കഠ്മണ്ഡു: പ്രക്ഷോഭത്തിനൊടുവിൽ നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കർക്കിക്കെതിരെ ജെൻ സീ പ്രതിഷേധക്കാരിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത്. പ്രധാനമന്ത്രി തങ്ങളുമായി കൂടിയാലോചിക്കാതെ പുതിയ മന്ത്രിമാരെ നിയമിച്ചതിലാണ് ഇവർക്ക് അതൃപ്തി. പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന 'ഹാമി നേപ്പാൾ' സ്ഥാപകൻ സുദൻ ഗുരുങ്ങിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ പേരിൽ സുശീല കർക്കി രാഷ്ട്രീയം കളിക്കുകയാണെന്ന് ഇവർ ആരോപിച്ചു.

സുശീല കർക്കി ഇടക്കാല സർക്കാരിൽ മൂന്ന് മന്ത്രിമാരെയാണ് നിയമിച്ചത്. നിയമജ്ഞനും കഠ്മണ്ഡു മേയർ ബലേന്ദ്ര ഷായുടെ ഉപദേശകനുമായ ഓംപ്രകാശ് ആര്യാലാണ് പുതിയ ആഭ്യന്തര മന്ത്രി. മുൻ ധനകാര്യ സെക്രട്ടറി രാമേശ്വർ ഖനാൽ ധനകാര്യ മന്ത്രിയും, വൈദ്യുതി വകുപ്പ് മുൻ സിഇഒ കുൽമാൻ ഗീഷിങ് വൈദ്യുതി മന്ത്രിയുമായി സ്ഥാനമേറ്റു.

പ്രത്യേകിച്ച് ഓംപ്രകാശ് ആര്യാലിനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതിലാണ് സുദൻ ഗുരുങ് ഉൾപ്പെടെയുള്ള ജെൻ സീ വിഭാഗത്തിന് കടുത്ത എതിർപ്പ്. പ്രക്ഷോഭകരുടെ സമ്മതമില്ലാതെയാണ് ഈ നിയമനമെന്ന് സുദൻ ഗുരുങ് ആരോപിച്ചു. 'നേപ്പാളിലെ ഏറ്റവും ശക്തരായ ആളുകൾ ഇവിടുത്തെ ജനങ്ങളാണ്. ആർക്കും ഞങ്ങളെ തടുക്കാനാകില്ല. ഇപ്പോൾ എവിടെയൊക്കെ ഇരിക്കുന്നോ, അവരെ താഴെയിറക്കാനും ഞങ്ങൾക്കറിയാം,' സുദൻ ഗുരുങ് പ്രതികരിച്ചു.

യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിലൂടെ കൊണ്ടുവന്ന ഭരണമാറ്റം രാഷ്ട്രീയ പിണിയാളുകൾ അട്ടിമറിക്കുകയാണെന്ന് ഹാമി നേപ്പാളിനെ പിന്തുണയ്ക്കുന്നവർ കുറ്റപ്പെടുത്തി. നേരത്തെ, സുദൻ ഗുരുങ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇടക്കാല സർക്കാരിനെയും താഴെയിറക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു. അതേസമയം, പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ട 72 പേരെ സർക്കാർ രക്തസാക്ഷികളായി പ്രഖ്യാപിച്ചിരുന്നു. ഇവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം ധനസഹായം നൽകാനും തീരുമാനമായി.

സെപ്റ്റംബർ 17 ന് രാജ്യവ്യാപകമായി ദുഃഖാചരണം അനുഷ്ഠിക്കും. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങളെടുത്തത്. പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ ഇനിമുതൽ 'ജെൻ സീ രക്തസാക്ഷികൾ' എന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമായും, മറ്റ് ചെലവുകൾക്കായി 5 ലക്ഷം രൂപ അധികമായും നൽകുമെന്ന് ആഭ്യന്തര മന്ത്രി ഓം പ്രകാശ് ആര്യൽ അറിയിച്ചിരുന്നു. സെപ്റ്റംബർ 12 ന് സുശീല കർക്കി പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.