കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ പ്രഖ്യാപിച്ചു. കല്‍പ്പറ്റ, വടകര, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോഴിക്കോട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി എം.വി. ശ്രേയാംസ് കുമാര്‍ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത.

പാര്‍ട്ടി അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ കഴിഞ്ഞ അഞ്ച് തവണയായി മത്സരിക്കുകയും രണ്ട് തവണ ജനപ്രതിനിധിയാവുകയും ചെയ്ത കല്‍പ്പറ്റ മണ്ഡലത്തില്‍ ഇത്തവണ പി.കെ. അനില്‍കുമാറാണ് ജനവിധി തേടുന്നത്. മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് താന്‍ മാറിനില്‍ക്കുന്നതെന്ന് ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. മുന്നണിയില്‍ നിന്ന് താന്‍ മത്സരിക്കണമെന്ന് ശക്തമായ നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അതിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥിയായ പി.കെ. അനില്‍കുമാര്‍ മുന്‍ വയനാട് ഡിസിസി സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ആര്‍ജെഡിയില്‍ ചേര്‍ന്നത്. മുന്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.കെ. ഗോപാലന്റെ മകനാണ് അദ്ദേഹം.

ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌കരനാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. പാര്‍ട്ടിയുടെ കരുത്തുറ്റ പ്രാദേശിക മുഖമായ ഭാസ്‌കരനിലൂടെ മണ്ഡലം നിലനിര്‍ത്താനാണ് ആര്‍ജെഡി ലക്ഷ്യമിടുന്നത്. നിലവിലെ എംഎല്‍എ കെ.പി. മോഹനന്റെ സഹോദരപുത്രന്‍ പി.കെ. പ്രവീണാണ് കൂത്തുപറമ്പില്‍ മത്സരിക്കുന്നത്. നിലവില്‍ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് ഡയറക്ടറായ പ്രവീണ്‍, മുന്‍പ് യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റായും പാനൂര്‍ നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരഫെഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. മുന്നണി മര്യാദകള്‍ പാലിച്ചും വിജയസാധ്യത കണക്കിലെടുത്തുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.