കോട്ടയം: തെരഞ്ഞെടുപ്പ് ഗോദയില്‍ മുന്നണികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുമ്പോഴും, രാഷ്ട്രീയത്തിനതീതമായ സുഹൃദ്ബന്ധത്തിന്റെ പുതുഗാഥ രചിക്കുകയാണ് സി.പി.എം നേതാവ് സുരേഷ് കുറുപ്പും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി. ജോണും. തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.പി. ജോണിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഫോട്ടോഷൂട്ടിനാണ് സഹായിയായി സുരേഷ് കുറുപ്പ് നേരിട്ടെത്തിയത്. ചങ്ങനാശേരിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ മണിക്കൂറുകളോളം ചെലവഴിച്ചാണ് കുറുപ്പ് തന്റെ ഉറ്റ സുഹൃത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

1984-ല്‍ സുരേഷ് കുറുപ്പ് കോട്ടയത്ത് നിന്ന് ആദ്യമായി പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹം എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. അന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.പി. ജോണാണ് കുറുപ്പിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അന്ന് അവിഭക്ത കേരളാ കോണ്‍ഗ്രസിന്റെ കരുത്തന്‍ സ്‌കറിയ തോമസിനെ വീഴ്ത്തി കുറുപ്പ് ചരിത്രം കുറിച്ചപ്പോള്‍ അതിന് പിന്നിലെ ബുദ്ധികേന്ദ്രം ജോണായിരുന്നു. ആ വിപ്ലവ വീര്യത്തില്‍ തുടങ്ങിയ ബന്ധമാണ് ദശാബ്ദങ്ങള്‍ക്കിപ്പുറവും തനിമയോടെ നിലനില്‍ക്കുന്നത്. ഇത്തവണ സിപി ജോണ്‍ തിരുവനന്തപുരം സെന്‍ട്രലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. ഏതാണ്ട് വിജയം ഉറപ്പുള്ള സീറ്റ്.

1986-ല്‍ എം.വി. രാഘവന്റെ നേതൃത്വത്തില്‍ സി.എം.പി രൂപീകരിച്ചപ്പോള്‍ സി.പി. ജോണ്‍ ആ പാര്‍ട്ടിക്കൊപ്പം പോയെങ്കിലും സുരേഷ് കുറുപ്പുമായുള്ള വ്യക്തിബന്ധത്തിന് മങ്ങലേറ്റില്ല. രാഷ്ട്രീയമായി രണ്ടു തട്ടിലാണെങ്കിലും ഇവരുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളത്. തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ തയ്യാറാക്കുന്ന സ്ഥാപനത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുറുപ്പ് ഷൂട്ടിംഗിന് എത്തിയത്. സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം സി.പി. ജോണ്‍ കളര്‍ ഷര്‍ട്ടിലും ഫോട്ടോകള്‍ക്ക് പോസ് ചെയ്തു. കഴിഞ്ഞ 17-ന് വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങിയ ഷൂട്ടിംഗ് രാത്രി ഒന്‍പതര വരെ നീണ്ടുനിന്നു.

ഓരോ പോസിലും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സുരേഷ് കുറുപ്പ് കൂടെയുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഗ്രൂപ്പ് കളികളും മറ്റും രാഷ്ട്രീയ കേരളത്തെ ഉലയ്ക്കുമ്പോഴും, ചങ്ങനാശേരിയില്‍ കണ്ട ഈ സ്‌നേഹസംഗമം രാഷ്ട്രീയത്തിലെ വേറിട്ട കാഴ്ചയായി മാറി. ഇത് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. തല്‍കാലം സിപിഎ വിശദീകരണമൊന്നും ചോദിക്കില്ല. പക്ഷേ സിപി ജോണിനെ ജയിപ്പിക്കാന്‍ സുരേഷ് കുറുപ്പ് അണിയറയിലുണ്ടാകുമെന്ന സന്ദേശമാണ് ഫോട്ടോ ഷൂട്ട് നല്‍കുന്നത്. തിരുവനന്തപുരത്ത് സുരേഷ് കുറുപ്പിന് ശക്തമായ വ്യക്തിബന്ധങ്ങള്‍ തിരുവനന്തപുരത്തുണ്ട്. ഇതിനൊപ്പം സൗഹൃദ വലയവും. ഇതെല്ലാം സിപി ജോണിന് വോട്ടായി മാറിയേക്കും.

തിരുവനന്തപുരം സെന്‍ട്രല്‍ സിപി ജോണിന് നല്‍കിയതിലൂടെ നീതി നിഷേധം ജോണിനുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റും നിയമസഭയും ഉള്‍പ്പെടുന്ന, കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സി.പി. ജോണ്‍ എത്തുന്നതോടെ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി. സിഎംപിയുടെ സ്ഥാപക നേതാവ് എം.വി. രാഘവന്‍ മുന്‍പ് വിജയിച്ചു കയറിയ മണ്ഡലമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. തന്റെ രാഷ്ട്രീയ ഗുരുവിന്റെ പാത പിന്തുടര്‍ന്ന് അതേ മണ്ഡലത്തില്‍ ജനവിധി തേടാന്‍ സി.പി. ജോണ്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ മുസ്ലീം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പിന്തുണ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു.

നിലവിലെ എംഎല്‍എ ആന്റണി രാജുവിനെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടായി മാറ്റാന്‍ സി.പി. ജോണിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ആന്റണി രാജുവിനെതിരെ ജട്ടിക്കേസുമുണ്ട്. ഇത്തവണ മത്സരിക്കാനും കഴിയില്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ നവചിന്തകളുടെ വക്താവായാണ് സി.പി. ജോണ്‍ അറിയപ്പെടുന്നത്. 1982-ല്‍ വെറും 25-ാം വയസ്സില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഡെലിഗേറ്റായി മാറിയ അദ്ദേഹം എസ്എഫ്‌ഐയുടെ സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1986-ല്‍ എം.വി. രാഘവനോടൊപ്പം സിപിഎം വിട്ട് സിഎംപി രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മികച്ച പ്ലാനിംഗ് ബോര്‍ഡ് അംഗമെന്ന നിലയിലും സാമ്പത്തിക-സാമൂഹിക വിഷയങ്ങളിലെ ആഴത്തിലുള്ള അറിവുകൊണ്ടും അദ്ദേഹം ശ്രദ്ധേയനാണ്.