ന്യൂഡല്‍ഹി: മിനിമം താങ്ങുവിലയ്ക്കായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം കൂട്ടുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ലോങ് മാര്‍ച്ച് നടത്തും. പാര്‍ലമെന്റ് സമുച്ചയത്തില്‍, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കര്‍ഷക നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചാബ്, ഹരിയാന, യുപി, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള 12 കര്‍ഷക പ്രതിനിധികളാണ് രാഹുലിനെ കണ്ടത്. ഓഗസ്റ്റ് 15 ന് കര്‍ഷകര്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ റാലി നടത്തുന്നുണ്ട്.

തങ്ങളുടെ പ്രകടന പത്രികയില്‍ നിയമപരിരക്ഷയോട് കൂടിയ എംഎസ്പി പരാമര്‍ശിച്ചിട്ടുണ്ടെന്നും അതുനടപ്പാക്കാവുന്നതാണെന്നും രാഹുല്‍ യോഗശേഷം പറഞ്ഞു. ഇന്ത്യ സഖ്യം ഇക്കാര്യത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും, ദീപേന്ദര്‍ സിങ് ഹൂഡയും അമരീന്ദര്‍ സിങ് രാജ വാറിങ്ങും, സുഖ്വീന്ദര്‍ സിങ് രണ്‍ധാവയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കര്‍ഷകരെ പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് ആദ്യം കടത്തി വിടാത്തത് ആശയക്കുഴപ്പമുണ്ടാക്കി. തങ്ങളാണ് കര്‍ഷകരെ ക്ഷണിച്ചതെന്നും അവര്‍ കര്‍ഷകരായത് കൊണ്ടാവാം പ്രവേശിപ്പിക്കാത്തതെന്നും, പ്രധാനമന്ത്രിയോട് കാരണം ചോദിക്കണമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

കര്‍ഷകര്‍ക്ക് വേണ്ടി രാഹുല്‍ ഗാന്ധി പാര്‍ലമെന്റിനുള്ളില്‍ ശബ്ദമുയര്‍ത്തുമെന്ന് അമരീന്ദര്‍ സിങ് രാജ വാറിങ് യോഗ ശേഷം പറഞ്ഞു. കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് വാരനും പ്രതിഷേധം നടത്താനും അവകാശമുണ്ട്. സ്വകാര്യ ബില്‍ ആവശ്യമെങ്കില്‍ സഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കര്‍ഷക പ്രതിനിധിയായ ജഗ്ജിത് സിങ് ദല്ലേവാള്‍ പറഞ്ഞു. ' സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടത് അനിവാര്യമായ കാര്യമാണ്. ഞങ്ങള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടരും, അദ്ദേഹം ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

ഓരോ സംസ്ഥാനത്തും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് കര്‍ഷകര്‍ രാഹുലിനെ ധരിപ്പിച്ചത്. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കണമെന്ന തങ്ങളുടെ ദീര്‍ഘകാല ആവശ്യം നിറവേറ്റാന്‍ സ്വകാര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കണമെന്നും അവര്‍ രാഹുലിനോട് ആവശ്യപ്പെട്ടു. 2020 ല്‍ കര്‍ഷക പ്രക്ഷോഭം തുടങ്ങിയ നാള്‍ മുതല്‍ ഈ ആവശ്യമാണ് മുഖ്യമായി ഉന്നയിച്ചിരുന്നത്.

കാര്‍ഷിക വിളകളുടെ വില കുത്തനെ ഇടിയുന്നതില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുന്നതിനായി എംഎസ്പി നിയമപരമായ ബാധ്യതയാക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. മിനിമം താങ്ങുവില കണക്കാക്കുമ്പോള്‍, മൂലധനച്ചെലവും ഭൂമി വാടകയും അടക്കം കണക്കാക്കുന്ന സി2+ 50 ഫോര്‍മുല നിര്‍ദ്ദേശിച്ചത് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ്. എന്നാല്‍ നിലവിലെ എ2+ എഫ്എല്‍+50 സമ്പ്രദായം കൈവെടിയാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നു. ഫോര്‍മുല മാറ്റുന്നതിനൊപ്പം, വാങ്ങല്‍ വിലയ്ക്ക് നിയമപരമായ പിന്തുണയും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

2020-21 ല്‍ ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്.

.