- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിബാന് നിയന്ത്രിത അഫ്ഗാനിസ്ഥാന് സ്ത്രീകളുടെ നരകമാകുന്നു; ഇന്റര്‍നെറ്റ് നിരോധനം പഠിച്ചു മുന്നേറാനുള്ള പെണ്കുട്ടികളുട മോഹങ്ങള്‍ക്ക് മേലടിച്ച അവസാനത്തെ ആണി; ഓണ്‍ലൈന്‍ പഠനമോഹങ്ങളും നിലച്ചതോടെ പ്രതീക്ഷയറ്റ് പെണ്‍കുട്ടികളും; ദുരിതജീവിതം പുറംലോകം അറിയാനുള്ള വഴികളും അടഞ്ഞു
താലിബാന് നിയന്ത്രിത അഫ്ഗാനിസ്ഥാന് സ്ത്രീകളുടെ നരകമാകുന്നു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധിച്ചതോടെ അവിടെയുള്ള സ്ത്രീകള്‍ക്ക് അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്. അവിടുത്തെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഒരു പെണ്‍കുട്ടിയുടെ ദാരുണമായ കഥയാണ് പ്രമുഖ മാധ്യമമായ ബി.ബി.സി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
ശരിയായ പേര് ഒഴിവാക്കി തത്്ക്കാലം ഫാഹിമ നൂറി എന്ന പേരാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇവര്‍ നിയമം പഠിക്കുകയും മിഡൈ്വഫറി പ്രോഗ്രാമില്‍ നിന്ന് ബിരുദം നേടുകയും ചെയ്്തു. ഒരു മാനസികാരോഗ്യ ക്ലിനിക്കില്‍ ഫാഹിമ ജോലി ചെയ്തിരുന്നു. എന്നാല്‍ 2021 ല്‍ താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ അതെല്ലാം എടുത്തുകളഞ്ഞു.
12 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നത് അവര്‍ വിലക്കി. സ്ത്രീകള്‍ക്കുള്ള ജോലി സാധ്യതകള്‍ കര്‍ശനമായി നിയന്ത്രിച്ചു. അടുത്തിടെ സര്‍വകലാശാലകളില്‍ നിന്ന് സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങളും നീക്കം ചെയ്തു. ഫാഹിമയെ സംബന്ധിച്ചിടത്തോളം, പുറം ലോകത്തേക്കുള്ള അവളുടെ അവസാനത്തെ ആശ്രയം ആയിരുന്നു ഇന്റര്‍നെറ്റ്.മറ്റൊരു കോഴ്സ് പഠിക്കാനായി അവര്‍ ഒരു ഓണ്‍ലൈന്‍ കോഴ്സില്‍ ചേര്‍ന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം താലിബാന്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അതും നിലച്ചു. തന്റെ അവസാന പ്രതീക്ഷ ഓണ്‍ലൈന്‍ പഠനമായിരുന്നു എന്നും ഇപ്പോള്‍ ആ സ്വപ്നവും നശിപ്പിക്കപ്പെട്ടു എന്നാണ് ഫാഹിമ പറഞ്ഞത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, താലിബാന്‍ സര്‍ക്കാര്‍ നിരവധി പ്രവിശ്യകളിലുടനീളം ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ തുടങ്ങി. ഇത് അധാര്‍മികത തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് അവര്‍ വിശദീകരിച്ചത്.
ഇത് പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് ഷട്ട്ഡൗണിലേക്കുള്ള ആദ്യപടിയായിരിക്കുമെന്ന് അവര്‍ ഭയപ്പെട്ടു. തലസ്ഥാനമായ കാബൂളിലെ ഓഫീസുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലുടനീളം മൊബൈല്‍ ഇന്റര്‍നെറ്റും സാറ്റലൈറ്റ് ടിവിയും സാരമായി തടസ്സപ്പെട്ടു.
കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളും തടസ്സപ്പെട്ടതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാന്‍ സംസ്‌കാരത്തെയും ഇസ്ലാമിക നിയമത്തെയും കുറിച്ചുള്ള അവരുടെ വ്യാഖ്യാനത്തിന് അനുസൃതമായി സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കുന്നുവെന്ന് താലിബാന്‍ സര്‍ക്കാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ മാത്രമല്ല ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്തിരുന്ന അധ്യാപകരേയും താലിബന്റെ തീരുമാനം ദോഷകരമായി ബാധിച്ചിട്ടുണ്ട്.
'ഓണ്‍ലൈന്‍ വിദ്യാഭ്യാസം, വാണിജ്യം, ബാങ്കിങ് സംവിധാനം എന്നിവയ്ക്കായി ആളുകള്‍ ആശ്രയിക്കുന്ന ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് വിച്ഛേദിക്കുന്നത് എല്ലാ മേഖലകളിലെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കുമനനാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി സയ്യിദ് അഹ്‌മദ് ഷാ സദാത്ത് പറഞ്ഞു. താലിബാന് ബദല്‍ ഇന്റര്‍നെറ്റ് സംവിധാനമില്ലാത്തതിനാല്‍ രാജ്യം 'ഇരുട്ടിലേക്കാണ്' നീങ്ങുന്നതെന്നും അഭിപ്രായപ്പെട്ടു. പാസ്പോര്‍ട്ട്, റജിസ്ട്രേഷന്‍ ഓഫീസുകള്‍, കസ്റ്റംസ്, ബാങ്കുകള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സ്തംഭനാവസ്ഥയിലാകും.
ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഏറ്റവും കൂടുതല്‍ ബാധിക്കുക പെണ്‍കുട്ടികളെയും സ്ത്രീകളെയും ആണ്. സ്‌കൂളുകളിലും സര്‍വകലാശാലകളിലും പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിച്ചാണ് ഇവര്‍ വിദ്യാഭ്യാസം തുടര്‍ന്നിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അവരുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായും നിലയ്ക്കാന്‍ സാധ്യതയുണ്ട്.വിദ്യാഭ്യാസം, വിവരങ്ങള്‍, പുറം ലോകവുമായുള്ള ബന്ധം എന്നിവയ്ക്ക് ഇത് തടസ്സമാകുന്നതിനാല്‍ ഈ വ്യാപകമായ ബ്ലാക്ക്ഔട്ട് രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെ ആശങ്കപ്പെടുത്തുന്നുണ്ട്.
സര്‍ക്കാരുകളോ ഭരണകൂടങ്ങളോ രാഷ്ട്രീയ അസ്ഥിരത, പ്രതിഷേധങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ സെന്‍സര്‍ഷിപ്പ് എന്നിവയുടെ പേരില്‍ ആശയവിനിമയ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. 2021ലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാന്‍മാര് ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ ഇടയ്ക്കിടെ നിയന്ത്രണങ്ങളും തടസ്സപ്പെടുത്തലുകളും ഏര്‍പ്പെടുത്തി. 'ഗ്രേറ്റ് ഫയര്‍വാള്‍' എന്നറിയപ്പെടുന്ന സെന്‍സര്‍ഷിപ്പ് സംവിധാനം വഴി ചൈന ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന്മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.