കൊച്ചി: പാലക്കാട് വോട്ടിന് ബിജെപി പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പണവും സാരിയും കിറ്റുകളും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ആണ് ബിജെപി നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു. നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്നും നിയമപരമായി നേരിടുമെന്നും വിഡി സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യത്തില്‍ തന്നെ പണം വിതരണം ചെയ്യുകയാണ് ബിജെപി.

കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബിജെപി തുടക്കമിടുന്നത്. സംസ്ഥാനത്തുടനീളം കോടി കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മറ്റ് പാര്‍ട്ടിക്കാര്‍ എല്ലാം കലാശക്കൊട്ടില്‍ കേന്ദ്രീകരിച്ച സമയത്താണ് ബിജെപി പ്രവര്‍ത്തകര്‍ വീടുകയറി സാരി നല്‍കിയത്.

സിപിഐഎമ്മും ഹീനമായ രാഷ്ട്രീയ പ്രചാരണം നടത്തുന്നു. അടൂരിലെ സ്ഥാനാര്‍ത്ഥി ഒരു കൊലക്കേസിലും പ്രതിയല്ല. പറവൂരില്‍ തനിക്കെതിരെ നോട്ടീസ് വിതരണം ചെയ്യുന്നു. കൈപ്പമംഗലത്തെ കമ്മിറ്റിയുടെ പേരിലാണ് നോട്ടീസ് പ്രിന്റ് ചെയ്ത് പറവൂരില്‍ വിതരണം ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ചുകൂടി ജാഗ്രതയോടെ ഇടപെടണമെന്നും വിഡി സതീശന്‍ പറഞ്ഞു. സര്‍വീസ് വോട്ടുകള്‍ ചെയ്യാന്‍ വൈകുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ബാലറ്റ് പോലും സമയത്തിന് എത്തിക്കാന്‍ ആകാതെ എന്ത് തെരഞ്ഞെടുപ്പാണ് കമ്മീഷന്‍ നടത്തുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

വയനാട് കോണ്‍ഗ്രസ് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് എംവി നികേഷ് കുമാര്‍ ഉന്നയിച്ച ചോദ്യങ്ങളോടും വിഡി സതീശന്‍ പ്രതികരിച്ചു. തന്നോട് ചോദ്യം ചോദിക്കാന്‍ ആരാണ് നികേഷ്‌കുമാര്‍ എന്ന് ചോദിച്ച സതീശന്‍, നികേഷ് കുമാര്‍ എകെജി സെന്ററിലെ പ്യൂണിനോടോ അറ്റന്‍ഡര്‍മാരോടോ ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതിയെന്നും വിഡി സതീശന്‍ പറഞ്ഞു.