വാഷിങ്ടണ്‍: നാലുവര്‍ഷം മുമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോറ്റപ്പോള്‍ ഫലം അംഗീകരിച്ചുകൊണ്ട് അധികാര കൈമാറ്റത്തിന് ആദ്യം ഡൊണള്‍ഡ് ട്രംപ് തയ്യാറായിരുന്നില്ല. ലളിതമായി അധികാര കൈമാറ്റം നടക്കുമെന്നാണ് അന്ന് എല്ലാവരും കരുതിയത്. എന്നാല്‍, കടുംപിടുത്തം തുടരണോ അതോ പോണോ എന്ന കാര്യത്തില്‍ ട്രംപിന് ആശയക്കുഴപ്പമായിരുന്നു. തിരഞ്ഞെടുപ്പിനെ കുറിച്ച് തന്റെ നിലപാട് മാറ്റിക്കൊണ്ട് ട്രംപ് രംഗത്തെത്തുകയും ചെയ്തു.

ജോ ബൈഡന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചതിന് പുറമേ, അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും അന്നേ നല്‍കി. തിരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായിരുന്നുവെന്നും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ തന്റെ പരാജയം അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

വീണ്ടും തിരഞ്ഞെടുപ്പ് താന്‍ ആഗ്രഹിക്കുന്നില്ല പക്ഷെ ഈ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ട്രംപിന്റെ ഏറ്റവും പ്രധാനപ്പെട്ട വീഡിയോ എന്ന വാദവുമായി 46 മിനുട്ട് ദൈര്‍ഘ്യം വരുന്ന വീഡിയോ വൈറ്റ് ഹൗസ് പുറത്ത് വിടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് വഞ്ചനാപരമാണെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ച ഒന്നിലധികം സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ അസാധുവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

വഞ്ചന, മരിച്ച ആളുകളുടെ വോട്ടുചെയ്യല്‍, വോട്ടിങ് മെഷീനുകളിലെ ദുരൂഹത, ജോ ബൈഡന് വേണ്ടി ഡെമോക്രാറ്റിക് വോട്ടുകള്‍ ഉള്ള വലിയ പ്രധാന നഗരങ്ങളിലെ അഴിമതി തുടങ്ങി നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹം വീഡിയോയില്‍ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്വിങ് സംസ്ഥാനങ്ങളില്‍ മാത്രം ദശലക്ഷക്കണക്കിന് വോട്ടുകള്‍ അനധികൃതമായി രേഖപ്പെടുത്തി. അതുകൊണ്ട് തന്നെ വ്യക്തിഗത സ്വിങ് സ്റ്റേറ്റുകളുടെ ഫലങ്ങള്‍ ഉടനടി അസാധുവാക്കുകയും വേണം ട്രംപ് പറഞ്ഞു. വാഷിങ്ടണില്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെ ബൈഡന്റെ വിജയം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

2024 ല്‍ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയും അന്ന് ട്രംപ് പങ്കുവെച്ചിരുന്നു. ഗംഭീരമായ നാല് വര്‍ഷമാണ് കടന്നുപോയതെന്നും നാല് കൊല്ലത്തിന് ശേഷം വീണ്ടും കാണാമെന്നും ട്രംപ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പൊതുപരിപാടികളില്‍ നിന്ന് അകന്നു നിന്ന ട്രംപ് തിരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച് ട്വീറ്റുകള്‍ പോസ്റ്റു ചെയ്തിരുന്നു. എന്നാല്‍ അറ്റോര്‍ണി ജനറല്‍ ട്രംപിന്റെ അട്ടിമറി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. നീതിന്യായവകുപ്പും ആഭ്യന്തരസുരക്ഷാ വകുപ്പും ട്രംപിന്റെ പരാതിയില്‍ അന്വേഷണം നടത്തിയിരുന്നു.

ഇതിനെല്ലാം പുറമേ, കാലാകാലങ്ങളായി അമേരിക്കയില്‍ നടന്നുവരുന്ന ഒരു കാര്യമുണ്ട്. നിയുക്ത പ്രസിഡണ്ടിനെ സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനത്ത് എത്തിക്കാന്‍, അമേരിക്കന്‍ എയര്‍ഫോഴ്‌സ് വിമാനമാണ് അയക്കാറുള്ളത്. ഇത് ഏര്‍പ്പാടാക്കേണ്ടത് നിലവിലെ പ്രസിഡന്റാണ്. എന്നാല്‍ ട്രംപ് അതിനു തയ്യാറാകാത്തതിനാല്‍ ചാര്‍ട്ടര്‍ വിമാനത്തിലാണ് ജോ ബൈഡന്‍ വാഷിങ്ടണില്‍ എത്തിയത്. 2017 ജനുവരിയില്‍ സത്യപ്രതിജ്ഞയ്‌ക്കെത്താന്‍, ട്രംപിനായി എയര്‍ഫോഴ്‌സ് വിമാനം അന്ന് പ്രസിഡണ്ടായിരുന്ന ഒബാമ അയച്ചു കൊടുത്തിരുന്നു. ഏതായാലും ട്രംപ് നാലുവര്‍ഷം മുമ്പ് പറഞ്ഞത് പോലെ തകര്‍പ്പന്‍ ജയവുമായി വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുകയാണ്.