തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, തൃശ്ശൂരിലെ യുഡിഎഫ് ക്യാമ്പിനെ പിടിച്ചുലച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. മണലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപനെതിരെ അതിഗുരുതരമായ ആരോപണങ്ങളുമായാണ് നാട്ടിക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ് രംഗത്തെത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ പ്രതാപന്‍ ബിജെപിയുമായി കോടികളുടെ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എല്‍ഡിഎഫ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് ഫിറോസ് സ്വന്തം സ്ഥാനാര്‍ത്ഥിക്കെതിരെ ബോംബ് പൊട്ടിച്ചത്. ബിജെപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി പ്രതാപന്‍ വോട്ടു മറിച്ചുവെന്നാണ് ആരോപണം. 'ടി.എന്‍. പ്രതാപന്‍ പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണ്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ഗൂഢാലോചനകള്‍ക്ക് എന്റെ പക്കല്‍ രേഖകളുണ്ട്. നാട്ടികയിലും മണലൂരിലും ബിജെപിയില്‍ നിന്ന് പണം വാങ്ങി വിതരണം ചെയ്തത് ഞാന്‍ നേരില്‍ കണ്ട സത്യമാണ്,' ഫിറോസ് തുറന്നടിച്ചു.

ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപിയുമായി ചേര്‍ന്ന് പ്രതാപന്‍ നാടകങ്ങള്‍ കളിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു. അടുത്തിടെ നടന്ന ബിജെപി കിറ്റ് വിതരണവും അതിനെതിരെയുള്ള പ്രതാപന്റെ പ്രതിഷേധവും ബിജെപി നേതാക്കളുമായി ചേര്‍ന്ന് നേരത്തെ പ്ലാന്‍ ചെയ്തതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. മുസ്ലിം-ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കാനുള്ള ഈ തന്ത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മുന്‍മന്ത്രി സി. രവീന്ദ്രനാഥ് എല്‍ഡിഎഫിനായും കെ.കെ. അനീഷ്‌കുമാര്‍ എന്‍ഡിഎയ്ക്കായും മത്സരിക്കുന്ന മണലൂരില്‍, വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത് യുഡിഎഫിന് വലിയ തിരിച്ചടിയാണ്. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എല്‍ഡിഎഫിന്റെ തന്ത്രമാണിതെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.