ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ് ബീർ സിങ് സന്ധു എന്നിവരെ നിയമിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. കമ്മീഷണർമാരായി നിയമിക്കാനുള്ള ഉന്നതതല സമിതിയിലെ അംഗമായ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. ഉത്തർപ്രദേശ് സ്വദേശിയാണ്. എറണാകുളം കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലമായി കേന്ദ്രസർവീസിലാണ് ഗ്യാനേഷ് കുമാർ ജോലി നോക്കുന്നത്. പാർലമെന്ററി കാര്യ സെക്രട്ടറി അടക്കമുള്ള പദവികൾ വഹിച്ച ഉദ്യോഗസ്ഥനാണ്.

ഉത്തരാഖണ്ഡിലെ ചീഫ് സെക്രട്ടറിയായിരുന്നു സുഖ് ബീർ സിങ് സന്ധു. പഞ്ചാബ് സ്വദേശിയാണ്. ഇരുവരെയും നിയമിക്കാനുള്ള തീരുമാനത്തിന് ഉന്നതാധികാര സമിതി ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ ഇവരുടെ നിയമനത്തെ താൻ എതിർത്തുവെന്നും, വിയോജനക്കുറിപ്പ് നൽകിയെന്നും ഉന്നതല സമിതിയിൽ അംഗമായ കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരാണ് അധീർ രഞ്ജൻ ചൗധരിക്ക് പുറമെ സമിതി യോഗത്തിൽ പങ്കെടുത്തത്. തിടുക്കത്തിലാണ് തീരുമാനമെടുത്തതെന്നും, ഇന്നലെ രാത്രി ഡൽഹിയിലെത്തിയപ്പോൾ 212 ഉദ്യോഗസ്ഥരുടെ പട്ടികയാണ് നൽകിയതെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ അനൂപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നത്.

അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ സർക്കാർ നേരിട്ട് നിയമിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. അരുൺ ഗോയലിന്റ പെട്ടന്നുള്ള രാജിക്ക് കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിനിടെയാണ് പുതിയ കമ്മീഷണർമാരെ നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷൻ യോഗം ചേർന്നിട്ട് വേണം തെരഞ്ഞെടുപ്പു തീയ്യതി അടക്കം പ്രഖ്യാപിക്കാൻ.

അതിനിടെ തിരഞ്ഞെടുപ്പുകൾ ഒരേ സമയത്ത് നടത്തുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിന് സർക്കാർ നിയോഗിച്ച സമിതി രാഷ്ട്രപതി ദ്രൗപദി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നൽകുന്ന സമിതി 18,000 പേജുകളുള്ള എട്ട് വോള്യങ്ങളായിട്ടാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാരിന്റെ ആശയത്തെ അനുകൂലിക്കുന്ന തരത്തിലാണ് സമിതിയുടെ റിപ്പോർട്ട്. ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരു നിയമസംവിധാനം കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്ന് സമിതി ശുപാർശ ചെയ്തു.

ആദ്യഘട്ടത്തിൽ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താമെന്നും രണ്ടാം ഘട്ടമെന്ന നിലയിൽ 100 ദിവസത്തിനുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താമെന്നും സമിതി അതിന്റെ ഒരു ശുപാർശയിൽ വ്യക്തമാക്കുന്നതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽ വരുന്ന ലോക്‌സഭയുടെ കാലാവധി കഴിയുന്ന സമയത്ത് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്താനാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ പ്രകാരം ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽ വരുന്ന നിയമസഭകളുടെ കാലാവധി 2029 വരെയേ ഉണ്ടാകൂ.

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള ഭരണഘടന, നിയമ ഭേദഗതികളെ സംബന്ധിച്ച് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതാണ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും, സമൂഹത്തിനും ഗുണകരമെന്ന് സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വാസ പ്രമേയം സംബന്ധിച്ച് ജർമൻ മോഡലിനെ സംബന്ധിച്ചും കോവിന്ദ് സമിതി ചർച്ച ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾക്ക് ഇവ യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ജർമൻ മോഡൽ സമിതി തള്ളി. ജർമനിയിൽ അടുത്ത സർക്കാരിനെ സംബന്ധിച്ച കൃത്യത ഉണ്ടായതിന് ശേഷമേ അവിശ്വാസ പ്രമേയത്തിലൂടെ ഒരു സർക്കാർ മാറ്റാൻ കഴിയുകയുള്ളു.