പാലക്കാട്: വാദ-വിവാദങ്ങള്‍ നിറഞ്ഞ ത്രില്ലര്‍ പോരാട്ടത്തിന് ഒടുവില്‍ പാലക്കാട്ടെ വോട്ടര്‍മാര്‍ വിധിയെഴുതിയിരിക്കുകയാണ്. ഫലമറിയാന്‍ രണ്ടുദിവസം കാത്തിരിക്കണം. പോളിംഗ് ശതമാനം 70 കടന്നെങ്കിലും പ്രതീക്ഷിച്ച പോലെ ഉയര്‍ന്നില്ല. 2021 ല്‍ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചത്. അതുകൊണ്ട് ഇക്കുറി ഫലം പ്രവചനാതീതം.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് അനുഭവപ്പെട്ടിരിക്കുന്നത്. പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളില്‍ വോട്ട് കുറഞ്ഞതും മുന്നണികള്‍ക്ക് ആശങ്കയായിട്ടുണ്ട്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

'പാലക്കാടിങ്ങനെ ചേര്‍ത്ത് നിര്‍ത്തും. നമ്മള്‍ ജയിക്കും'-യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റിട്ടു. പാലക്കാടിനെ തിരിച്ചുപിടിക്കാന്‍, ജനാധിപത്യം ജയിക്കാന്‍ വോട്ടുചെയ്ത എല്ലാവര്‍ക്കും എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ.പി സരിന്‍ നന്ദി രേഖപ്പെടുത്തി. എന്റെ പ്രിയപ്പെട്ട പാലക്കാട്ടുകാര്‍ക്ക് നന്ദിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും കുറിച്ചു.

അയ്യപുരം കല്‍പാത്തി ജിഎല്‍പി സ്‌കൂളിലെ 25-ാം നമ്പര്‍ ബൂത്തിലാണ്‌സി കൃഷ്ണകുമാര്‍ വോട്ട് രേഖപ്പെടുത്തിയത്. പി സരിനും മണ്ഡലത്തില്‍ വോട്ടുണ്ടായിരുന്നു. മണപ്പുള്ളിക്കാവ് ട്രൂ ലൈന്‍ പബ്ലിക് സ്‌കൂളിലാണ് സരിന്‍ വോട്ട് ചെയ്തത്. വെണ്ണക്കര ബൂത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ബൂത്തില്‍ കയറി വോട്ടുചോദിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് അല്‍പനേരം സംഘര്‍ഷത്തിന് ഇടയാക്കി.


പോളിങ്ങിലെ കണക്കുകൂട്ടലുകള്‍

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭ പരിധിയില്‍ 65 ശതമാനം പോളിംഗാണ് ഉണ്ടായിരുന്നത്. അന്നും ബിജെപിക്കായിരുന്നു നഗരസഭ പരിധിയില്‍ മേല്‍ക്കോയ്മ. ഇത്തവണ ഒറ്റയടിക്ക് 5 ശതമാനം പോളിംഗ് വര്‍ദ്ധന ഉണ്ടായത് ബിജെപി ക്യാമ്പിനെ ഉത്സാഹഭരിതരാക്കി. അതേസമയം, യുഡിഎഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണത്തെ 77 ശതമാനം പോളിംഗ് ഇക്കുറി 69.78 ശതമാനമായി കുറഞ്ഞു. കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംഗ്.

നഗരസഭ പരിധിയില്‍ വോട്ട് കൂടിയത് അനുകൂലമാകുമെന്നാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപിയില്‍ ഉണ്ടായ യോജിപ്പ് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ. പിരായിരിയിലടക്കം യുഡിഎഫ് വോട്ട് വലിയ തോതില്‍ ബിജെപിക്ക് കിട്ടി എന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2,500 നും 4,000 ഇടയില്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. നേരത്തെ അഞ്ചക്ക ഭൂരിപക്ഷം അവകാശപ്പെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ 4000 വോട്ടിന്‍െ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്ത് എത്താനാകുമെന്ന് എല്‍ഡിഎഫും പ്രതീക്ഷിക്കുന്നു.

വോട്ടുകച്ചവടമെന്ന് സിപിഎം

ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസിന് ബൂത്തിലിരിക്കാന്‍ പോലും ആളുണ്ടായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. ഇത് വോട്ട് കച്ചവടം നടന്നതിന്റെ തെളിവാണ്. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് കുബുദ്ധി ഉപയോഗിച്ചു, മണ്ഡലം പിടിച്ചെടുക്കാന്‍ ബിജെപി കുപ്രചാരണം നടത്തി. മണ്ഡലത്തില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിക്കും. ബിജെപി മൂന്നാം സ്ഥാനത്താകും. മണ്ഡലത്തില്‍ യുഡിഎഫ് മൂന്നാമതാകുമെന്ന കെ സുരേന്ദ്രന്റെ പോസ്റ്റ് പറയാതെ പറയുന്നത് റിസള്‍ട്ട് എല്‍ഡിഎഫിന് അനുകൂലമാകുമെന്നാണ്. സന്ദീപ് വാര്യര്‍ ശരീരം കൊണ്ട് മാത്രം കോണ്‍ഗ്രസില്‍ നില്‍ക്കുന്ന ആളാണെന്നും സുരേഷ് ബാബു വിമര്‍ശിച്ചു. സന്ദീപ് പറഞ്ഞതിനെ ഷാഫി ന്യായീകരിച്ചത് ഒരു നേതാവ് എത്ര തരംതാണു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബൂത്തില്‍ കുഴപ്പം ഉണ്ടാക്കി വാര്‍ത്ത ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാര്‍ത്ഥിക്കൊപ്പം ഒരു പട പറ്റില്ലെന്നാണ് തങ്ങള്‍ പറഞ്ഞത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിലവിളിക്കുകയായിരുന്നു. വിവാദമുണ്ടാക്കി നാല് വോട്ട് ഉണ്ടാക്കാനാണ് രാഹുല്‍ ശ്രമിച്ചത്. കുതന്ത്രങ്ങള്‍ യുഡിഎഫിന് തന്നെ വിനയായി. പാലക്കാട്ടെ ഫലം യുഡിഎഫിനും ബിജെപിക്കും ആഘാതമായരിക്കും. ഷാഫിക്ക് വടകരയ്ക്ക് വണ്ടി കയറാം. വിഡി സതീശന്‍ പറവൂരില്‍ തന്നെ കെട്ടിത്തിരിയേണ്ടി വരും. ഞങ്ങളുടെ വോട്ടര്‍മാരെ എല്ലാം ബൂത്തില്‍ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് പ്രക്ഷോഭം മൂലം വ്യാജ വോട്ടര്‍മാര്‍ അതേപടി പോളിംഗ് ബൂത്തില്‍ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വോട്ട് ചെയ്യാതിരുന്നത് കള്ളവോട്ടാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ്. തടയുമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. ഹരിദാസന് ഉളുപ്പുള്ളത് കൊണ്ടാണ് വോട്ട് ചെയ്യാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു