- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വടകരയില്‍ ചക്ക വീണ് മുയല്‍ ചത്തു എന്ന് കരുതി പാലക്കാട് ചക്ക ഇടാന്‍ ശ്രമിക്കരുത്!' വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പോലെ നീല പെട്ടിയും പാതിരാ റെയ്ഡും വിവാദ പത്രപരസ്യവും അടക്കമുള്ള നാടകങ്ങള്‍ സിപിഎം കളിച്ചതോടെ പാലക്കാടും യുഡിഎഫിന് കൊയ്ത്ത്; മന്ത്രി എം ബി രാജേഷിന്റെയും റഹീമിന്റെയും തന്ത്രങ്ങള്‍ ബൂമറാങ്ങായത് ഇങ്ങനെ
മന്ത്രി എം ബി രാജേഷിന്റെയും റഹീമിന്റെയും തന്ത്രങ്ങള്‍ ബൂമറാങ്ങായത് ഇങ്ങനെ
പാലക്കാട്: 'വടകരയില്‍ ചക്ക വീണ് മുയല്‍ ചത്തു എന്ന് കരുതി പാലക്കാട് വന്ന് ചക്ക ഇടാന്‍ ശ്രമിക്കരുതെന്നു'ള്ള മന്ത്രി എം ബി രാജേഷിന്റെ വാക്കുകള്‍ ഓര്‍ക്കുന്നുണ്ടാകും. സിറാജിലും സുപ്രഭാതത്തിലും 'ഈ വിഷ നാവിനെ ന്യായീകരിക്കുകയോ കഷ്ടം' എന്ന പേരിലുള്ള വിവാദ പത്രപരസ്യത്തെ കുറിച്ച് പ്രതികരിക്കവേയാണ് മന്ത്രി എം ബി രാജേഷ് ഇങ്ങനെ പറഞ്ഞത്. വടകരയിലെ കാഫിര്‍ വിവാദം പോലെ പത്രപരസ്യ വിവാദം പാലക്കാട് ഏശില്ലെന്ന രാജേഷിന്റെ ആത്മവിശ്വാസം തെറ്റിപ്പോയി എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തകര്‍പ്പന്‍ വിജയം സൂചിപ്പിക്കുന്നത്.
വോട്ടെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയുണ്ടായ പത്രപരസ്യ വിവാദം ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പിന്റെ സമയത്ത് പാലിക്കേണ്ട മിനിമം മര്യാദ സിപിഎമ്മിനെ പോലൊരു പാര്‍ട്ടി എന്തുകൊണ്ട് പാലിക്കുന്നില്ലെന്ന് വോട്ടര്‍മാര്‍ ചിന്തിച്ചുകാണാണം. രാഹുലിന്റെ ഭൂരിപക്ഷം പെരുകാന്‍ ആ പത്രപരസ്യവും സഹായിച്ചുവെന്ന് വിലയിരുത്തേണ്ടി വരും. ചുരുക്കി പറഞ്ഞാല്‍ ബുമറാങ്.
പത്രപരസ്യത്തിന് മുമ്പേയുണ്ടായ ബൂമറാങ്ങായിരുന്നു പാലക്കാട്ടെ ഹോട്ടല്‍ റെയ്ഡ് നാടകം. നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുപോയെന്ന്് ആരോപിച്ച് പൊലീസ് കോണ്‍്രസിലെ മഹിളാ നേതാക്കളുടെ അടക്കം ഹോട്ടല്‍ മുറികളില്‍ നടത്തിയ പാതിരാ റെയ്ഡ് ഉണ്ടാക്കിയ പുകില്‍ ചെറുതല്ല. നീലപ്പെട്ടി വിവാദത്തെ മുതിര്‍ന്ന നേതാവ് എന്‍ എന്‍ കൃഷ്്ണദാസ് തള്ളി പറഞ്ഞിട്ടും ജില്ലാ സെക്രട്ടറി ഇ എന്‍ സുരഷ് ബാബു അത് ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. പാലക്കാട് പൊലീസ് നടത്തിയ നാടകത്തിന് പിന്നില്‍ മന്ത്രി എംബി രാജേഷാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിക്കുകയും ചെയ്തു. എം.ബി രാജേഷും ഭാര്യാ സഹോദരനും ബിജെപി നേതാക്കളുമാണ് തിരക്കഥയ്ക്ക് പിന്നിലെന്നും രാജേഷ് മന്ത്രിസ്ഥാനം രാജിവെയക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടിരുന്നു ചരിത്രത്തില്‍ നടന്നിട്ടില്ലാത്ത ഗൂഢാലോചനയാണിതെന്നായിരുന്നു സതീശന്റെ പ്രതികരണം.
