- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേബറിന് 1832 മുതലുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വിജയം പ്രവചിച്ച് യൂ ഗോവ് സര്‍വ്വേ; 26 മന്ത്രിമാരില്‍ 16 പേരും തോല്‍ക്കുമോ? ബ്രിട്ടണില്‍ ഭരണമാറ്റം?
ലണ്ടന്‍: പൊതു തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ലേബര്‍ പാര്‍ട്ടിക്ക് 212 സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചുകൊണ്ട് യുഗോവ് സര്‍വ്വെ. ഏതൊരു പാര്‍ട്ടിക്കും 1832 ന് ശേഷം ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ പല സമീപകാല രാഷ്ട്രീയ റെക്കോര്‍ഡുകളും തകര്‍ക്കപ്പെടും എന്നതില്‍ സംശയമില്ല. ചാന്‍സലര്‍ ജെറെമി ഹണ്ട് ഉള്‍പ്പടെ, 26 ക്യാബിനറ്റ് മന്ത്രിമാരില്‍ 16 പേര് പരാജയപ്പെടുമെന്നും സര്‍വ്വേ പറയുന്നു.
മുന്‍ ടോറി നേതാവ് സര് ഇയാന്‍ ഡണ്‍കന്‍, ഭാവിയില്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന മിറിയം കെയ്റ്റ്സ് എന്നിവരും പരാജയപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന വന്‍തോക്കുകളുടെ ലിസ്റ്റില്‍ ഉണ്ട്. യുഗോവ് സര്‍വ്വേ പ്രകാരം ലേബര്‍ പാര്‍ട്ടിക്ക് 431 സീറ്റുകള്‍ ലഭിക്കും. ഇത് ചരിത്രത്തില്‍ തന്നെ ലേബര്‍ പാര്‍ട്ടി യുടെ റെക്കോര്‍ഡാണ്. ഇതിനു മുന്‍പ് 1997-ല്‍ ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി നേടിയ419 സീറ്റുകളാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. അതുകൊണ്ടു തന്നെ, ഈ സര്‍വ്വേഫലം യാഥാര്‍ത്ഥ്യമായാല്‍, പാര്‍ട്ടിയെ എറ്റവും വലിയ വിജയത്തിലേക്ക് നയിച്ച നേതാവ് എന്ന ബഹുമതി സര് കീര്‍ സ്റ്റാര്‍മര്‍ക്ക് കൈവരും.
2019-ല്‍ ജെറെമി കോര്‍ബിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ജയിച്ച 202 സീറ്റുകളുടെ ഇരട്ടി സീറ്റുകളാണ് ഇത്തവണ പാര്‍ട്ടിക്ക് പ്രവചിച്ചിരിക്കുന്നത് എന്നതും ഓര്‍ക്കേണ്ട കാര്യമാണ്. ടോറികളാകട്ടെ 102 സീറ്റില്‍ ഒതുങ്ങുമെന്നും പ്രവചനത്തില്‍ പറയുന്നു. 1997 ല്‍ സര് ജോണ്‍ മേജറിന്റെ നേതൃത്വത്തില്‍, പാര്‍ട്ടി പരാജയപ്പെട്ടപ്പോള്‍ നേടിയ 165 സീറ്റുകളാണ് ഇതുവരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയിട്ടുള്ള ഏറ്റവും കുറവ് സീറ്റുകള്‍. മറ്റൊന്ന്, ഈ സര്‍വ്വേഫലം യാഥാര്‍ത്ഥ്യമായാല്‍, 2019-ല്‍ ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേടിയ 365 സീറ്റുകളില്‍ മൂന്നില്‍ രണ്ട് സീറ്റുകളും നഷ്ടമാകും എന്നതാണ്.
അതെസമയം, സര് എഡ് ഡേവീസിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ ഡെമോക്രാറ്റുകള്‍ 72 സീറ്റ് നേടുമെന്ന് പ്രവചിക്കുകയാണ് ഈ സര്‍വ്വേ. നേരത്തെ 2005 ല്‍ ചാള്‍സ് കെന്നഡിയുടെ നേതൃത്വത്തില്‍ അവര്‍ നേടിയ 62 സീറ്റുകളാണ്, അവരുടെ റെക്കോര്‍ഡ്. നൈജല്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടി മൂന്ന് സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്ന സര്‍വ്വേ, ഗ്രീന്‍സ് പാര്‍ട്ടിക്ക് 2 സീറ്റുകളും നല്കുന്നു. 2019-ല്‍ 48 സീറ്റുകള്‍ നേടിയ എസ് എന്‍ പി പക്ഷെ ഇത്തവണ നേടുക വെറും 18 സീറ്റുകള്‍ മാത്രമായിരിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു.
എല്ലാ സാധ്യതകളും പരിഗണിച്ചും വിശകലനം ചെയ്തും യു ഗോവ് അന്തിമമായി പറയുന്നത് ലേബര്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം 132 മുതല്‍ 282 വരെ ആകാം എന്നാണ്. അതുപോലെ ലേബര്‍ പാര്‍ട്ടി 391 നും 466 നും ഇടയില്‍ സീറ്റുകള്‍ നേടുമെന്നും , ടോറികള്‍ക്ക് 78 മുതല്‍ 129 സീറ്റുകള്‍ വരെ ലഭിക്കാമെന്നും അന്തിമ വിശകലനത്തില്‍ പറയുന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 57 മുതല്‍ 87 സീറ്റുകള്‍ വരെയും എസ് എന്‍ പി ക്ക് 8 മുതല്‍ 34 സീറ്റുകളും, റിഫോമിന് പൂജ്യം മുതല്‍ 14 വരെയും ഗ്രീന്‍സിന് ഒന്ന് മുതല്‍ 4 വരെയും സീറ്റുകളാണ് അന്തിമ വിശകലനത്തില്‍ പറയുന്നത്.