കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി ആര്‍.എസ്.പിയില്‍ ഉടലെടുത്ത നാടകീയ നീക്കങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ താല്‍ക്കാലിക വിരാമം. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രനെച്ചൊല്ലി പാര്‍ട്ടിയിലുണ്ടായ ചേരിതിരിവ് അഡ്വ. വിഷ്ണു മോഹനെ ഇരവിപുരത്ത് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതോടെ പരിഹരിക്കപ്പെട്ടു. ആര്‍.വൈ.എഫ് സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹന്‍.

പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ ഷിബു ബേബിജോണ്‍ പക്ഷവും പ്രേമചന്ദ്രന്‍ പക്ഷവും നേര്‍ക്കുനേര്‍ പോരടിച്ചതോടെ ആര്‍.എസ്.പി പിളര്‍പ്പിന്റെ വക്കോളമെത്തി. സ്വന്തം മകന് വേണ്ടി പ്രേമചന്ദ്രന്‍ വാശിപിടിക്കുന്നു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍, ചവറയിലെ സ്ഥാനാര്‍ത്ഥിയായ ഷിബു ബേബിജോണ്‍ പാര്‍ട്ടിയെ വിഭാഗീയതയിലേക്ക് നയിക്കുന്നുവെന്ന മറുവിഭാഗത്തിന്റെ ആരോപണവും യോഗത്തെ കലുഷിതമാക്കി. രാവിലെ 11-ന് തീരേണ്ട യോഗം തര്‍ക്കം കാരണം ഉച്ച കഴിഞ്ഞിട്ടും നീണ്ടുപോയി. പാര്‍ട്ടി സെക്രട്ടറിയുടെ താല്‍കാലിക ചുമതലയുളള എഎ അസീസും പ്രേമചന്ദ്രനെതിരെ നിലയുറപ്പിച്ചു.

പുത്രവാത്സല്യം വേണ്ടെന്ന് ഷിബു പക്ഷം ആവശ്യപ്പെട്ടു. ഇരവിപുരത്ത് കാര്‍ത്തിക് പ്രേമചന്ദ്രനെ ഇറക്കാനുള്ള നീക്കത്തെ ഷിബു ബേബിജോണ്‍ പക്ഷം ശക്തമായി എതിര്‍ത്തു. നേതാക്കളുടെ കുടുംബവാഴ്ച പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നായിരുന്നു പ്രധാന വിമര്‍ശനം. ഒടുവില്‍ ഇരുകൂട്ടര്‍ക്കും സമ്മതനായ ഒരു യുവനേതാവ് എന്ന നിലയിലാണ് വിഷ്ണു മോഹന്റെ പേരില്‍ സമവായമുണ്ടായത്.

മറ്റു തീരുമാനങ്ങള്‍:

കുന്നത്തൂര്‍: ആര്‍.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂര്‍ മത്സരിക്കും. ചവറയില്‍ ഷിബു ബേബി ജോണ്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും.

ആറ്റിങ്ങല്‍: സന്തോഷ് ഭദ്രന്‍ ജനവിധി തേടും.

മട്ടന്നൂര്‍: ഈ മണ്ഡലത്തിന് പകരം വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് യു.ഡി.എഫിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

തര്‍ക്കം പരിഹരിച്ചെങ്കിലും മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഈ കൊമ്പുകോര്‍ക്കല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആശങ്കയുണ്ട്. അതിനിടെ കോണ്‍ഗ്രസ് നേതൃത്വവും ആര്‍എസ്പിയിലെ വിഷയങ്ങള്‍ പരിഹരിക്കാന്‍ സജീവ ഇടപെടല്‍ നടത്തി.