ബംഗളൂരു: കർണാടകയിൽ വിജയലഹരിയിലാണ് കോൺഗ്രസ്. ആഘോഷങ്ങൾക്കിടയിലും, വലിയൊരു ചോദ്യം പാർട്ടിക്ക് മുന്നിലുണ്ട്. ആരാകും കർണാടക മുഖ്യമന്ത്രി? തീർച്ചയായും രണ്ടുപേരുകളാണുള്ളത്. സിദ്ധരാമയ്യയും, ഡികെ ശിവകുമാറും. കർണാടകത്തിലെ ജനകീയ നേതാക്കളാണ് ഇരുവരും.

ബിജെപിയുടെ യെദിയൂരപ്പ സജീവ രാഷ്ട്രീയം വിട്ടതോടെ, സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവാണ് സിദ്ധരാമയ്യ. എക്‌സിറ്റ് പോളുകളിലും ഒപ്പീനിയൻ പോളുകളിലും ജനങ്ങൾ തിരഞ്ഞെടുത്തത് സിദ്ധരാമയ്യയെ ആണ്. അദ്ദേഹം മുഖ്യമന്ത്രിയായാൽ, അതുജനങ്ങളുടെ തിരഞ്ഞെടുപ്പിന്റെ സ്വാഭാവിക പ്രതിഫലനമാകും. ന്യൂനപക്ഷങ്ങൾ, പിന്നോക്ക വിഭാഗങ്ങൾ, ദളിതർ എന്നീവിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് കോൺഗ്രസിന്റെ 'അഹിന്ദ' അടിത്തറ പുനരുജ്ജീവിപ്പിച്ചതും സിദ്ധരാമയ്യയാണ്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കാതെ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത് തന്നെ തമ്മിലടി ഒഴിവാക്കാനായിരുന്നു. ഇരുവരും മുഖ്യമന്ത്രി പദവി മോഹിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണസമയത്തു ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സോണിയയും രാഹുലും നടത്തിയ ശ്രമങ്ങൾ ഭാഗികമായി മാത്രമാണ് വിജയിച്ചത്.

ഇത് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത് തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രതീക്ഷിച്ചാണ്. എന്നാൽ സംഘാടന പാടവം കൊണ്ട് പാർട്ടിയെ ഒരേചരടിൽ കോർത്ത ഡികെയെയും പാർട്ടിക്ക് തള്ളിപ്പറയാനാവില്ല. അതുകൊണ്ട് രണ്ടുപേരെയും ഉൾക്കൊള്ളുന്ന തീരുമാനമേ എടുക്കാനാകൂ.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസിന് ഏറ്റ തിരിച്ചടിയെ തുടർന്നാണ് ഡികെ പാർട്ടിയുടെ സാരഥിയായത്. കോൺഗ്രസ് അന്ന് 28 സീറ്റിൽ. ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്. അതും ഡികെയുടെ സഹോദരൻ ഡി കെ സുരേഷായിരുന്നു. കുറച്ചുമാസങ്ങൾക്ക് ശേഷം ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് പരാജയം രുചിക്കേണ്ടി വന്നു. ദിനേശ് ഗുണ്ടുറാവു രാജി വച്ചതോടെ, ഡികെ ചുമതയേറ്റു. റെയ്ഡുകളും, അറസ്റ്റുകളുമായി ബിജെപി നിരന്തരം വേട്ടയാടിയെങ്കിലും, പാർട്ടിയോട് കൂറ് പുലർത്തി ഡികെ പാറ പോലെ ഉറന്നുനിന്നു.

കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതോടെ കാര്യങ്ങൾക്ക് ഔദ്യോഗിക പരിവേഷം വരും. മൂന്നുസാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

1.സിദ്ധരാമയ്യ മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എംഎൽഎമാർ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുകയും, ഹൈക്കമാൻഡ് സിദ്ധരാമയ്യയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

2.ഡികെ ശിവകുമാർ മുഖ്യമന്ത്രി.

3. ഡികെയും സിദ്ധരാമയ്യയും അധികാരം പങ്കിടുന്നു. രണ്ടര വർഷം വച്ച് ഇരുവരും മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നു.

എന്നാൽ, നാലാമതൊരു സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞുനിൽക്കുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയും, ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. നേതാക്കൾ തമ്മിൽ തർക്കങ്ങളില്ലാതെ സർക്കാർ രൂപീകരിക്കുക പ്രധാനമാണ്. കോൺഗ്രസിൽ നിന്ന് ജയിച്ചുവന്ന എംഎൽഎമാരിലും സിദ്ദരാമയ്യയെ പിന്തുണക്കുന്നവരാണ് അധികവും. അതേസമയം തെരഞ്ഞെടുപ്പിൽ കാര്യമായി സഹായിച്ച വൊക്കലിംഗ സമുദായത്തെയും കോൺഗ്രസ് പരിഗണിക്കും. ഈ സമുദായത്തിൽ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിയാക്കും. ഡികെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകൾ നൽകുമെന്നുമാണ് വിവരം. കർണാടകത്തിൽ ജയിച്ച മുഴുവൻ സ്ഥാനാർത്ഥികളോടും ഉടൻ ബെംഗളൂരുവിൽ എത്താൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. സിദ്ധരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകൻ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്

ഹൈക്കമാൻഡിന് ആരോട് പ്രിയം?

വോക്കലിഗ സമുദായക്കാരനായ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിനോടാണ് ഗാന്ധി കുടുംബത്തിന് താൽപര്യമെന്ന് പറഞ്ഞുകേൾക്കുന്നുണ്ട്. 2017ൽ അഹമ്മദ് പട്ടേൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിജയം ഉറപ്പാക്കിയതും, രാഹുലിന്റെ ഭാരത് ജോഡോ യാത്ര കർണാടകയിൽ വൻ വിജയമാക്കിയതുമെല്ലാം ഡികെയെ പ്രിയപ്പെട്ടവനാക്കുന്നു.

സിദ്ധരാമയ്യ 2013 മുതൽ 2018 വരെ മുഖ്യമന്ത്രിയായിരുന്നു. കുറുബ സമുദായക്കാരനായ സിദ്ധരാമയ്യയ്ക്ക് പഴയ മൈസുരുവിൽ ശക്തമായ അടിത്തറയുണ്ട്. ലോക്ദൾ ടിക്കറ്റിൽ 1983 ലാണ് ആദ്യം എംഎൽഎയായത്. 1994ൽ ജനതാദൾ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി. ജനതാദൾ സെക്കുലറിൽ നിന്ന് പുറത്താക്കിയതോടെ കോൺഗ്രസിൽ ചേർന്നു. 2013 ൽ മുഖ്യമന്ത്രിയായി. അതും കോൺഗ്രസിൽ എത്തി ഏഴാം വർഷം. അന്ന് കേന്ദ്രമന്ത്രിയായിരുന്ന മല്ലികാർജുന ഖാർഗെയ്ക്ക് ഹൈക്കമാൻഡിന്റെ പിന്തുണയുണ്ടായിട്ടും നിയസഭാകക്ഷിയിൽ സിദ്ധരാമയ്യയ്ക്കായിരുന്നു പിന്തുണ.

എന്തായാലും വൈകിട്ട് ഇരുനേതാക്കളും സംയുക്ത വാർത്താ സമ്മേളനം നടത്തുന്നുണ്ട്.