- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിപുരയിൽ സീറ്റിലും വോട്ട് വിഹിതത്തിലും കുറവ് വന്നെങ്കിലും വടക്ക് കിഴക്ക് സ്വാധീനമുറപ്പിച്ചതിന്റെ ആഹ്ലാദ പൂത്തിരികൾ ബിജെപി ക്യാമ്പിൽ; ശബ്ദം കേൾപ്പിച്ച് തിപ്ര മോത്ത; നാഗാലാൻഡിൽ ചരിത്രം കുറിച്ച് രണ്ട് വനിതകൾ; മേഘാലയിൽ ഒറ്റയ്ക്ക് മത്സരിച്ച് നേട്ടം കൊയ്ത് എൻപിപി; പരാജയത്തിന്റെ കണ്ണീരുകുടിച്ച് കോൺഗ്രസും തൃണമൂലും സിപിഎമ്മും; തിരഞ്ഞെടുപ്പിന്റെ അന്തിമഫലങ്ങൾ
ന്യൂഡൽഹി: മൂന്നുവടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അന്തിമ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, ബിജെപി ക്യാമ്പിൽ ആഘോഷത്തിന്റെ പൂത്തിരികൾ. ത്രിപുരയിലും നാഗാലാൻഡിലും കേവല ഭൂരിപക്ഷം നേടി ബിജെപി സഖ്യം അധികാരം നിലനിർത്തി. മേഘാലയിൽ എൻപിപിയുടെ കോൺറാഡ് സാങ്മയുടെ നേതൃത്വത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കും. തൂക്കുസഭയാണ് ഫലമെങ്കിലും, പുതിയ സർക്കാരുണ്ടാക്കാൻ ബിജെപി നാഷണൽ പീപ്പിൾസ് പാർട്ടിയെ തുണയ്ക്കും. ഫലം വന്നയുടൻ സാങ്മ അമിത് ഷായെ വിളിച്ച് പിന്തുണ അഭ്യർത്ഥിച്ചിരുന്നു. സാങ്മ സൗത്ത് തുരയിൽ നിന്ന് 5016 വോട്ടുകൾക്ക് ജയിച്ചു.
ജേതാക്കൾ
നാഗാലാൻഡിൽ ചരിത്രം കുറിച്ച് രണ്ട് വനിതകൾ
നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതാദ്യമായി രണ്ട് വനിതാ അംഗങ്ങളാണ് നിയമസഭയിൽ എത്തുന്നത്. എൻഡിപിപി സ്ഥാനാർത്ഥികളായ ഹെക്കാനി ജെക്കാലു, സർഹൗത്യൂനോ ക്രൂസെ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വോട്ടർമാരിൽ പകുതിയോളം സ്ത്രീകളുള്ള നാഗാലാൻഡിൽ 184 സ്ഥാനാർത്ഥികളിൽ ആകെ നാല് വനിതകൾ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 1963ൽ സംസ്ഥാനം രൂപീകരിച്ചതിൽ പിന്നെ ഒരു വനിതാ എംഎൽഎ പോലും സംസ്ഥാനത്തുണ്ടായിട്ടില്ല.നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസ്സിവ് പാർട്ടി (എൻഡിപിപി) സ്ഥാനാർത്ഥികളായ ഹെക്കാനി ജെക്കാലു, സർഹൗത്യൂനോ ക്രൂസെ, കോൺഗ്രസിന്റെ റോസി തോംസൺ, ബിജെപിയുടെ കഹുലി സേമാ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന സ്ഥാനാർത്ഥികൾ.
