- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്ക് കിഴക്കിലും കാവിത്തരംഗം; മൂന്നിൽ രണ്ടിടത്തും വെന്നിക്കൊടി പാറിച്ച് ബിജെപി; ത്രിപുരയിലും നാഗാലാൻഡിലും അധികാരം നിലനിർത്തി; മേഘാലയയിൽ സീറ്റുകളുടെ എണ്ണം ഉയർത്തി; എൻപിപിക്കൊപ്പം അധികാരം പങ്കിട്ടേക്കും; കോൺഗ്രസുമായി കൈകോർത്തിട്ടും ത്രിപുരയിൽ സിപിഎമ്മിന് തിരിച്ചടി; സഖ്യഗുണം സീറ്റാക്കിയത് കോൺഗ്രസ്
അഗർത്തല: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കാവിത്തരംഗം. തെരഞ്ഞെടുപ്പു നടന്ന മൂന്ന് സംസ്ഥാനങ്ങളിൽ രണ്ടിടത്തും ബിജെപി അധികാരം ഉറപ്പിച്ചു. ഒരിടത്ത് സീറ്റു നിലയും മെച്ചപ്പെടുത്തി. ത്രിപുരയിൽ ഒറ്റയ്ക്ക് അധികാരം പിടിക്കുമെന്ന് ഉറപ്പിച്ച ബിജെപി നാഗാലാൻഡിലും സഖ്യത്തിനൊപ്പം അധികാരം പിടിച്ചു. അതേസമയം മേഘാലയയിൽ അടുത്തിടെ എൻഡിഎ സഖ്യം ഉപേക്ഷിച്ചു ഒറ്റയ്ക്ക് മത്സരിക്കാൻ ഇറങ്ങിയ എൻ.പി.പി അധികാരത്തിലേക്ക് നീങ്ങുകയാണ്. മേഘാലയയിൽ ബിജെപി സഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എം.ഡി.എ.) വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് ഉറപ്പാണ്.
ത്രിപുരയിൽ അട്ടിമറയില്ല, ബിജെപിക്ക് തുടർഭരണം
ആവേശകരമായ തിരഞ്ഞെടുപ്പു പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിച്ച ത്രിപുരയിൽ അവസാന നിമിഷവും സസ്‌പെൻസ് തുടരുന്നെങ്കിലും ബിജെപി തന്നെ അധികാരത്തിലെത്തുന്ന നിലയിലാണ് കാര്യങ്ങൾ. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ, 33 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയും ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, സിപിഎം-കോൺഗ്രസ് സഖ്യം 15 സീറ്റുകളിൽ മുന്നിലാണ്. ഇതിൽ 11 സീറ്റിൽ സിപിഎമ്മും നാല് സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. തിപ്ര മോത്ത പാർട്ടി 11 സീറ്റുകളിൽ മുന്നിലാണ്.
60 നിയമസഭാ സീറ്റുകളുള്ള ത്രിപുരയിൽ ബിജെപി, സിപിഎം-കോൺഗ്രസ്, തിപ്ര മോത്ത പാർട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ്. ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. ഇതു ശരിവയ്ക്കുന്ന സൂചനകളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്നത്. ഇത്തവണ കോൺഗ്രസുമായി ചേർന്ന് മത്സരിച്ചിട്ടും സിപിഎം കൂടുതൽ ക്ഷീണിക്കുന്നതിന്റെ സൂചനകളും ശക്തമാണ്. കഴിഞ്ഞ തവണ 16 സീറ്റുകളിൽ ജയിച്ച സിപിഎം, നിലവിൽ 11 സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. അതേസമയം, സഖ്യത്തിന്റെ നേട്ടം ലഭിച്ച കോൺഗ്രസ് പൂജ്യത്തിൽനിന്ന് നാല് സീറ്റിൽ മുന്നിലാണ്.
കാൽനൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 60 നിയമസഭാ സീറ്റുകളിൽ 36 സീറ്റിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിലെ ത്രിപുര ട്രൈബൽ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ തിപ്ര മോത്ത പാർട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാർട്ടി 42 സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്തിയത് എൻഡിഎ, ഇടതുകോൺഗ്രസ് സഖ്യങ്ങളെ കൂടുതൽ പ്രതിരോധത്തിലാക്കി. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു. സിപിഎമ്മിന്റെ 43 സ്ഥാനാർത്ഥികളും കോൺഗ്രസിന്റെ 13 സ്ഥാനാർത്ഥികളുമാണ് ജനവിധി തേടിയത്.
മേഘാലയയിൽ എൻപിപിയുടെ കുതിപ്പ്, എൻഡിഎ സർക്കാർ അധികാരത്തിൽ
മേഘാലയയിൽ ബിജെപി സഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എം.ഡി.എ.) വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് ഉറപ്പായി. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ എൻ.പി.പി. 23 സീറ്റുകളിലും ബിജെപി. നാല് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. അറുപതംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്. 2018 നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യമുണ്ടാക്കി എൻപിപിയും യുഡിപിയും ബിജെപിയും എല്ലാം ചേർന്ന സർക്കാരാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോൺഗ്രസിനെ മറികടന്ന് സർക്കാരുണ്ടാക്കിയത്. ഇക്കുറി എൻ.പി.പിയും ബിജെപിയും തനിച്ചാണ് മത്സരരംഗത്തിറങ്ങിയത്.
