പാലക്കാട്: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിളാ മോര്‍ച്ചയുടെ പരാതിയില്‍ പ്രതികരണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. ബിജെപി സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയപരമായ ഗിമ്മിക്കുകള്‍ കാണിക്കുകയാണെന്നും, താന്‍ എന്ത് സ്ത്രീവിരുദ്ധ പ്രസ്താവനയാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും പിഷാരടി ആവശ്യപ്പെട്ടു.

രമേഷ് പിഷാരടി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മഹിളാ മോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഒരു ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, 'പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ല' എന്ന് പിഷാരടി പ്രതികരിച്ചുവെന്നും, ഇത് സ്ത്രീവിരുദ്ധമാണെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ബലാത്സംഗങ്ങളെ വ്യക്തിപരമായ കാര്യമായി ചിത്രീകരിക്കുന്നത് ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുന്നതിന് തുല്യമാണെന്നും, ഇത്തരമൊരാള്‍ പൊതുരംഗത്ത് തുടരുന്നത് ശരിയല്ലെന്നും പരാതിയില്‍ പറയുന്നു. പിഷാരടിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും മഹിളാ മോര്‍ച്ച ആവശ്യപ്പെട്ടു.

അതേസമയം, തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും എന്നാല്‍ ബിജെപിക്ക് വിവാദങ്ങളിലാണ് താല്‍പര്യമെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. എന്‍ഡിഎയുടെ ബോര്‍ഡുകളില്‍ 'വിവാദ രാഷ്ട്രീയം മടുത്തു' എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും, വിവാദങ്ങള്‍ മാത്രമാണ് അവര്‍ ഉണ്ടാക്കുന്നതെന്നും പിഷാരടി വിമര്‍ശിച്ചു.

നേരത്തെ, പാലക്കാട്ടെ വടക്കുന്തറയില്‍ രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തില്‍ ഒരു ബിജെപി വനിതാ കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മഹിളാ മോര്‍ച്ചയുടെ പുതിയ പരാതി.