യുഡിഎഫിന് പാലക്കാട് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കി തന്നതില്‍ പാതിരാ നാടകത്തിനും സ്പിരിറ്റ് നാടകത്തിനും പത്രത്തിലെ പരസ്യനാടകത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പറഞ്ഞു. ഈ നാടകങ്ങളുടെയെല്ലാം സ്‌ക്രിപ്റ്റ് മന്ത്രി എം.ബി.രാജേഷും ബന്ധുവും ചേര്‍ന്ന് എഴുതിയതാണ്. പതിനയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് നല്‍കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. 18000 എന്ന ഭൂരിപക്ഷം ബിജെപിയുടെയും സിപിഎമ്മിന്റെയും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. അവരാണ് ഈ തിരഞ്ഞെടുപ്പില്‍ ദുഷ്പ്രചരണങ്ങള്‍ നടത്തിയത്. അതിനെല്ലാമുള്ള മറുപടിയാണ് പാലക്കാട്ടെ ഭൂരിപക്ഷമെന്നും വി ഡി സതീശന്‍ പറഞ്ഞു.
മന്ത്രി എം ബി രാജേഷും എ എ റഹീമും അടക്കമുള്ള നേതൃത്വം മെനഞ്ഞ തന്ത്രങ്ങളാണ് തിരഞ്ഞെടുപ്പില്‍ പാളിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് മാത്രമല്ല ഷാഫി പറമ്പിലിന് കൂടി തിരിച്ചടി നല്‍കുക എന്ന സിപിഎം തന്ത്രമാണ് ഫലം വന്നതോടെ പാളിയത്. കഴിഞ്ഞ രണ്ടു തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍ഡിഎഫിന് ഇത്തവണയും മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാനായില്ല. ഇത്തവണയും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2021ല്‍ 36433 വോട്ട് നേടിയ എല്‍.ഡി.എഫിന് ഇത്തവണ കിട്ടിയത് 37293 വോട്ടാണ്. 860 വോട്ട് കൂടൂതല്‍. എന്നാല്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ടില്‍ വര്‍ധനവുണ്ടാക്കാനും കഴിഞ്ഞു. 2021-ല്‍ ഷാഫി പറമ്പില്‍ 54079 വോട്ട് നേടിയപ്പോള്‍ രാഹുലിന് നേടാനായത് 58389 വോട്ട്. അതായത് 4310 അധിക വോട്ട്.
അതേസമയം, എന്‍.ഡി.എക്ക് വന്‍ നഷ്ടമുണ്ടാവുകയും ചെയ്തു. ഇത്തവണയും മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്താന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞെങ്കിലും 10671 വോട്ടാണ് 2021-ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞത്. അതായത്, ഇത്തവണ കൃഷ്ണകുമാറിന് നേടാനായത് 39549 വോട്ടുമാത്രം. കഴിഞ്ഞ തവണ ഇ.ശ്രീധരന്‍ നേടിയ 50,220 എന്ന വോട്ടില്‍ നിന്നാണ് എന്‍ഡിഎയുടെ വോട്ട് കുത്തനെ കുറഞ്ഞത്.
രണ്ടാം സ്ഥാനത്ത് എത്തുക എന്ന ലക്ഷ്യത്തോടെയാണ് എം ബി രാജേഷും ടീമും തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍, കഴിഞ്ഞ തവണത്തെ പോലെ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ നേടിയതിനെക്കാള്‍ വോട്ട് നേടാന്‍ പി സരിന് കഴിഞ്ഞു എന്നതാണ് സിപിഎമ്മിന് എടുത്തു പറയാവുന്ന നേട്ടം. 2021ല്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപിയെക്കാള്‍ 13,787 വോട്ടുകള്‍ക്ക് പിന്നിലായിരുന്നെങ്കില്‍ ഇത്തവണ അത് വെറും 2256 വോട്ടുകളുടെ വ്യത്യാസമായി കുറയ്ക്കാന്‍ കഴിഞ്ഞതും സിപിഎമ്മിന് നേട്ടമായി എണ്ണാം.