ടെഹ്‌റാൻ: ഇറാനിലെ ഹിജാബ് വിരുദ്ധ കലാപം അടിച്ചമർത്തിയ ഭരണകൂടം വീണ്ടും ഉരുക്കുമുഷ്ഠി ശൈലിയുമായി രംഗത്ത്. ഇതിന്റെ ഫലമായി നിയമം കൈയിലെടുത്തു ആൾക്കൂട്ടവും. ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമർദനത്തിനിരയായി പതിനാറുകാരി. ടെഹ്‌റാൻ മെട്രോയിൽ സഞ്ചരിക്കുകയായിരുന്ന അർമിത ഗരവന്ദ് ആണ് മതപൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനിരയായി അബോധാവസ്ഥയിലായത്.

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. എന്നാൽ ഇക്കാര്യം നിഷേധിച്ച അധികൃതർ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പറഞ്ഞു. അതേസമയം വൻ സുരക്ഷയിലാണ് ഇറാൻ അധികൃതർ പെൺകുട്ടിക്ക് ചികിത്സ നൽകുന്നത്. വസ്ത്രധാരണത്തിന്റെ പേരിൽ അറസ്റ്റിലായ മഹ്‌സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വൻ പ്രക്ഷോഭം നടന്ന സാഹചര്യത്തിലാണ് പൊലീസ് കടുത്ത മുൻകരുതലുകൾ സ്വീകരിച്ചത്.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗരവന്ദിനെതിരായ അതിക്രമത്തിനെതിരെ കുർദ് വംശജരുടെ സംഘടനയായ ഹെൻഗാവ് രംഗത്തെത്തി. സദാചാര പൊലീസിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഗരവന്ദിനെ ഉപേക്ഷിച്ചുപോകുകയായിരുന്നു. ടെഹ്‌റാനിലെ ഫജ്ർ ആശുപത്രിയിൽ വൻ സുരക്ഷയിലാണ് ചികിത്സ നൽകുന്നത്. ബന്ധുക്കളെ പോലും പെൺകുട്ടിയെ കാണാൻ അനുവദിച്ചില്ല.

അതേ സമയം, ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗരവന്ദിന്റെ ചിത്രം പുറത്തുവന്നു. പെൺകുട്ടിയെ ട്രെയിനിൽ നിന്ന് എടുത്ത് പുറത്തിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ പ്രതിഷേധം ശക്തമാകുകയാണ്. അടുത്തിടെ വസ്ത്ര നിയമം ലംഘിക്കുന്ന സ്ത്രീകൾക്കുള്ള ശിക്ഷ കടുപ്പിച്ച് ഇറാൻ പാർലമെന്റ് നിയമം പാസാക്കിയിരുന്നു. നിയമം ലംഘിക്കുന്നവർക്ക് ഹിജാബ് ബിൽ പ്രകാരം 10 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

മൂന്ന് വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇറാൻ പാർലമെന്റ് നിയമം നടപ്പാക്കുന്നത്. 152 പേരാണ് ഹിജാബ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 34 പേർ എതിർത്ത് വോട്ട് ചെയുകയും ഏഴ് പേർ വിട്ടു നിൽകുകയും ചെയ്തു. പുരോഹിതന്മാരും നിയമവിദഗ്ധരും അടങ്ങുന്ന ശക്തമായ മേൽനോട്ട സമിതിയായ ഗാർഡിയൻ കൗൺസിൽ ബില്ലിന് അംഗീകാരം നൽകേണ്ടതുണ്ട്.

1979 മുതൽ നിലവിലുള്ള നിർബന്ധിത വസ്ത്രധാരണരീതി ഇറാനികൾ, എങ്ങനെ അനുസരിക്കണമെന്ന് പുതിയ ബിൽ പറയുന്നു. സ്ത്രീകൾക്ക് ഇറുകിയ വസ്ത്രം, കഴുത്തിന് താഴെയോ കണങ്കാലിന് മുകളിലോ കൈത്തണ്ടയ്ക്ക് മുകളിലോ ശരീരഭാഗങ്ങൾ കാണുന്ന വസ്ത്രം എന്നിവയൊന്നും പാടില്ലെന്ന് ബില്ലിൽ വ്യക്തമാക്കുന്നു. പുരുഷന്മാരെ സംബന്ധിച്ച് നെഞ്ചിന് താഴെയോ കണങ്കാലിന് മുകളിലോ ശരീര ഭാഗങ്ങൾ കാണുന്ന വസ്ത്രം ധരിക്കരുത്.

സർക്കാർ, നിയമ നിർവ്വഹണം, സൈന്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർ നിർബന്ധിത ഹിജാബ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനം തടയുന്നതിനും ശ്രദ്ധിക്കണമെന്നും ബില്ലിൽ വ്യക്തമാക്കി. ഹിജാബ് ബിൽ ഒരു തരത്തിലുള്ള ലിംഗ വർണ്ണവിവേചനമാണെന്ന് യു.എൻ വിദഗ്ദ്ധർ വിമർശിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം എന്നിവയ്‌ക്കെല്ലാം എതിരാണ് ഹിജാബ് നിയമമെന്നായിരുന്നു വിമർശനം.

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനി(22) കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയാകുമ്പോളാണ് പുതിയ ഹിജാബ് നിയമം ഇറാൻ അവതരിപ്പിച്ചതും നിയമം ആക്കിയതും. മഹ്‌സ അമീനിയുടെ മരണത്തിനു പിന്നാലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത് നിരവധി സ്ത്രീകൾ വസ്ത്രധാരണ നിയമം ലംഘിച്ച് പുറത്തിറങ്ങിയിരുന്നു. മഹ്‌സ അമീനിയുടെ വിയോഗത്തിനും പ്രതിഷേധങ്ങൾക്കും ശേഷമാണ് ഇറാൻ വസ്ത്ര നിയമം കർശനമാക്കുകയാണ്.