ദിമാപൂർ-3 നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ഹെകാനി 1536 വോട്ടുകൾക്ക് ജയിച്ച് കയറിയത്. ലോക് ജനശക്തി(രാംവിലാസ്) പാർട്ടി സ്ഥാനാർത്ഥി അസെറ്റോ ഷിമോമിയെ തോൽപ്പിച്ച എൻഡിഡിപി സ്ഥാനാർത്ഥിക്ക് 14,241 വോട്ട് കിട്ടി. 48കാരിയായ ഹെകാനി അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമാണ്. ലേഡി ശ്രീറാം കോളജേിലെയും, ഡൽഹി സർവകലാശാല നിയമ വകുപ്പിലെയും പൂർവ വിദ്യാർത്ഥിയാണ്. ഡൽഹി ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും അഭിഭാഷകയായി ജോലി നോക്കിയിട്ടുണ്ട്. 56 കാരിയായ സർഹൗത്യൂനോ ക്രൂസെ ഒരു പ്രാദേശിക ഹോട്ടൽ ഉടമയാണ്.
ബിജെപി
പരമ്പരാഗതമായി സ്വാധീനം ഒന്നുമില്ലാത്ത വടക്ക് കിഴക്കൻ മേഖലയിൽ തൃപ്തികരമായ വിജയം. ത്രിപുരയിലെ പ്രകടനം നോക്കുമ്പോൾ, സീറ്റെണ്ണത്തിലും, വോട്ട് വിഹിതത്തിലും കുറവുണ്ടെങ്കിലും, പാർട്ടി സന്തോഷത്തോടെ അതേറ്റെടുക്കും. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളായ നാഗാലാൻഡിലും മേഘാലയയിലും പ്രകടനം മോശമായില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരപ്രകാരം ത്രിപുരയിൽ ബിജെപി 32 സീറ്റുകൾ സ്വന്തമാക്കി. സിപിഎം 11 സീറ്റ് നേടിയപ്പോൾ തിപ്ര മോത്ത പാർട്ടി 13 സീറ്റ് നേടി ഞെട്ടിച്ചു. കോൺഗ്രസിന് മൂന്നു സീറ്റ് മാത്രം. ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് ഒരു സീറ്റും. ആകെ 60 സീറ്റാണ് ഉള്ളത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മേൽക്കൈ ഉണ്ടായിരുന്ന കാലവും, ത്രിപുരയിലെ സിപിഎം ആധിപത്യവും എല്ലാം പഴങ്കഥകളായി. സിപിഎമ്മിന് ത്രിപുരയിൽ കഴിഞ്ഞ തവണ 42 ശതമാനം ഉണ്ടായിരുന്ന വോട്ട് വിഹിതം 25 ശതമാനമായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ ബിജെപി ആയിരുന്നു മുന്നിൽ.
പ്രദ്യോത് കിഷോർ
കിങ് മേക്കറായി മാറുമെന്ന പ്രവചനങ്ങൾ അസ്ഥാനത്തായെങ്കിലും ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ ത്രിപുരയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി തിപ്ര മോത്ത. രാജകുടുംബാംഗവും മുൻ കോൺഗ്രസ് നേതാവുമായ പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമയുടെ നേതൃത്വത്തിലുള്ള പാർട്ടി 13 സീറ്റിലാണ് വിജയിച്ചത്. ഗോത്ര വിഭാഗങ്ങൾക്കിടയിൽ ശക്തമായ സാന്നിധ്യമായി മാറിയ തിപ്ര മോത്ത ബിജെപിക്കും സഖ്യകക്ഷിക്കും ആ മേഖലയിൽ വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തങ്ങളുടെ പത്തോളം സീറ്റുകൾ പിടിച്ചെടുത്തെങ്കിലും തിപ്ര മോത്തയേയും സർക്കാറിന്റെ ഭാഗമാക്കി മാറ്റാനുള്ള ശ്രമം ബിജെപി ആരംഭിച്ചിട്ടുണ്ട്.
രാജകുടുംബത്തിന്റെ തലവൻ, മാധ്യമപ്രവർത്തകൻ തുടങ്ങി ഒട്ടനവധി വിശേഷണങ്ങൾക്ക് അർഹനാണ് പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമ. കുടുംബത്തിന്റെ പാരമ്പര്യം പിന്തുടർന്ന് കോൺഗ്രസിലൂടെയാണ് പ്രദ്യോതിന്റെയും രാഷ്ട്രീയ പ്രവേശനം. കഴിഞ്ഞ തവണ ഗോത്ര വർഗ്ഗക്കാരുടെ ശബ്ദമാകുകയും, എട്ട് സീറ്റ് നേടുകയും ചെയ്ത ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയെ തിപ്ര മോത്ത ഒതുക്കിയതും ശ്രദ്ധേയമാണ്.
