തിരുവനന്തപുരം: കേരളത്തില്‍ കടുത്ത ഇടതു വിരുദ്ധ തരംഗം. മുഖ്യന്ത്രി പിണറായി വിജയന്റേയും സിപിഎമ്മിന്റേയും തള്ളുകളാണ് പൊളിയുന്നത്. യുഡിഎഫ് തരംഗമാണ് കേരളമാകെ. കോര്‍പ്പറേഷനുകളിലും പഞ്ചായത്തുകളിലും സിപിഎം തോറ്റു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലില്‍ ഇടതുപക്ഷ അടി പതറി. പിണറായിയുടെ തള്ളുകള്‍ക്ക് ഇനി നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനമുണ്ടാകില്ല.

അത്ഭുതമുണ്ടായില്ലെങ്കില്‍ നിയമസഭയിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും. ശക്തികേന്ദ്രങ്ങള്‍ കോണ്‍ഗ്രസ് തിരിച്ചു പിടിച്ചിരിക്കുന്നു. ലോക്‌സഭയിലെ വിജയം ആവര്‍ത്തിച്ച് മുന്നേറുകയാണ് യുഡിഎഫ്. പാലക്കാടും നിലമ്പൂരിലും ആഞ്ഞു വീശിയ യുഡിഎഫ് തരംഗത്തിനിടെ ബിജെപിയും നേട്ടമുണ്ടാക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മിന്നും വിജയമാണ് ഇതില്‍ പ്രധാനം. ഈ കാവി പുതയ്ക്കല്‍ കേരളമാകെ ചര്‍ച്ചയാകും. കാസര്‍കോടും ബിജെപി വിജയിച്ചു കയറുന്നു. സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ ആകെ തെറ്റുകയാണ് ഇവിടെ. ബിജെപി വോട്ട് കൂട്ടിയിട്ടും യുഡിഎഫിന് ക്ഷീണമില്ലെന്നതാണ് നിര്‍ണ്ണായകം. തോറ്റ സ്ഥലങ്ങളിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കി.

വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നില്‍ യുഡിഎഫാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി എല്ലാ മേഖലയിലും ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. 2010ന് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാന്‍ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തല്‍. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഏത് തരത്തിലാകുമെന്നത് വ്യക്തമാണ്.

യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് 2010-ന് ശേഷം ആദ്യമായി ഇത്തരത്തില്‍ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്. അതേസമയം, എല്‍ഡിഎഫിന് കാര്യമായ തിരിച്ചടി നേരിടുമ്പോള്‍ തന്നെ ബി.ജെ.പിക്കും വലിയ നേട്ടം അവകാശപ്പെടാനുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം രേഖപ്പെടുത്തി. മുന്‍പ് 23 പഞ്ചായത്തുകളില്‍ ലീഡ് നേടിയ സ്ഥാനത്ത് ഇത്തവണ അതിലും കൂടുതല്‍ നേട്ടമുണ്ടാക്കി.

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫിന് ശക്തമായ മുന്നേറ്റമാണ്. എല്‍ഡിഎഫിന്റെ കുത്തക കോര്‍പ്പറേഷനായിരുന്ന കൊല്ലമടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. കൊച്ചി നഗരസഭയിലും യുഡിഎഫ് ഭരണം പിടിച്ചു. തൃശൂര്‍, കോല്ലം, കൊച്ചി കോര്‍പ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റം. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു.