കണ്ണൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലാണെങ്കിലും അങ്കം കണ്ണൂരുകാർ തമ്മിലാണ്.പുതുപ്പള്ളി പിടിച്ചെടുക്കുന്നതിനായി കണ്ണൂർ മോഡൽ അടിയും തടയുമായി മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽ. ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ എന്നിവർ പ്രചാരണത്തിന്റെയും തന്ത്രങ്ങളുടെയും മുൻനിരയിൽ നിൽക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മകനെ വിജയിപ്പിക്കാൻ കോൺഗ്രസിനായി പടനയിക്കുന്നത് കണ്ണൂരുകാരനായ കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ്. പുതുപ്പള്ളിയിൽ ക്യാംപ് ചെയ്തു കൊണ്ടാണ് കെ. എസ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കണ്ണൂർ സി.പി. എമ്മിന്റെ തന്ത്രങ്ങൾ നന്നായി അറിയാവുന്ന കെ.സുധാകരൻ അതുകൊണ്ടു തന്നെ കുറിക്കുകൊള്ളുന്ന പ്രതിരോധ തന്ത്രങ്ങളാണ് പുതുപ്പള്ളിയിൽ ചമയ്ക്കുക, മുള്ളിനെ മുള്ളുകൊണ്ടെടുക്കുകയെന്ന ശൈലിയാണ് ഇരുവിഭാഗവും സ്വീകരിക്കുക.തൃക്കാക്കരയിലേതു പോലെ സുധാകരന്റെ ഇരുവശത്തും കൈയ് മെയ് മറന്ന് പോരാടാൻ കണ്ണൂരിൽ നിന്നും കോൺഗ്രസ് നേതാക്കൾ ഒഴുകുമെന്നാണ് ജില്ലാ നേതൃത്വം നൽകുവന്ന വിവരം.

ഇപ്പോൾ സുധാകരന്റെ അതീവവിശ്വസ്തരിലൊരാളായ യൂത്ത് കോൺഗ്രസ് സംസ്ഥാനഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനൊടൊപ്പം പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്. എംഎൽഎമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ് എന്നിവരും വൈകാതെ പുതുപ്പള്ളിയിലെത്തും. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ ടി. ഒമോഹനൻ എന്നിവരടങ്ങുന്ന വൻനിര തന്നെ പുതുപ്പള്ളിയിൽ പ്രചാരണത്തിനിറങ്ങും. യൂത്ത് കോൺഗ്രസ്, മഹിളാകോൺഗ്രസ്, ജവഹർ ബാലവേദി, കെ. എസ്.യുതുടങ്ങി പാർട്ടി പോഷകസംഘടനാഭാരവാഹികളും ഈയാഴ്‌ച്ച തന്നെ പുതുപ്പള്ളിയിലെത്തി പ്രചാരണം തുടങ്ങും. എന്നാൽ സി.പി. എമ്മിന്റെ വൻനിര തന്നെ ജെയ്കിനായി പുതുപ്പള്ളിയിലെത്തുന്നുണ്ട്. പി.കെ ശ്രീമതി, കെ.കെ ശൈലജ, പി.ജയരാജൻ, വി.കെ സനോജ്. വി.ശിവദാസൻ എം. പി തുടങ്ങി ഒട്ടേറെ നേതാക്കൾ പുതുപ്പള്ളിയിൽ പ്രചാരണത്തിനായി എത്തും.

ഇതോടെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി സ്മരണയിൽ ഈസിവാക്കോവർ പ്രതീക്ഷിച്ച കോൺഗ്രസിന് ജയിക്കാനായി വിയർപ്പൊഴുക്കേണ്ടി വരുമെന്നാണ് പുതിയ ട്രെൻഡ് സൂചിപ്പിക്കുന്നത്. സി. പി. എം മണ്ഡലത്തിലെ മണർകാട് സ്വദേശിയും തീപ്പൊരി നേതാവുമായ ജയ്ക്ക് പി.തോമസിനെ വീണ്ടും കളത്തിലിറങ്ങിയതോടെ പുതുപ്പുള്ളിയിലെ തെരഞ്ഞെടുപ്പ് ചിത്രവും മാറിതുടങ്ങി. സഹതാപതരംഗത്തിനെ മറികടക്കാൻ വികസനമുദ്രാവാക്യം ഇടതുക്യാംപുകൾ ഉയർത്തിയതോടെ കോൺഗ്രസ് തീർത്തും പ്രതിരോധത്തിലായിരിക്കുകയാണ്. പുതുപ്പള്ളിയിലെ പരാജയം പാർട്ടിക്ക് താങ്ങാൻ പറ്റാവുന്നതല്ല.

കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി നേടിയതിനെക്കാൾ ഒൻപതിനായിരം വോട്ട് മറികടന്ന് ഭൂരിപക്ഷം മുപ്പതിനായിരത്തിലധികം എത്തിക്കുമെന്ന് ചാനൽ ചർച്ചകളിൽ അവകാശവാദമുന്നയിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ നിശബ്ദരാണ്. എന്തുതന്നെയായാലും ചാണ്ടി ഉമ്മൻ ജയിക്കുമെന്നു തിരുത്തി പറയാനും അവർ തയ്യാറായിട്ടുണ്ട്.

