തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി യൂത്ത് കോൺഗ്രസ് നേതാവ് സജന ബി സാജൻ. 'കളയേണ്ടത് കളഞ്ഞപ്പോൾ, കിട്ടേണ്ടത് കിട്ടി' എന്നായിരുന്നു സജനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ സജനയുടെ പോസ്റ്റിന് താഴെ രാഹുലിനെയല്ല സജനയെയാണ് പുറത്താക്കേണ്ടത് എന്ന വാദവുമായി കോൺഗ്രസ് പ്രവർത്തകർ തന്നെ എത്തിയിട്ടുണ്ട്.

'കളയേണ്ടത് കളഞ്ഞപ്പോൾ, കിട്ടേണ്ടത് കിട്ടി. കേരളത്തിൽ യുഡിഫ് തരംഗം...തദ്ദേശം പിടിച്ചടക്കി...' എന്നാണ് സജന ഫെയ്സ്ബുക്കില്‍ കുറിച്ചത്. സജനയുടെ പോസ്റ്റിന് കീഴില്‍ അസഭ്യവര്‍ഷവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ എത്തിയിട്ടുണ്ട്. സജനയുടെയും രാഹുലിന്‍റെയും പോസ്റ്റിന്‍റെ റീച്ചിനെയും പലരും പരിഹസിക്കുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളില്‍ 504ലും യു.ഡി.എഫ് വിജയം നേടി. 86 മുന്‍സിപ്പാലിറ്റികളില്‍ യു.ഡി.എഫ് 54ഇടത്താണ് ഭരണം ഉറപ്പാക്കിയത് . ആറ് കോര്‍പ്പറേഷനുകളില്‍ നാലെണ്ണം യുഡിഎഫും എന്‍ഡിഎയും എല്‍ഡിഎഫും ഓരോന്നുവീതവുമാണ് നേടിയത്. 14 ജില്ലാപഞ്ചായത്തുകളില്‍ 7 എണ്ണം എല്‍.ഡി.എഫും 7 എണ്ണം യുഡിഎഫും സ്വന്തമാക്കി. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 78 എണ്ണവും എല്‍ഡിഎഫ് 63 ഉം 11 എണ്ണം ടൈയുമാണ്.