- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്‍എസ്എസില്‍ കോളേജ് അധ്യാപിക നിയമനത്തിലെ അഴിമതിക്കഥ തുറന്നു പറഞ്ഞു; കുത്തിയോട്ടം ചര്‍ച്ചയാക്കിയും വോട്ടു കുറയ്ക്കാന്‍ ശ്രമിച്ചു; എന്‍ എസ് എസ് കോട്ടയില്‍ മുന്‍ ഡിജിപിയെ തോല്‍പ്പിക്കാനുള്ള അടിയൊഴുക്കു ശ്രമമെല്ലാം പാഴായി; സുകുമാരന്‍ നായരുടെ വാക്ക് തിരുവനന്തപുരത്തുകാര്‍ കേട്ടില്ല; അനന്തപുരിയില്‍ താമര വിരിഞ്ഞു; അയ്യപ്പ സംഗമ പാക്കേജ് വിജയിച്ചില്ല; ശ്രീലേഖയുടേത് 'സമുദായത്തെ' തോല്‍പ്പിച്ച വിജയം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ജയം നേടുമ്പോള്‍ തളരുന്നത് എന്‍ എസ് എസ് ആണ്. ആഗോള അയ്യപ്പ സംഗമത്തില്‍ ഇടതു സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇറങ്ങിയ എന്‍ എസ് എസിലൂടെ തിരുവനന്തപുരത്തെ സീറ്റ് ഉറപ്പിക്കലായിരുന്നു സിപിഎം ലക്ഷ്യം. ബിജെപി സ്ഥാനാര്‍ത്ഥിയായി ശാസ്തമംഗലത്ത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ എത്തിയതോടെ കാര്യങ്ങള്‍ സിപിഎം കൂടുതല്‍ പ്രതീക്ഷയോടെ കണ്ടു.
എന്‍ എസ് എസ് കോളേജില്‍ പണം നല്‍കാത്തതു കൊണ്ട് അധ്യാപക ജോലി കിട്ടിയില്ലെന്ന പഴയ പരാമര്‍ശം ശാസ്തമംഗലത്ത് ചര്‍ച്ചയാക്കി. അതായത് ആറ്റുകാലിലെ കുത്തിയോട്ട നേര്‍ച്ചയേയും എന്‍ എസ് എസ് അധ്യാപക വിവാദവും ഉയര്‍ത്തി എന്‍ എസ് എസ് വോട്ടുകളെല്ലാം അനുകൂലമാക്കാമെന്ന് പലരും കരുതി. സിപിഎം പ്രതീക്ഷയിലുമായി. ശാസ്തമംഗലത്ത് ശ്രീലേഖയെ തോല്‍പ്പിക്കുമെന്ന് ചിലര്‍ ശപഥം ചെയ്തു. പക്ഷേ ശബരിമല കൊള്ളയില്‍ മുരാരി ബാബു കുടുങ്ങിയത് എന്‍ എസ് എസിന് വലിയ തിരിച്ചടിയായിരുന്നു. പെരുന്നയിലെ കരയോഗം വൈസ് പ്രസിഡന്റായിരുന്ന മുരാരി ബാബുവിനെ അറസ്റ്റു ചെയ്തത് പലരേയും തളര്‍ത്തി. ഇപ്പോഴിതാ തിരുവനന്തപുരത്ത് ബിജെപിയുടെ കോര്‍പ്പറേഷന്‍ ഭരണവും.
ഈ വിജയം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും പരോക്ഷ തിരിച്ചടിയാണ്. ജനം ഇടതിനൊപ്പമല്ലൈന്ന് തെളിഞ്ഞു. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണെന്ന തിരുവനന്തപുരത്തെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ആര്‍.ശ്രീലേഖയുടെ പഴയ കുറിപ്പ് പ്രചാരണ ആയുധമാക്കി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. ആറ്റുകാല്‍ പൊങ്കാലയില്‍ ചൂരല്‍ കുത്ത് കുട്ടികള്‍ക്ക് മാനസികമായി പ്രയാസം ഉണ്ടാക്കുമെന്ന് പരസ്യമായി പോസ്റ്റ് ഇട്ട ആളെയാണ്, മേയറായി ബിജെപി ഉയര്‍ത്തി കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. അങ്ങനെയുള്ളവരാണോ ഈ നഗരത്തിന്റെ മേയറാകുന്നതെന്നും മുരളീധരന്‍ ചോദിച്ചു. കുട്ടികള്‍ക്ക് ശാരീരികയും മാനസികവുമായി കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്ന് 2018ല്‍ ശ്രീലേഖ കുറിപ്പ് എഴുതിയതിനു പിന്നാലെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. വസ്തുതകള്‍ അറിയാതെയാണ് ശ്രീലേഖയുടെ പ്രതികരണം എന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞിരുന്നു.
