- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫില്‍ സീറ്റ് വിഭജനം ക്ലൈമാക്സില്‍; അങ്കത്തട്ടില്‍ കോണ്‍ഗ്രസ് 95 സീറ്റില്‍, ലീഗിന് 27; അന്‍വര്‍ ബേപ്പൂരില്‍; കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി എത്തുക 92 സീറ്റില്‍

ന്യൂഡല്‍ഹി: കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ശുഭപര്യവസാനം. ആകെയുള്ള 140 സീറ്റുകളില്‍ 92 എണ്ണത്തില്‍ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ അങ്കത്തിനിറങ്ങുമ്പോള്‍ മൂന്നിടത്ത് സ്വതന്ത്രരെ ഇറക്കി കളം പിടിക്കാനാണ് നീക്കം. ഇതോടെ കോണ്‍ഗ്രസ് പാളയത്തില്‍ മൊത്തം 95 സീറ്റുകള്‍ ഉറപ്പിച്ചു. രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് ഇത്തവണ 27 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അടിയൊഴുക്കുകള്‍ പ്രവചനാതീതമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികളെ പിണക്കാതെയുള്ള മാസ്റ്റര്‍ പ്ലാനാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഡല്‍ഹിയില്‍ വെളിപ്പെടുത്തിയത്.
മുന്നണിക്കുള്ളില്‍ സീറ്റുകള്‍ വെച്ചുമാറുന്നതില്‍ ഇക്കുറി വന്‍ വിട്ടുവീഴ്ചകളാണ് നടന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തങ്ങളുടെ ഉറച്ച കോട്ടകളായ ഇടുക്കിയും ഏറ്റുമാനൂരും കോണ്‍ഗ്രസിന് വിട്ടുനല്‍കി. പകരം കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സീറ്റാണ് ജോസഫ് ഗ്രൂപ്പിന് ലഭിച്ചത്. ആകെ 8 സീറ്റുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുക. മറുഭാഗത്ത് ആര്‍എസ്പി തങ്ങളുടെ മട്ടന്നൂര്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കി പകരം പയ്യന്നൂര്‍ ഏറ്റെടുത്തു. എന്നാല്‍ പയ്യന്നൂരില്‍ ആര്‍എസ്പി നേരിട്ട് മത്സരിക്കില്ല; പകരം സ്വതന്ത്രനായി രംഗത്തുള്ള കുഞ്ഞികൃഷ്ണനെ യുഡിഎഫ് പിന്തുണയ്ക്കും. കൊല്ലം കേന്ദ്രീകരിച്ചുള്ള പോരാട്ടത്തിന് പുറമെ പയ്യന്നൂരിലെ ഈ പരീക്ഷണം ആര്‍എസ്പിക്ക് നിര്‍ണ്ണായകമാകും.
ഏറ്റവും ശ്രദ്ധേയമായ നീക്കം പി.വി. അന്‍വറിന്റേതാണ്. അന്‍വര്‍ ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. പാലായില്‍ മാണി സി. കാപ്പനും പിറവത്ത് അനൂപ് ജേക്കബും തന്നെയാകും യുഡിഎഫ് മുഖങ്ങള്‍. വടകരയില്‍ ആര്‍എംപിയും തിരുവനന്തപുരത്ത് സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണും കളത്തിലിറങ്ങുന്നതോടെ പോരാട്ടം കടുക്കും. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള സിറ്റിംഗ് എംപിമാര്‍ക്ക് കോണ്‍ഗ്രസ് അവസരം നല്‍കും.
നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് വിഡി സതീശന്‍ കൃത്യമായ മറുപടി നല്‍കിയില്ല. എംപിമാരുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിനല്ല, മറിച്ച് ഡല്‍ഹിയിലെ ഹൈക്കമാന്‍ഡിനാണ് അന്തിമ അധികാരമെന്ന് അദ്ദേഹം വ്യക്തമാക്കി. 'അവര്‍ ഉന്നതരായ നേതാക്കളാണ്, അവരുടെ കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ വേണ്ട. കേന്ദ്ര തീരുമാനം ഉടന്‍ വരും,' സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളില്‍ 55 ഇടത്തെ സ്ഥാനാര്‍ത്ഥികളെ ഇതിനകം പ്രഖ്യാപിച്ചു. ബാക്കിയുള്ള 40 സീറ്റുകളിലെ സസ്‌പെന്‍സ് ഇന്ന് രാത്രിയോടെ അവസാനിക്കുമെന്നാണ് വിവരം. ഗ്രൂപ്പ് പോരുകളും തര്‍ക്കങ്ങളും ഒഴിവാക്കി ഭരണത്തുടര്‍ച്ച തടയുക എന്ന ഒറ്റലക്ഷ്യത്തിലേക്ക് യുഡിഎഫ് ഒന്നിച്ചു നീങ്ങുകയാണെന്നും സതീശന്‍ പറഞ്ഞു.