നെയ്ഫ്യു റിയോ
നാഗാലാൻഡിൽ നാഷണൽ ഡെമാക്രാറ്റിക് പാർട്ടി 25 സീറ്റിൽ വിജയിച്ചപ്പോൾ ബിജെപി 12 സീറ്റിൽ ജയിച്ചുകയറി. എൻസിപി ആറുസീറ്റും, നാഷണൽ പീപ്പിൾസ് പാർട്ടി 5 സീറ്റും, ലോക്ജനശക്തിപാർട്ടി( രാംവിലാസ്), നാഗാ പീപ്പിൾസ് ഫ്രണ്ട്, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്നിവ രണ്ടുസീറ്റ് വീതവും, ജനതാദൾ യുണൈറ്റഡ് ഒരു സീറ്റും, സ്വതന്ത്രർ നാലുസീറ്റിലും വിജയിച്ചു. 60 സീറ്റാണ് നാഗാലാൻഡിലുള്ളത്.
നാല് തവണമുഖ്യമന്ത്രിയായ നെയിഫ്യു റിയോ അഞ്ചാം വട്ടവും മുഖ്യമന്ത്രിയാകും. 2018 ൽ 17 സീറ്റ് നേടിയ എൻഡിപിപി ഇത്തവണ 25 സീറ്റും 32 ശതമാനം വോട്ടുവിഹിതവും നേടി. കഴിഞ്ഞ തവണ 25.3 ശതമാനമായിരുന്നു വോട്ടുവിഹിതം.
കോൺറാഡ് സാങ്മ
മേഘാലയയിൽ മുന്നണി സർക്കാരിനെ നയിച്ചിരുന്ന കോൺറാഡ് സാങ്മ നിയമസഭാ തിരഞ്ഞടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. തീരുമാനം ശരിയായി വന്നു.19 സീറ്റും 20 ശതമാനം വോട്ടുവിഹിതവും ഉണ്ടായിരുന്ന എൻപിപി അത് 26 സീറ്റുെ 31 ശതമാനം വോട്ടുവിഹിതവും എന്ന നിലയിലേക്ക് ഉയർത്തി.
പരാജിതർ
സിപിഎമ്മും കോൺഗ്രസും
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മേൽക്കൈ ഉണ്ടായിരുന്ന കാലവും, ത്രിപുരയിലെ സിപിഎം ആധിപത്യവും എല്ലാം പഴങ്കഥകളായി. സിപിഎമ്മിന് ത്രിപുരയിൽ കഴിഞ്ഞ തവണ 42 ശതമാനം ഉണ്ടായിരുന്ന വോട്ട് വിഹിതം 25 ശതമാനമായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ ബിജെപി ആയിരുന്നു മുന്നിൽ. എന്നാൽ രണ്ടാം റൗണ്ടിൽ സിപിഎം-കോൺഗ്രസ് സഖ്യം മുന്നേറിയെങ്കിലും പിന്നീട് ലീഡ് നില താഴേക്കു പോവുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 16 സീറ്റ് നേടിയ സിപിഎമ്മിന് ഇത്തവണ അഞ്ച് സീറ്റുകൾ നഷ്ടമായി. 2018ൽ പൂജ്യത്തിലൊതുങ്ങിയ കോൺഗ്രസ് ഇത്തവണ മൂന്നു സീറ്റ് നേട്ടമായി. പ്രദ്യുദ് ദേബ് ബർമ്മന്റെ തിപ്ര മോത ഗോത്ര വർഗ മേഖലകളിൽ നിർണായക ശക്തിയായതാണ് സിപിഎമ്മിന് തിരിച്ചടിയായത്. സിപിഎമ്മിന് അഞ്ചു വർഷം മുമ്പ് ഭരണം പോയതിന് പിന്നാലെ ഇപ്പോൾ മുഖ്യപ്രതിപക്ഷ സ്ഥാനവും നഷ്ടമായി. തിപ്രമോത പാർട്ടിയാണ് മുഖ്യപ്രതിപക്ഷ കക്ഷി.
2018ൽ അധികാരം നഷ്ടമായെങ്കിലും ബിജെപിയുമായുള്ള വോട്ടിങ് വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു. 35 സീറ്റുകളിൽ വിജയിച്ച് അധികാരം നേടിയ ബിജെപിക്ക് 43.59 ശതമാനം വോട്ടുകളാണ് അന്ന് ലഭിച്ചിരുന്നത്. 16 സീറ്റുകൾ നേടിയ സിപിഎമ്മിന് 42.22 ശതമാനം വോട്ടുകൾ നേടാനായിരുന്നു എന്നത് ശ്രദ്ധേയമാണ്. തിപ്രമോത പാർട്ടിക്ക് 22 ശതമാനത്തോളം വോട്ടുകൾ പിടിക്കാനായി.
നാഗാലാൻഡിലും മേഘാലയിലും ബിജെപി സ്വാധീനശക്തിയല്ലെങ്കിലും, സർക്കാരിൽ പങ്കാളിത്തം ഉറപ്പിക്കുക വഴി പാൻ ഇന്ത്യ പാർട്ടി എന്ന ഇമേജ് വിപുലമാക്കുകയാണ്. വലിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഈ ഫലം സ്വാധീനിക്കില്ലെങ്കിലും, ബിജെപി ജയിക്കുന്ന പാർട്ടിയാണെന്ന വികാരം കൂടുതൽ ശക്തമാവുകയാണ്.
ത്രിപുരയിൽ ബംഗാളികളെ അപേക്ഷിച്ച് ഗോത്രവർഗ വിഭാഗം ഇപ്പോഴും രണ്ടാം നിരക്കാരായി തുടരുന്നു. ജനസംഖയിൽ 70 ശതമാനത്തോളം ബംഗാളികൾ ആണെന്നതും കാരണമാണ്. തിപ്ര മോത്തയുടെ 13 സീറ്റുകൾ ഇതിന്റെ സൂചനയാണ്.
ടിഎംസി പ്രതീക്ഷകൾ തകർന്നു
പശ്ചിമബംഗാളിന് പുറത്തേക്ക് സ്വാധീനം വർദ്ധിപ്പിച്ച് ദേശീയതലത്തിൽ മമത ബാനർജിക്ക് തിളങ്ങാമെന്ന തൃണമൂലിന്റെ പ്രതീക്ഷകളും മങ്ങിയിരിക്കുകയാണ്. ത്രിപുരയിൽ ബംഗാളി വോട്ടർമാരുടെ ഇഷ്ടം പിടിച്ചുപറ്റാമെന്ന് കണക്കുകൂട്ടിയെങ്കിലും, ഫലത്തിൽ അത് പ്രതിഫലിച്ചില്ല. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ അടക്കം 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂലിൽ ചേർന്നതിന്റെ ഗുണഫലവും കിട്ടിയില്ല. അതേസമയം മേഘാലയിൽ അഞ്ചുസീറ്റും 13 ശതമാനത്തിലേറെ വോട്ടും തൃണമൂലിന് ആശ്വസിക്കാൻ വകനൽകി. 2022 ൽ ഗോവയിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാതിരുന്ന തൃണമൂലിന്റെ സ്വാധീനം തൽക്കാലം ബംഗാളിൽ ഒതുങ്ങുകയാണ്.
അതുപോലെ തന്നെ ത്രിപുരയിൽ തിപ്ര മോത്തയുടെ വരവിൽ ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്കും, നാഗാലാൻഡിൽ നാഗാ പീപ്പിൾസ് ഫ്രണ്ടിനും തിരിച്ചടികൾ നേരിട്ടതും ശ്രദ്ധേയമാണ്.
മറുനാടന് ഡെസ്ക്