ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ, ഇറാന്റെ റവല്യൂഷണി ഗാർഡുകൾ പിടിച്ചെടുത്ത ഇസ്രയേൽ കമ്പനിയുടെ ചരക്കുകപ്പലിലെ, 25 ജീവനക്കാരിൽ, 17 പേരും ഇന്ത്യാക്കാർ. ഇതിൽ രണ്ടുപേർ മലയാളികളാണ്. ഇറാൻ തീരത്തേക്ക് മാറ്റി കൊണ്ടിരിക്കുന്ന എം എസ് സി ഏരീസ് കപ്പലിൽ നിന്ന് ഇന്ത്യാക്കാരെ മോചിപ്പിക്കാൻ ടെഹ്‌റാനിലെയും, ഡൽഹിയിലെയും നയതന്ത്ര ചാനലുകൾ വഴി ശ്രമം തുടരുന്നു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും, ക്ഷേമവും, വിടുതലും ഉറപ്പാക്കാനാണ് പരിശ്രമം.

ഇസ്രയേലിന് എതിരെ യുദ്ധത്തിനുള്ള പ്രകോപനം സൃഷ്ടിച്ചാണ് ഇറാന്റെ തീക്കളി. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധമുള്ള ഗൾഫിലെ കണ്ടെയ്‌നർ കപ്പലാണ് ഇറാന്റെ റവല്യൂഷണറി ഗാർഡുകൾ പിടിച്ചെടുത്തത്. തങ്ങൾ കപ്പൽ പിടിച്ചെടുത്തതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തിന്റെ പ്രത്യാഘാതം ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.

ലോക വാണിജ്യ നീക്കത്തിന് സുപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്തത്. യുഎഇയിൽനിന്നു മുംബൈ നാവസേവ തുറമുഖത്തേയ്ക്കു വരുകയായിരുന്ന 'എംസിഎസ് ഏരീസ്' കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്.

ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്നർ കപ്പലാണ് എംഎസ്സി ഏരീസ്. ഇസ്രയേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ചാണ് നാവികസേനയുടെ പ്രത്യേക സംഘം കപ്പൽ പിടിച്ചെടുത്തത്. കപ്പലിന്റെ ഓപ്പറേറ്റർമാരാണ് ഇറ്റാലിയൻ-സ്വിസ് ഗ്രൂപ്പായ എം എസ് സി. കപ്പൽ ഉടമകളായ ഗോർട്ടൽ ഷിപ്പിങ് ഇൻക് സോഡിയാക് മാരിട്ടൈമുമായി ചേർന്നുപ്രവർത്തിക്കുന്നു.

കണ്ടെയ്‌നർ കപ്പലിലേക്ക് ഹെലികോപ്ടറിൽ നിന്ന് കയർ ഏണി വഴി മൂന്നുപേർ താഴേക്കിറങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. നേരത്തെയും റവല്യൂഷണറി ഗാർഡുകൾ ഇത്തരത്തിൽ ഹോമർമുസ് കടലിടുക്കിൽ കപ്പലുകൾ പിടിച്ചെടുത്തിട്ടുണ്ട്. 'എംസിഎസ് ഏരീസ്' പോർച്ചുഗൽ പതാക വഹിക്കുന്ന കപ്പലാണെന്ന് കപ്പലുകളെ ട്രാക്ക് ചെയ്യുന്ന വെസൽ ഫൈൻഡർ ഡോട് കോം റിപ്പോർട്ട് ചെയ്തു.

ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്നാണ് കപ്പൽ പിടിച്ചെടുത്തത്. ഏത് സാഹചര്യത്തിലാണ് കപ്പൽ പിടിച്ചെടുത്തതെന്നും എന്താണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തിന് നൂറിലധികം ക്രൂസ് മിസൈലുകൾ ഇറാൻ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സംഘർഷം മൂർച്ഛിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. കിഴക്കൻ മെഡിറ്റേറിയൻ കടലിൽ രണ്ട് യു.എസ് നേവി ഡിസ്ട്രോയറുകളെയാണ് വിന്യസിച്ചത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ ഈ യുദ്ധക്കപ്പലുകളിലുണ്ട്.

സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ നയതന്ത്ര കേന്ദ്രത്തിൽ ഏപ്രിൽ ഒന്നിന് നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലി ലക്ഷ്യങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ആക്രമണം ചെറുക്കാൻ ഇസ്രയേൽ അതീവ ജാഗ്രതയിലാണ്. ഡമാസ്‌കസിലെ ആക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ രണ്ട് ഉന്നത ജനറൽമാരുൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

നേരത്തെ, യെമന്റെ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിൽ നിരവധി കപ്പലുകൾക്ക് നേരേ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയിരുന്നു. നവംബറിൽ, ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ദി ഗാലക്‌സി ലീഡർ പിടിച്ചെടുത്തിരുന്നു. കപ്പലിലെ ജീവനക്കാരെ ഇപ്പോഴും തടഞ്ഞുവച്ചിരിക്കുകയാണ്.

ഇറാൻ ഹമാസിനെ പിന്തുണയ്ക്കുന്ന രാജ്യമാണെങ്കിലും ഒക്ടോബർ 7 ലെ ഇസ്രയേലിന് നേരേയുള്ള ഹമാസ് ആക്രമണത്തിൽ നേരിട്ട് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോത്തിലെ എണ്ണ വ്യാപാരം കൂടുതൽ നടക്കുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ പിടിച്ചെടുത്തത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്.