെയ്യാനുള്ളവരുടെ നീണ്ടനിര തന്നെ ദൃശ്യമാണ്. ഇവര്‍ക്ക് കൂപ്പണ്‍ നല്‍കിയിരിക്കയാണ്. അതേസമയ അവസാന നിമിഷം ചില ബൂത്തുകളില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായി. വെണ്ണക്കര ഗവണ്‍മെന്റ് സ്‌കൂളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞു.
ബിജെപി പ്രവര്‍ത്തകരാണ് തടഞ്ഞത്. ബൂത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍. വെണ്ണക്കര ബൂത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തോല്‍ക്കാന്‍ പോകുന്നതിന്റെ പേടിയാണെന്ന് രാഹുല്‍ പ്രതികരിച്ചു. 'പോളിങ് സ്റ്റേഷനകത്തേക്ക് പോകാനാണ് സ്ഥാനാര്‍ഥികള്‍ക്ക് പാസ് നല്‍കുന്നത്. ഇവിടെ യുഡിഎഫിന് വലിയ ഭൂരിപക്ഷമുള്ള പ്രദേശമാണ്. വോട്ടര്‍മാര്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെയെത്തിയത്. ഞാന്‍ വരുന്നതിനു മുന്‍പ് ഇടതുപക്ഷ സ്ഥാനാര്‍ഥി ഇവിടെയെത്തി. അപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രശ്‌നമില്ല.'- രാഹുല്‍ പറഞ്ഞു.
'വോട്ടര്‍മാരോട് ഗുണ്ടായിസമാണ് അവരുടെ ഭാഷ. അതിനുള്ള മറുപടിയായിരിക്കും 23ാം തീയതി പുറത്തുവരിക'യെന്നും രാഹുല്‍ പ്രതികരിച്ചു. രാഹുല്‍ ബൂത്തിനകത്ത് കയറി വോട്ട് ചോദിച്ചെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ രാഹുല്‍ ഇത് നിഷേധിച്ചു. സ്ഥാനാര്‍ഥി മടങ്ങണമെന്ന് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
അതേസമയം പാലക്കാട്ടെ വോട്ടിംഗ് ശതമാനം എഴുപത് കടക്കുമെങ്കിലും അത് വലിയ തോതില്‍ ഉയരാന്‍ സാധ്യതയില്ല. ഒരു മാസത്തിലധികം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശേഷം പാലക്കാട് വിധിയെഴുതുമ്പോള്‍ തുടക്കത്തില്‍ മന്ദഗതിയിലായിരുന്നു വോട്ടെടുപ്പ്. ഉച്ചക്കു ശേഷമാണ് പോളിങ് ശതമാനം വര്‍ധിച്ചത്. വൈകുന്നേരം ആകുമ്പോള്‍ ചില ബൂത്തുകളില്‍ വോട്ടര്‍മാരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 67.53 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-66.42, പിരായിരി-67.55, മാത്തൂര്‍-64.63, കണ്ണാടി -65.33 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളില്‍ പോളിങ് ഉയരുമ്പോള്‍ നഗരങ്ങളില്‍ താരതമ്യേന കുറവാണ്. പോളിങ് ആരംഭിച്ചത് മുതല്‍ ഗ്രാമങ്ങളിലെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. പിരായിരി ജി.എല്‍.പി സ്‌കൂളില്‍ രണ്ട് തവണ വോട്ടിങ് മെഷീന്‍ തകരാറിലായി. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ ബൂത്തിലെത്തി പരിശോധന നടത്തി. വോട്ടിങ് മന്ദഗതിയിലായതിനാല്‍ അധികമായി ഒരു ഓഫീസറെ കൂടി നിയോഗിക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി ഒബ്‌സര്‍വറോട് ആവശ്യപ്പെട്ടു. മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.
നാല് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 100290 പേര്‍ സ്ത്രീകളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍, സി. കൃഷ്ണകുമാര്‍ അടക്കം 10 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അതേസമയം, വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീന്‍ യൂനീറ്റില്‍ തകരാര്‍ കണ്ടെത്തി. ട്രൂലൈന്‍ സ്‌കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാര്‍ കണ്ടെത്തിയത്. മെഷീന്റെ ബാറ്ററി മാറ്റാനായെന്നാണ് സൂചന നല്‍കിയത്.
ഇടത് സ്വതന്ത്രന്‍ പി. സരിനും ഭാര്യയും വോട്ട് ചെയ്യാന്‍ എത്തിയ ബൂത്തിലാണ് തകരാര്‍ കണ്ടെത്തിയത്. സാങ്കേതിക വിദഗ്ധര്‍ എത്തി മെഷീന്‍ പരിശോധിച്ച് തകരാര്‍ പരിഹരിച്ചു. 88-ാം ബൂത്തില്‍ വോട്ടര്‍മാരുടെ വലിയ നിര ദൃശ്യമായിരുന്നു. പാലക്കാട്ടെ പിരായിരിയില്‍ ഇരട്ട വോട്ടെന്ന് പരാതി ഉയര്‍ന്നു. വോട്ടര്‍ പോളിങ് ബൂത്തില്‍ എത്തിയപ്പോഴാണ് എല്‍.ഡി.എഫ് ഏജന്റ് പരാതി ഉന്നയിച്ചത്. പിരായിരി ജി.എല്‍.പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. പ്രിസൈഡിങ് ഓഫീസറുടെ നിര്‍ദേശ പ്രകാരം വോട്ടറുടെ ഫോട്ടോ എടുത്ത ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി. തുടര്‍ന്ന് വോട്ട് രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചു.