- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ തവണ ബിജെപി. പ്രചാരണത്തിനുപയോഗിച്ച 'മാറ്റ'ത്തിനായുള്ള വോട്ട് ഇത്തവണ ചർച്ചയാക്കിയത് ഇടത്-കോൺഗ്രസ് മുന്നണി; തിപ്ര മോത്തയെന്ന ട്രൈബൽ പാർട്ടിയുണ്ടാക്കുന്ന അടിയൊഴുക്ക് നിർണ്ണായകമാകും; ജയം ഉറപ്പെന്ന് ബിജെപിയും; ത്രിപുരയിൽ പ്രവചനം അസാധ്യം; വോട്ടെടുപ്പ് ഇന്ന്
അഗർത്തല: ത്രിപുരയിൽ 60 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച. രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. അധികാരം നിലനിർത്താമെന്നാണ് ബിജെപി പ്രതീക്ഷ. എന്നാൽ അട്ടിമറിക്കാണ് സിപിഎം-കോൺഗ്രസ് സഖ്യത്തിന്റെ ശ്രമം. ഇതിന് സാധ്യത ഏറെയാണെന്നും വിലയിരുത്തലുണ്ട്. അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് സൂചന. ഒരു പാർട്ടി ഏകപക്ഷീയമായി ഭൂരിപക്ഷം നേടുക എന്നതാണ് ത്രിപുരയുടെ തിരഞ്ഞെടുപ്പ് ചരിത്രം. കാൽനൂറ്റാണ്ട് സിപിഎമ്മിനെ അധികാരത്തിലേറ്റിയ ത്രിപുരയിലെ ജനങ്ങൾ 2018-ൽ ബിജെപി.ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നൽകി. പൂജ്യം സീറ്റിൽനിന്ന് 36 സീറ്റിലേക്ക് ബിജെപി. കുതിച്ചുകയറി.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷാവലയത്തിലാണ് സംസ്ഥാനം. അയൽ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറമിലേക്കുമുള്ള അതിർത്തികൾ കഴിഞ്ഞദിവസം അടച്ചിരുന്നു. രാത്രി പത്തുമുതൽ രാവിലെ ആറുവരെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണൽ നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് രണ്ടിന് നടക്കും. ത്രിപുരയിൽ ഇത്തവണ ചിത്രം വ്യക്തമല്ല. ത്രിപുരയിലെ 28.13 ലക്ഷം വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലെത്തുമ്പോൾ ഫലം എങ്ങോട്ടും മാറിമറിയാം.
'നമുക്ക് മാറാം' എന്ന മുദ്രാവാക്യമുയർത്തിയാണ് കഴിഞ്ഞവട്ടം ബിജെപി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഏഴ് എംഎൽഎ.മാർ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപി.യിലെത്തി. അത് വിജയം കണ്ടു. കോൺഗ്രസിൽനിന്നെത്തിയവർ ഉൾപ്പെടെ അഞ്ച് എംഎൽഎ.മാർ അഞ്ചുവർഷത്തിനിടെ പാർട്ടി വിട്ടു. ബിപ്ലബ് മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന സുദീപ് റോയ് ബർമനും ഇതിൽപ്പെടും. അഗർത്തലയിൽനിന്ന് കോൺഗ്രസിനായി മത്സരിക്കുന്നുണ്ട് അദ്ദേഹം. ബിജെപി. സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരേയാണ് തങ്ങൾ മത്സരിക്കുന്നതെന്നാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്. കഴിഞ്ഞതവണ ബിജെപി. പ്രചാരണത്തിനുപയോഗിച്ച 'മാറ്റ'ത്തിനായുള്ള വോട്ടാണ് ഇടത്-കോൺഗ്രസ് മുന്നണി മുന്നോട്ടുവെക്കുന്നത്.
പ്രചാരണത്തിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ബിജെപി. ഒരുപടി മുന്നിൽത്തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെ അൻപതോളം താരപ്രചാരകരാണ് ഈ കൊച്ചു സംസ്ഥാനത്ത് ഒരുമാസത്തിനിടെ എത്തിയത്. ''പരസ്പരം പോരടിച്ചിരുന്ന സിപിഎമ്മും കോൺഗ്രസുമാണ് ഇപ്പോൾ സഖ്യത്തിലെത്തിയിരിക്കുന്നത്. അതവർ എത്രമാത്രം ദുർബലരാണെന്നതാണ് വ്യക്തമാക്കുന്നത്. അവർക്ക് ബിജെപി.യുടെ ശക്തിയിൽ പേടിയുണ്ട്. അവർ സഖ്യത്തിലെത്തിയ ദിവസം തന്നെ ബിജെപി.യുടെ വിജയം ഉറപ്പായിക്കഴിഞ്ഞു.'' -ത്രിപുരയിലെ പ്രചാരണത്തിന്റെ മുഖ്യസംഘാടകനായ അസം മുഖ്യമന്ത്രി ഹനുമന്ത ബിശ്വ ശർമ പറയുന്നു.
പ്രധാന രണ്ടു മുന്നണികളും ശക്തമായി നിൽക്കുമ്പോഴും തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം തിപ്ര മോത്തയെന്ന ട്രൈബൽ പാർട്ടിയുടേതാണ്. നിയമസഭയിലെ 60 സീറ്റുകളിൽ 20 എണ്ണം എസ്.ടി. സംവരണ സീറ്റുകളാണ്. മാണിക്യ രാജകുടുംബാംഗമായ പ്രദ്യോത് ദേബ് ബർമന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് ഈ മണ്ഡലങ്ങളിൽ വലിയ സ്വാധീനമുണ്ട്. ത്രിപുരയിലെ കോൺഗ്രസ് അധ്യക്ഷനായിരുന്നു പ്രദ്യോത്. 2019-ൽ രൂപവത്കരിച്ച പാർട്ടി കഴിഞ്ഞവർഷം നടന്ന ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. ഈ മേഖലയിലാണ് സംവരണസീറ്റുകളുള്ളത്.
'ഗ്രേറ്റർ തിപ്രലാൻഡ്' എന്ന പേരിൽ ആദിവാസി വിഭാഗങ്ങൾക്കായി പ്രത്യേക സംസ്ഥാനമോ കൂടുതൽ സ്വയംഭരണാവകാശമോ വേണമെന്നതാണ് പാർട്ടിയുടെ ആവശ്യം. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി.യും സിപിഎമ്മും പ്രദ്യോതുമായി സഖ്യചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, തിപ്രലാൻഡ് ആവശ്യം അംഗീകരിക്കാതെ ആരുമായും സഖ്യമില്ലെന്നായിരുന്നു പ്രദ്യോതിന്റെ പ്രഖ്യാപനം.
മറുനാടന് മലയാളി ബ്യൂറോ