കോൺഗ്രസിന് ആത്മവിശ്വാസം ചോർന്നു പോകുമ്പോൾ വർധിത വീര്യത്തോടെ ആഞ്ഞടിക്കുകയാണ് സി.പി. എം. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും ആറു ബ്‌ളോക്ക് പഞ്ചായത്തുകളും ഇടതുമുന്നണിയോടൊപ്പമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന ഉമ്മൻ ചാണ്ടി മാജിക്കില്ലായിരുന്നുവെങ്കിൽ സി.പി. എമ്മിന്റെ ഉറച്ച മണ്ഡലമെന്ന ഖ്യാതി പുതുപ്പള്ളിക്കും കിട്ടിയേനെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുമെതിരെയുള്ള വ്യക്തിപരമായ പരാമർശങ്ങളും ചികിത്സാ പിഴവുകളും സോളാർ ആരോപണങ്ങളും പ്രചരണവിഷയമാക്കാതെ വെറും വികസനമുദ്രാവാക്യം മാത്രമാണ് എൽ. ഡി. എഫ് സ്ഥാനാർത്ഥി ഉയർത്തിക്കാട്ടുന്നത്.

പുതുപ്പള്ളി മണ്ഡലത്തിന്റെ യഥാർത്ഥ അവസ്ഥ നേരിട്ടറിയുന്നവർക്ക് അതിൽ അതിശയോക്തി തോന്നുമില്ല. ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ കൺമുന്നിൽ കാണുന്ന സത്യങ്ങളെ അവഗണിച്ചു കൊണ്ടു വെറും വൈകാരികതയെന്ന മന്ത്രചരടിൽ പിടിച്ചു മുൻപോട്ടു പോകാൻ ഇനിയും കഴിയില്ലെന്ന യാഥാർത്ഥ്യം കോൺഗ്രസും പതുക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ യുദ്ധസമാനമായ സാഹചര്യമാണ് പുതുപ്പള്ളിയിൽ കോൺഗ്രസും യു.ഡി. എഫും ഒരുക്കിയിട്ടുള്ളത്. ഉമ്മൻ ചാണ്ടി മത്സരിച്ച കാലത്തോക്കെ മാണിഗ്രൂപ്പിന്റെ വോട്ടുകിട്ടിയിരുന്നുവെങ്കിലും ഇപ്പോൾ ജോസ് കെ.മാണിയുടെ പാർട്ടി എൽ.ഡി. എഫിനൊപ്പമാണ്. മാത്രമല്ല പതിറ്റാണ്ടുകളായി തുടരുന്ന സഭാതർക്കവും ഏറ്റവും വലിയ തലവേദനയാവുക കോൺഗ്രസിന് തന്നെയാവും.

ഉമ്മൻ ചാണ്ടിയുടെ അവസാന തെരഞ്ഞെടുപ്പിൽ വോട്ടു ഗണ്യമായി ചോർത്തിയത് ഇരുസഭകളും തമ്മിലുള്ള ആധിപത്യത്തിനായുള്ള പോരാട്ടമായിരുന്നു. മണ്ഡലത്തിൽ ബിജെപി അവർക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ലസ്ഥാനാർത്ഥിയെ നിർത്തിയതും കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. പുതുപ്പള്ളിൽ കാൽലക്ഷം വോട്ടു ബിജെപി പിടിച്ചാൽ അതുദോഷം ചെയ്യുന്നത് കോൺഗ്രസിന് തന്നെയാകും.പുതുപ്പള്ളിയിൽ ഇക്കുറി പാർട്ടിക്ക് ജയസാധ്യതയുണ്ടെന്ന് ഏറ്റവും ആദ്യം തിരിച്ചറിഞ്ഞ് സി.പി. എം സംസ്ഥാന നേതൃത്വം തന്നെയാണ്. 42 ശതമാനം വോട്ടാണ്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിന് ലഭിച്ചിരുന്നത്. കോൺഗ്രസിലെ ചേരിപ്പോരുകാരണം ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്ന പലരും ഇന്ന് പാർട്ടിയോടൊപ്പമില്ല. ഓർത്തഡോക്‌സ് വിഭാഗത്തിൽ സ്വാധീനമുള്ള ഇവരുടെ വോട്ടുമറിയുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നത് ഇടതുമുന്നണി ക്യാംപുകളെ അലോസരപ്പെടുത്തിയിട്ടുണ്ട്. തിരുവഞ്ചൂരുംകെ.സിയും തെരഞ്ഞെടുപ്പിന് മുൻപിൽ തന്നെയുണ്ടെങ്കിലും തൃക്കാക്കരയിൽ പുറത്തെടുത്ത സതീശന്റെ പ്രവർത്തനമികവ് കോൺഗ്രസിന് പ്രതീക്ഷയേകുന്ന ഘടകങ്ങളാണ്.സംഘടനാസംവിധാനത്തിന്റെ ദൗർബല്യങ്ങളെ മറികടന്നു കൊണ്ടു മിന്നൽ വേഗത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനും ചാണ്ടി ഉമ്മനെ കൊണ്ടു ഒരുവട്ടം മണ്ഡല പര്യടനം നടത്തിക്കാനും കോൺഗ്രസിന് കഴിഞ്ഞു. ചുമരെഴുത്തുകളും വീടുകയറിയുള്ള പ്രചരണങ്ങളും ഒന്നാംഘട്ടം പൂർത്തിയാക്കിയതും ദിവസങ്ങൾക്കുള്ളിലാണ്.

ഇടതുസർക്കാരിന്റെ ഭരണപരാജയമായ വിലക്കയറ്റവും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളും കഴിഞ്ഞ ആറുമാസമായി മാധ്യമങ്ങളിൽ നിന്നും അകന്നു കഴിയുന്ന പിണറായി വിജയൻ പുതുപ്പള്ളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നതും തങ്ങൾക്ക് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മിത്ത് വിവാദത്തിൽ ഇടഞ്ഞു നിൽക്കുന്ന എൻ. എസ്. എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ എൽ. ഡി. എഫ് സ്ഥാനാർത്ഥി പെരുന്നയിൽ പോയി സന്ദർശിച്ചു മഞ്ഞുരുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും എൻ. എസ്. എസ് വോട്ടുകൾ തങ്ങൾക്കു തന്നെ വീഴുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

രമേശ് ചെന്നിത്തലയെ ഇറക്കി എൻ. എസ്. എസിനെ സ്വാധീനിക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ കെ.ബി ഗണേശ് കുമാർ എംഎൽഎയെ മുൻനിർത്തി വോട്ടു ചോർച്ച തടയാനാണ് എൽ. ഡി. എഫ് ശ്രമം. സമുദായംഗങ്ങളായ ഇരുവർക്കും എൻ. എൻ. എസിൽ നല്ലസ്വാധീനമുണ്ട്. അതുകൊണ്ടു തന്നെ സുകുമാരൻ നായരുടെ സമദൂര സിദ്ധാന്തത്തിൽ വിള്ളൽ വീഴ്‌ത്താനുള്ള രാഷ്ട്രീയ പരമായ നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ബി.ഡി.ജെ. എസ് ബിജെപിയുടെ കൂടെയാണെങ്കിലും എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂറുകാണിക്കുന്നത് ഇടതു മുന്നണിയോടെയാണ്.

ഇരുമുന്നണികളും ബിജെപിയും നേതാക്കളെ ഇറക്കി പ്രചരണം കൊഴുപ്പിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് ഓരോപഞ്ചായത്തിലും ഓരോ എംപിമാർക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുണ്ട്. ഒന്നിലധികം എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ എന്നിവരും മണ്ഡലത്തിൽ ക്യാംപ് ചെയ്തു പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ മോഡൽ അട്ടിമറി തടയാൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും കോൺഗ്രസ് നേതാക്കളുടെ വൻപട തന്നെ പുതുപ്പള്ളിയിലെത്തി ക്യാംപു ചെയ്തു പ്രവർത്തിക്കും. മുഖ്യമന്ത്രി, പാർട്ടി സംസ്ഥാനസെക്രട്ടറി, സംസ്ഥാനമന്ത്രിമാർ, അഖിലേന്ത്യാ നേതാക്കൾ, സാംസ്‌കാരിക നായകന്മാർ, ചലച്ചിത്രതാരങ്ങൾ എന്നിങ്ങനെ വൻനിര തന്നെയാണ് എൽ. ഡി. എഫിനായി പ്രചരണത്തിന് എത്തുക. പുതുപ്പള്ളിയിലെ എൻ.ഡി. എ സ്ഥാനാർത്ഥിയായ ലിജിൻലാലിനായി ദേശീയ നേതാക്കൾ തന്നെ കളത്തിലിറങ്ങിയേക്കും.

കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങൾ ഉയർത്തിപിടിച്ചാണ് ബിജെപി പ്രചരണം നയിക്കുക, ലിജിൻലാലിന്റെ ക്‌ളീൻ ഇമേജും വിനയാന്വിതമായ പെരുമാറ്റവും പൊതുസ്വീകാര്യതയും തങ്ങൾക്ക് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്തുതന്നെയായാലും ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഏകപക്ഷീയമായ വൈകാരിക തരംഗത്തിലൂടെ ജയിക്കാവുന്ന മണ്ഡലം എന്നതിനപ്പുറം കണ്ണൂരിലെ നേതാക്കൾക്കുള്ള പൊരിഞ്ഞ രാഷ്ട്രീയ പോരിനുള്ള പടനിലമായി മാറിയിരിക്കുകയാണ് പുതുപ്പള്ളി.തൃക്കാക്കരയിൽ കെ.സുധാകരനും സംഘവും വൻവിജയം നേടിയെങ്കിലും പുതുപ്പള്ളിയിൽ അതു ആവർത്തിക്കാൻ കഴിയുമോയെന്ന കാര്യമാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.