ന്യൂഡൽഹി: താലിബാൻ ഭരണത്തിന് കീഴിലെ അഫ്ഗാൻ സ്ത്രീകളുടെ ജീവിതം നരകതുല്യമാകുന്നു. ഹിജാബ് നിയമങ്ങളിൽ അടക്കം കാർക്കശ്യം വരുത്തിയതോടെയാണ് ദുരിതം വർധിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ മോശം ഹിജാബ് ധരിക്കുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇസ്ലാമിക് മൂല്യങ്ങൾ ലംഘിക്കുന്നുവെന്നാരോപിച്ചാണ് അറസ്റ്റ്.

എന്നാൽ എത്ര സ്ത്രീകൾ അറസ്റ്റിലായെന്നോ, എന്താണ് ശിക്ഷ എന്നോ വെളിപ്പെടുത്താൻ താലിബാൻ തയാറായില്ല. തല മുതൽ കാൽപ്പാദം വരെ മറയ്ക്കുന്ന ബുർഖ ധരിക്കണമെന്നും കണ്ണ് മാത്രമെ പുറത്തു കാണാൻ പാടുള്ളു എന്നും 2022 േമയിലാണ് താലിബാൻ ശാസന പുറപ്പെടുവിച്ചത്.

സ്ത്രീകൾ ശരിയായ രീതിയിൽ ബുർഖ ധരിക്കുന്നില്ലെന്ന് പരാതി ലഭിക്കുന്നുണ്ടെന്ന് താലിബാൻ വക്താവ് വാർത്ത ഏജൻസിയായ എ.പിയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്. വളരെ ചുരുക്കം ചിലരാണ് ശരിയായ രീതിയിൽ ഹിജാബ് ധരിക്കാത്തത്. അവർ ഇസ്ലാമിക് മൂല്യങ്ങളും ആചാരങ്ങളും ലംഘിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിന് മറ്റുള്ളവരെയും പ്രേരിപ്പിക്കുകയാണ്. കടുത്ത നിബന്ധനകളോടെ മാത്രമെ ഇത്തരക്കാർക്ക് ജാമ്യം അനുവദിക്കൂ. എല്ലാ പ്രവിശ്യകളിലും കർശനമായി പരിശോധന നടത്തുമെന്നും താലിബാൻ വക്താവ് അറിയിച്ചു.

2021ലാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയത്. തുടർന്ന് സ്ത്രീകൾക്കെതിരായ നിയമങ്ങൾ കർശനമാക്കുകയായിരുന്നു. 1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലിരുന്നപ്പോഴും ഇതേ നിയമങ്ങൾ നടപ്പാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നേരത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസവും ജോലിയും പൊതുസ്ഥലങ്ങളിൽ പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

അടുത്തിടെ പീഡനങ്ങളെ അതിജീവിച്ച സ്ത്രീകളെ താലിബാൻ ജയിലിലേക്ക് അയച്ചിരുന്നു. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാനാണിതെന്നാണ് താലിബാന്റെ വാദം. യുഎൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. അതിജീവിതകളെ പാർപ്പിക്കാനായി മുൻപുണ്ടായിരുന്ന സർക്കാർ സ്ഥാപിച്ച 23 അഭയകേന്ദ്രങ്ങളും താലിബാൻ അടച്ചുപൂട്ടി. അതിനാൽ തന്നെ നിലവിൽ രാജ്യത്ത് അതിക്രമം നേരിട്ട സ്ത്രീകളെ പാർപ്പിക്കാനുള്ള പുനരധിവാസ കേന്ദ്രങ്ങളില്ല.

ഇത്തരം കേന്ദ്രങ്ങളുടെ ആവശ്യമില്ലെന്ന് താലിബാൻ വ്യത്തങ്ങൾ യുഎന്നിനോട് വ്യക്തമാക്കി. ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പാശ്ചാത്യ സങ്കൽപ്പങ്ങളാണെന്നും ഇവർ പറയുന്നു. പിതാവ്, സഹോദരൻ, ഭർത്താവ് എന്നിവരോടൊപ്പമാണ് സ്ത്രീ കഴിയേണ്ടതെന്നും ഇവർ കൂട്ടിചേർത്തു. താലിബാൻ ഭരണത്തിലേറിയതോടെ സ്ത്രീകളുടെ സ്വാതന്ത്രത്തിന് മേൽ കരിനിഴൽ വീണു. വിദ്യാഭ്യാസ നിഷേധം, സഞ്ചാര സ്വാതന്ത്രം നിഷേധിക്കൽ, രാജ്യത്തിന്റെ പ്രമുഖ സ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കൽ തുടങ്ങി നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.