- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോറികളുടെ രക്തചൊരിച്ചിൽ തുടരുന്നു; കാബിനറ്റ് മന്ത്രിമാർ നിലംപറ്റുന്നു; റിഫോം യു കെ നേതാവ് ഫരാജിന് വിജയം; മണിക്കൂറുകൾക്കുള്ളിൽ ഋഷി സുനക് രാജിവയ്ക്കും
ബാലറ്റു യുദ്ധത്തിൽ തോറ്റ് നിലംപരിശായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി. കീർ സ്റ്റാർമറിൻ്റെ തേരോട്ടത്തിൽ കടപുഴകി വീഴുന്ന ആദ്യത്തെ വന്മരമായിരിക്കുകയാണ് ഗ്രാൻ്റ് ഷാപ്സ്. വെൽവിൻ ഹാറ്റ്ഫീൽഡ് മണ്ഡലത്തിൽ 3000 വോട്ടുകൾക്കാണ് ഷാപ്സ് തൻ്റെ എതിരാളിയായ ലേബർ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ലേബർ വിജയിച്ചു എന്നതിനേക്കാൾ കൺസർവേറ്റീവുകൾ തോറ്റു എന്ന് പറയുന്നതാവും ശരി എന്നായിരുന്നു ഫലം വന്ന ഉടനെ അദ്ദേഹത്തിൻ്റെ ആദ്യ പ്രതികരണം. പാർട്ടിക്കുള്ളിലെ വിഭാഗീയതയും, ഒളിപ്പോരുകളും കാരണം ജനങ്ങൾക്ക് ടോറികളെ മടുത്തു എന്നും അദ്ദേഹം പറഞ്ഞു.
ഷാപ്സിൻ്റെ ഫല പ്രഖ്യാപനം വരുന്നതിന് തൊട്ടു മുൻപായിരുന്നു ചിചെസ്റ്ററിൽ വെൽഷ് സെക്രട്ടറി ഗില്ലിയൻ കീഗൻ ലിബറൽ ഡെമോക്രാറ്റുകളോട് പരാജയപ്പെട്ടു എന്ന വാർത്ത വന്നത്. എന്നാൽ, മുൻ നേതാവ് ഇയാൻ ഡൻകൻ സ്മിത്ത് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ചിംഗ്ഫോർഡിൽ വിജയിക്കുകയും ചെയ്തു. ജെറമി ഹണ്ട്, പെന്നി മോർഡൻ്റ് എന്നിവർ ഉൾപ്പടെയുള്ളവർ പരാജയത്തിൻ്റെ വക്കിലെത്തി നിൽക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
പാർട്ടി തകരാൻ തുടങ്ങിയതോടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രധാനമന്ത്രി ഋഷി സുനക് രാജി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുന്നതു വരെ അദ്ദേഹം കാവൽ പ്രധാനമന്ത്രിയായി തുടരും. ഭരണകക്ഷിയുടെ തകർച്ചയുടെ സൂചകമായി ആദ്യം വന്ന ഫലത്തിൽ മുൻ ക്യാബിനറ്റ് മന്ത്രി റോബർട്ട് ബക്ക്ലാൻഡിനെ 9000 വോട്ടുകളുടെ വ്യത്യാസത്തിലാണ് ലേബർ പാർട്ടിയിലെ ഹീദി അലക്സാണ്ഡർ തോൽപ്പിച്ചത്. പല മണ്ഡലങ്ങളിലും കൺസർവേറ്റീവ് പാർട്ടിയുടെ വോട്ടുകൾ റിഫോം യു കെയിലേക്ക് ഒലിച്ചു പോയതായാണ് ഇതുവരെയുള്ള ഫലം നൽകുന്ന സൂചന.
റിഫോം യു കെ പാർട്ടിക്ക് ആദ്യ വിജയം സമ്മാനിച്ചത് ആഷ്ഫീൽഡ് മണ്ഡലമായിരുന്നു. ലീ ആൻഡേഴ്സൺ അവിടെ 7000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അതേസമയം, സ്കോട്ട്ലാൻഡിൽ നിന്നും എസ് എൻ പിക്ക് അത്ര ശുഭകരമായ വാർത്തകളല്ല വരുന്നത്. നിലവിലെ സീറ്റുകളിൽ ചുരുങ്ങിയത് പത്ത് സീറ്റുകളെങ്കിലും അവർക്ക് നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ സ്കോട്ട്ലാൻഡിലെ ഏറ്റവും വലിയ പാർട്ടി എന്ന സ്ഥാനവും അവർക്ക് നഷ്ടപ്പെടും.
അതേസമയം എഴു തവണ പരാജയമറിഞ്ഞ റിഫോം യു കെ നേതാവ് നെയ്ജൻ ഫാരജ് ഇത്തവണ ക്ലാക്ടോൺ മണ്ഡലത്തിൽ നിന്നും വിജയിച്ചു. എസ്സെക്സിലെ തീരദേശ മണ്ഡലത്തിൽ നിന്നും 8000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. ടോറിയിലെ ഗിൽസ് വെയ്റ്റിംഗ് ആണ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതോടെ റിഫോം പാർട്ടിക്ക് രണ്ട് എം പിമാരെ ഇതുവരെ ലഭിച്ചു.