മേഘാലയയിലും സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സരിക്കാനിറങ്ങിയ തൃണമൂൽ കോൺഗ്രസ് ഏഴിടത്ത് ലീഡ് ചെയ്യുന്നുണ്ട്. അതേസമയം കോൺഗ്രസ് നാലിടത്തുമാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. എൻ.ഡി.എയുടെ ഭാഗമായിരുന്ന യു.ഡി.പി. ഒൻപതിടത്തും ലീഡ് ചെയ്യുന്നുണ്ട്. വി.പി.പി. മൂന്നിടത്തും പി.ഡി.എഫ്. രണ്ടിടത്തും ലീഡ് ചെയ്യുന്നു. 2018-ൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചത് രണ്ടു സീറ്റിൽ മാത്രമായിരുന്നു. ഈ സീറ്റുകൾ ഇരട്ടിയാക്കാൻ സാധിച്ചത് നേട്ടമായി മാറുകയാണ്.
നാഗാലാൻഡിൽ തുടർഭരണം, എൻഡിഎ അധികാരത്തിൽ
എൻഡിഎ തരംഗം ആഞ്ഞുവീശിയ നാഗാലാൻഡിൽ എൻഡിപിപി-ബിജെപി സഖ്യം വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്. 60 അംഗ സഭയിൽ 43 സീറ്റിൽ എൻഡിഎ സഖ്യം മുന്നിട്ടുനിൽക്കുന്നു. ബിജെപി 17 സീറ്റിലും സഖ്യകക്ഷിയായ എൻഡിപിപി 26 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻപിഎഫ്-4, എൻപിപി-3, എൻസിപി-2, കോൺഗ്രസ്-1 മറ്റ് കക്ഷികളിൽ പെട്ടവർ അഞ്ച് സീറ്റിലുമാണ് മുന്നിലുള്ളത്. 60 സീറ്റുകളിൽ എൻ.ഡി.പി.പി. 40 സീറ്റുകളിലും ബിജെപി 20 സീറ്റുകളിലുമാണ് മത്സരിച്ചത്.
ബിജെപിയുടെ ഗംഭീര പ്രകടനമാണ് ഇത്തവണത്തേത്. 20 സീറ്റിൽ മത്സരിച്ചതിൽ മൂന്നിടത്തൊഴികെ 17 സീറ്റിലും വിജയത്തോടടുക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒരു സീറ്റ് ഉറപ്പക്കാൻ ബിജെപിക്കു കഴിഞ്ഞിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ബിജെപിയുടെ കസെറ്റോ കിമിനിയാണ് അകുതോയിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ഗോത്ര സംഘടനകളുടെ പിന്തുണ ബിജെപിക്ക് ഒപ്പമുള്ളത് എൻ.ഡി.പി.പി- ബിജെപി സഖ്യത്തിന് നേട്ടമായി. 2018ൽ തിരഞ്ഞെടുപ്പിനു മുമ്പ് വരെയും സഖ്യകക്ഷിയായിരുന്ന എൻ. പി.എഫുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാണ് എൻ.ഡി.പി.പിയുമായി ബിജെപി. സഖ്യമുണ്ടാക്കിയത്. എൻ.ഡി.പി.പി 40 സീറ്റുകളിലും ബിജെപി 20 സീറ്റിലും മത്സരിച്ചു. ഫലം വന്നപ്പോൾ 58 സീറ്റിൽ 27 സീറ്റുകൾ എൻ.ഡി.പി.പി.- ബിജെപി സഖ്യം സ്വന്തമാക്കി. ഒരു സീറ്റു പോലും നേടാനാകാതെ കോൺഗ്രസ് തകർന്നടിഞ്ഞു. 2013-ൽ ഒറ്റ സീറ്റിൽ ഒതുങ്ങേണ്ടി വന്ന ബിജെപി. അന്ന് നേടിയത് 11 എണ്ണമാണ്. എൻ.സി.പിയുടെ നാല് എംഎൽഎമാരിൽ മൂന്നു പേർ കൂടെ ബിജെപിയിൽ ചേർന്നതോടെ നാഗാലാൻഡിലെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായും ബിജെപി മാറി.
2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി. സർക്കാർ അധികാരത്തിലെത്തിയതോടെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിന് പിറകെ ഒന്നായി ബിജെപി പിടിച്ചെടുത്തത്. 2015-ൽ നാഗാ കലാപകാരികളുമായി കേന്ദ്രസർക്കാർ സമാധാന ഉടമ്പടി ഒപ്പിടുകയും ചെയ്തു. 2018-ലെ നിയമസഭ തിരഞ്ഞെടുപ്പായിരുന്നു അന്ന് ബിജെപിയുടെ ലക്ഷ്യം. ഇത്തവണയും നാഗാലാൻഡിൽ നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വികസനമുന്നേറ്റങ്ങളായിരുന്നു ബിജെപിയുടെ പടവാൾ.
മറുനാടന് ഡെസ്ക്