ന്യൂഡൽഹി: കർണാടകയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ച കോൺഗ്രസിന് മുന്നിൽ കടമ്പയായി മുഖ്യമന്ത്രി സ്ഥാനനിർണയം. തെരഞ്ഞെടുപ്പു രംഗത്ത് ഒരുപോലെ നിന്നു പോരാടിയവരെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിലാണ് രണ്ട് നേതാക്കളും ഇത് നേതൃത്വത്തിന് മുന്നിലും വെല്ലുവിളിയായി നിലനിൽക്കുന്നു. കേന്ദ്രത്തിന്റെ നോട്ടപ്പുള്ളി കൂടിയാണ് ഡികെ ശിവകുമാർ എന്നതു കൊണ്ട് തന്നെ സിദ്ധരാമയ്യക്കാണ് മുൻതൂക്കം എന്നാണ് മാധ്യമ വാർത്തകൾ. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെയും പാർട്ടിക്കുള്ളിൽ ധാരണയായിട്ടില്ല.

തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നു പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് അവസരം നൽകണമെന്ന ചിന്ത ദേശീയ നേതൃത്വത്തിനുണ്ട്. അതേസമയം, പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചിനു ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും. ലിംഗായത്ത് പ്രതിനിധിയെന്ന നിലയിൽ എം.ബി.പാട്ടീൽ, ദലിത് നേതാവ് ജി.പരമേശ്വര എന്നിവരെയും ഉപമുഖ്യമന്ത്രി പദത്തിലേക്കു പരിഗണിച്ചേക്കും. മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും രണ്ടര വർഷം വീതം നൽകണമെന്ന വാദവും ഉരുന്നുണ്ട്.

ഞായറാഴ്ച വൈകീട്ട് 5.30ന് ചേരുന്ന കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. മുൻ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ വരുണയിൽ ബിജെപിയുടെ വി. സോമണ്ണയെ 46,163 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപിച്ചത്. സിദ്ധരാമയ്യ നേടിയത് 1,19,430 വോട്ടുകൾ. ഇത് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം മുമ്പേ പറഞ്ഞിരുന്നു. ശനിയാഴ്ച വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പേ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര പറഞ്ഞത്, പിതാവ് വൻ ഭൂരിപക്ഷത്തിൽ ജയിച്ച് മുഖ്യമന്ത്രിയാകുമെന്നും അത് സംസ്ഥാനത്തിന്റെ താൽപര്യമാണെന്നുമാണ്. സംസ്ഥാനത്തെ ക്രൗഡ്പുള്ളർ നേതാവായ സിദ്ധരാമയ്യയും മോഹം മറച്ചുവെച്ചിട്ടില്ല. മുഖ്യമന്ത്രിയാകാൻ മോഹിക്കുന്നതിൽ തെറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

കനകപുര മണ്ഡലത്തിൽനിന്ന് എട്ടു തവണ എംഎ‍ൽഎയായ ശിവകുമാർ സംസ്ഥാനത്തെ ശക്തനായ രാഷ്ട്രീയ നേതാവാണ്. ഇത്തവണ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 1,22,392 വോട്ടിനാണ് വൻ വിജയം നേടിയത്. മുഖ്യമന്ത്രിയെ എംഎ‍ൽഎമാരും പാർട്ടി ഹൈക്കമാൻഡുമാണ് തീരുമാനിക്കുകയെന്നാണ് ശിവകുമാർ അടുത്തിടെ പറഞ്ഞത്. എന്നാൽ, ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തയാറാണെങ്കിൽ മുഖ്യമന്ത്രിപദം അദ്ദേഹത്തിന് നൽകാമെന്നും അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കാൻ തയാറാണെന്നും കൂട്ടിച്ചേർത്തിരുന്നു. ശിവകുമാർ മുഖ്യമന്ത്രിയാകാൻ സാധ്യതയെന്ന് സഹോദരനും എംപിയുമായ ഡി.കെ. സുരേഷ് ശനിയാഴ്ച പറഞ്ഞു.

കർണാടകക്കാരൻ കൂടിയായ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും ഭാരത് ജോഡോ യാത്രയിലൂടെ കർണാടകത്തെ ഇളക്കിമറിച്ച രാഹുൽ ഗാന്ധിയുടെയും നിലപാടായിരിക്കും നിർണായകം. സോണിയ ഗാന്ധിയുടെയും ഖാർഗെയുടെയും പിന്തുണ ഡി കെ ശിവകുമാറിനാണ്. എന്നാൽ എംഎൽഎമാരിൽ ഭൂരിപക്ഷം പേരും സിദ്ധരാമയ്യയെയും പിന്തുണയ്ക്കുന്നു. ഇതോടെ ഇന്നത്തെ നിയമസഭാ കക്ഷി യോഗം നിർണായകമാകും. രണ്ട് ടേം എന്ന ആലോചനയിലുമാണ് പാർട്ടി നേതൃത്വമുള്ളത്.

സിദ്ധരാമയ്യഅനുകൂല ഘടകം:2013 മുതൽ 2018വരെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് പ്രചാരണായുധമാക്കിയ അഴിമതിയും വർഗീയതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത നേതാവാണ് അദ്ദേഹം. ജനങ്ങൾക്കിടയിലും വൻസ്വീകാര്യതയുണ്ട്. സാധാരണക്കാർക്കിടയിൽ മതിപ്പുളവാക്കുന്ന പ്രാസംഗികൻനാണ്.

മറുവശത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കോൺഗ്രസിനെ സർവസജ്ജമാക്കിയ പോരാളിയാണ് ഡി കെ ശിവകുമാർ. ഇപ്പോഴത്തെ വിജയത്തിന്റെ ശില്പിയായി എല്ലാവരും വാഴ്‌ത്തുന്നതും ശിവകുമാറിനെയാണ്. പ്രതിസന്ധികളിൽ പാർട്ടിയുടെ രക്ഷകൻ. ബിജെപി തന്ത്രങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുക്കുന്ന നേതാവ്. ബിജെപിയുടെ പണക്കൊഴുപ്പിനെ നേരിടാൻ പ്രാപ്തനായ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ കൂടിയാണ് അദ്ദേഹം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനെന്നതും ഡികെയ്ക്ക് സാധ്യതകൾ നൽകുന്നു. നിയമസഭയിലേക്ക് എട്ടാം തവണയാണ് എത്തുന്നത്.

അതേസമയം കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി സിബിഐയും ഇ.ഡിയും ഐ.ടി വകുപ്പും ഒന്നിലധികം കേസുകളിൽ പ്രതിയാണ് ഡി കെ ശിവകുമാർ. 104 ദിവസം തിഹാർ ജയിലിൽ കഴിയേണ്ടിവന്നു. ഇപ്പോൾ ജാമ്യത്തിലാണ്. മുഖ്യമന്ത്രിയായാൽ കേന്ദ്രസർക്കാർ ഈ കേസുകൾ വഴി ജയിലിലടയ്ക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കും. ഇതാണ് ഡികെയ്ക്ക് തുടക്കത്തിൽ കസേര നൽകുന്നതിൽ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്ന ഘടകവും.