ശ്രീലേഖയെ ബിജെപി സ്ഥാനാര്‍ഥി ആക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും പ്രതികരിച്ചിരുന്നു. കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മിഷനെ കൊണ്ടു കേസെടുപ്പിച്ച ശ്രീലേഖയ്ക്കു വേണ്ടിയാണോ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് തിരുവനന്തപുരത്തെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരോട് സന്ദീപ് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെ.മുരളീധരനും വിഷയം ഏറ്റെടുത്തത്. കോണ്‍ഗ്രസിന്റെ പ്രചാരണ വേദികളില്‍ എല്ലാം ഈ വിഷയം ഉന്നയിച്ചു. അതേസമയം, താന്‍ സ്ഥാനാര്‍ഥി ആയതിന്റെ പേടി കൊണ്ടാണ് ഇത്തരത്തില്‍ പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും ആര്‍.ശ്രീലേഖ പറഞ്ഞിരുന്നു.
1987ല്‍ 26കാരിയായ ഒരു മലയാളി യുവതിയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു. ആര്‍. ശ്രീലേഖ. ഐ.പി.എസ്. എന്ന സ്വപ്നത്തില്‍ ആദ്യമായി എത്തിച്ചേര്‍ന്ന മലയാളി വനിത. രണ്ടാം ലോകമഹായുദ്ധ മുഖത്തു പടപൊരുതിയ വേലായുധന്‍ നായര്‍ എന്ന അച്ഛന്റെ മകള്‍ കഠിനാധ്വാനം കൊണ്ട് കയ്യെത്തിപ്പിടിച്ച അഭിമാനനേട്ടം. തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലും കോളേജിലും പഠിച്ച പെണ്‍കുട്ടി. കോളേജ് അധ്യാപികയും, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥയും, എഴുത്തുകാരിയും, ഐ.പി.എസ്. ഓഫീസറുമായി ചുമതലകള്‍ പലതു വഹിച്ച ശ്രീലേഖ ഇനി ജനങ്ങളുടെ നേതാവായി തിരുവനന്തപുരത്തെ ശാസ്തമംഗലം വാര്‍ഡിനെ നയിക്കും. സംസ്ഥാനത്തു തന്നെ ഏറെ ശ്രദ്ധനേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് ശ്രീലേഖ.
നടനും എം.പിയുമായ സുരേഷ് ഗോപിയുടെ തലസ്ഥാനത്തെ വീട് ഉള്‍ക്കൊള്ളുന്ന വാര്‍ഡ് കൂടിയാണ് ശാസ്തമംഗലം. പോസ്റ്ററില്‍ ഐ.പി.എസ്. എന്ന സ്ഥാനപദവി ഉപയോഗിക്കാന്‍ വിലക്കുനേരിട്ട ശ്രീലേഖ, സര്‍വീസില്‍ ഇരുന്ന കാലത്തെ ഒരു പ്രവര്‍ത്തിയുടെ പേരിലെ വിവാദവും പോരാട്ടമുഖത്ത് ഉണ്ടായി. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സമയം ജയില്‍ ഡി.ജി.പിയായിരുന്നു ശ്രീലേഖ. ജയിലില്‍ തളര്‍ന്നവശനായ ദിലീപിനെ കൊണ്ടുപോയി ഭക്ഷണവും വെള്ളവും നല്‍കിയ ശ്രീലേഖ 'പ്രതിക്ക് വഴിവിട്ട സഹായം' ചെയ്തു എന്ന് പോലും വ്യാഖ്യാനമുണ്ടായി.




