കാസര്‍ഗോഡ്: മഞ്ചേശ്വരം: കേരളത്തിന്റെ വടക്കേ അറ്റത്തെ സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരം വീണ്ടും അതിശക്തമായ ഒരു രാഷ്ട്രീയ പരീക്ഷണത്തിന് വേദിയാകുന്നു. ഇത്തവണ എസ്ഡിപിഐ സ്വന്തം സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ സാധ്യത ഏറിയതോടെ മണ്ഡലത്തിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങള്‍ അടിമുടി തകിടം മറിയുമെന്ന് ഉറപ്പാണ്.

'എന്നും ചെണ്ടയാകാന്‍ വയ്യ' എന്ന കടുത്ത നിലപാടുമായി രംഗത്തെത്തിയ എസ്ഡിപിഐ, മുൻ ജില്ലാ പ്രസിഡന്റ് എന്‍ യു. അബ്ദുല്‍ സലാമിനെ, മത്സരരംഗത്തിറക്കാനാണ് നീക്കം നടത്തുന്നത്. മണ്ഡലത്തിലെ വോട്ടിംഗ് പാറ്റേണില്‍ നിര്‍ണ്ണായക സ്വാധീനമുള്ള എസ്ഡിപിഐക്ക് മഞ്ചേശ്വരം (3500), വോര്‍ക്കാടി (4000), കുമ്പള (2000) എന്നിവിടങ്ങളിലായി പതിനായിരത്തോളം കേഡര്‍ വോട്ടുകളുണ്ട്. 2021-ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച ഈ വോട്ടുകള്‍ ഇത്തവണ ഭിന്നിക്കപ്പെടുന്നത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം. അഷ്‌റഫിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

മഞ്ചേശ്വരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് എപ്പോഴും നേരിയ ഭൂരിപക്ഷങ്ങളാണ്. 2021-ല്‍ വെറും 745 വോട്ടുകള്‍ക്കാണ് ബിജെപിയുടെ കെ. സുരേന്ദ്രനെ എ.കെ.എം. അഷ്‌റഫ് തോല്‍പ്പിച്ചത്. 2016-ലാകട്ടെ ലീഗിലെ പി.ബി. അബ്ദുല്‍ റസാഖിന്റെ ഭൂരിപക്ഷം വെറും 89 വോട്ട് മാത്രമായിരുന്നു. ഈ ചെറിയ വ്യത്യാസങ്ങള്‍ക്കിടയിലാണ് എസ്ഡിപിഐ 6,500 മുതല്‍ 11,000 വരെ വോട്ടുകള്‍ ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്. ന്യൂനപക്ഷ വോട്ടുകളിലുണ്ടാകുന്ന ഈ വിള്ളല്‍ മണ്ഡലം പിടിച്ചെടുക്കാനുള്ള സുവര്‍ണ്ണാവസരമായാണ് ബിജെപി കാണുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലായി ഏകദേശം 4,600 പുതിയ വോട്ടര്‍മാരെ ബിജെപി ക്യാമ്പ് ഇത്തവണ ചേര്‍ത്തത് കെ. സുരേന്ദ്രന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. കന്നഡ, തുളു ഭാഷ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനവും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ ശക്തമായ വേരോട്ടവും ബിജെപി വിജയപ്രതീക്ഷയില്‍ വലിയ പങ്കുവഹിക്കുന്നു.

അതേസമയം, നാട്ടുകാരന്‍ കൂടിയായ കെ.ആര്‍. ജയാനന്ദനെ രംഗത്തിറക്കിയ എല്‍ഡിഎഫ് ഇത്തവണ വലിയ അട്ടിമറിയാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ നിര്‍ണ്ണായകമായ ക്രൈസ്തവ വോട്ടുകളും ഭാഷാ ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗവും മുസ്ലിം വോട്ടുകളും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു. കേരളം നേടിയ വികസനം മഞ്ചേശ്വരത്ത് കൂടുതല്‍ എത്തണം എന്ന് പറഞ്ഞാണ എല്‍ഡിഎഫ് വോട്ടുതേടുന്നത്. എന്നാല്‍ വോട്ടുകള്‍ പല തട്ടിലായി ഭിന്നിക്കപ്പെടുന്നത് മഞ്ചേശ്വരത്തെ ആരുടെയും സുരക്ഷിത താവളമല്ലാതാക്കി മാറ്റിയിരിക്കുകയാണ്. എസ്ഡിപിഐയുടെ അപ്രതീക്ഷിത നീക്കം യുഡിഎഫിന്റെ ഉറക്കം കെടുത്തുമ്പോള്‍, അത് മണ്ഡലത്തില്‍ താമര വിരിയിക്കുമോ അതോ ഇടത് കാറ്റ് വീശുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.