തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആര്‍ജെഡിയില്‍ നിന്ന് രാജിവെച്ച മുന്‍ മന്ത്രിയും പാര്‍ട്ടി വൈസ് പ്രസിഡന്റുമായിരുന്ന വി. സുരേന്ദ്രന്‍ പിള്ള പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സുരേന്ദ്രന്‍ പിള്ളയുടെ ഈ തീരുമാനം.

എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനും ബിജെപി ടിക്കറ്റില്‍ മത്സരിക്കാനും സുരേന്ദ്രന്‍ പിള്ള ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സുരേന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ജനാധിപത്യ കേരള കോണ്‍ഗ്രസും ആന്റണി രാജുവും ശക്തമായി എതിര്‍ത്തു. ബിജെപിയുമായി ചര്‍ച്ച നടത്തിയ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വവും താല്‍പര്യം കാണിച്ചില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ കരമന ജയനു സീറ്റ് നല്‍കണമെന്ന ബിജെപി മണ്ഡലം കമ്മിറ്റിയുടെ ഉറച്ച നിലപാടും അദ്ദേഹത്തിന് തിരിച്ചടിയായി. കേരള കോണ്‍ഗ്രസ് (എം) തങ്ങളുടെ പതിമൂന്നാം സീറ്റായി ആവശ്യപ്പെട്ടിരുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ സുരേന്ദ്രന്‍ പിള്ള അവരുമായും ചര്‍ച്ച നടത്തിയിരുന്നതായി മാണി വിഭാഗം പ്രാദേശിക നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

പാര്‍ട്ടിയിലേക്ക് മടങ്ങിയെത്താനുള്ള തീരുമാനം ശ്രേയാംസ് കുമാറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണെന്ന് വി. സുരേന്ദ്രന്‍ പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. 'മൂന്ന് സീറ്റിനപ്പുറം ലഭിക്കാന്‍ സാധ്യത കുറവാണെന്നും, സര്‍ക്കാര്‍ വരുന്ന മുറയ്ക്ക് മറ്റ് സ്ഥാനമാനങ്ങള്‍ കഴിഞ്ഞതവണത്തെ കുറവ് കൂടി നികത്തി ആര്‍ജെഡിക്ക് നല്‍കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചതായും ശ്രേയാംസ് കുമാര്‍ അറിയിച്ചു' എന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫുമായും ബിജെപിയുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അതൊക്കെ വെറും പ്രചാരണങ്ങളാണെന്നും ബിജെപിയില്‍ പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നെന്നും സുരേന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനും താന്‍ തയ്യാറല്ലായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

ആര്‍ജെഡിക്ക് തിരുവനന്തപുരം സീറ്റ് വേണമെന്നായിരുന്നു താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍, ഒരു ഘടകകക്ഷിക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായും സുരേന്ദ്രന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരം ആര്‍ജെഡിക്ക് നല്‍കിയാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനു അവര്‍ ആഗ്രഹിക്കുന്ന മറ്റൊരു സീറ്റ് നല്‍കേണ്ടിവരുമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. നിലവില്‍ മൂന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും എട്ടോളം ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങളുമാണ് ആര്‍ജെഡിക്കുള്ളത്.