ജോഹന്നാസ്ബര്‍ഗ്: ലോക ഭൂപടം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ആഫ്രിക്കന്‍ രാജ്യങ്ങള്‍. 55 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ യൂണിയനാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വ്യാപ്തി നൂറ്റാണ്ടുകളായി തെറ്റായി ചിത്രീകരിച്ചിരിക്കുന്നതായിട്ടാണ് ഇവര്‍ വാദിക്കുന്നത്.

പതിനാറാം നൂറ്റാണ്ടിലെ മെര്‍ക്കേറ്റര്‍ ലോക ഭൂപടം സര്‍ക്കാരുകളും അന്താരാഷ്ട്ര സംഘടനകളും ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി പ്രദര്‍ശിപ്പിക്കുന്ന ഒന്ന് ഉപയോഗിക്കാനുമുള്ള പ്രചാരണത്തിന് ആഫ്രിക്കന്‍ യൂണിയന്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂഖണ്ഡങ്ങളുടെ വലിപ്പം വളച്ചൊടിക്കുന്നതായും വടക്കേ അമേരിക്ക, ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ പ്രദേശങ്ങള്‍ വലുതാക്കുന്നതായും ആഫ്രിക്കയെയും തെക്കേ അമേരിക്കയെയും ചെറുതാക്കിയതായും ആഫ്രിക്കന്‍ യൂണിയന്‍ ആരോപിച്ചു.

ആഫ്രിക്കയുടെ വലിപ്പവും പ്രാധാന്യവും കുറച്ചുകാണുന്നതിലേക്ക് ഈ വികലത എത്തുന്നതായും അമേരിക്കയുടെയും യൂറോപ്പിന്റെയും വലിപ്പം അനുപാതമില്ലാതെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ അവയെ അവ ഉള്ളതിനേക്കാള്‍ വലുതായി കാണപ്പെടുമെന്നും ഇവര്‍ വാദിക്കുന്നു. ലോകത്തിലെ ഏറ്റവും സാധാരണമായ ഭൂപടങ്ങളിലൊന്നായ മെര്‍ക്കേറ്റര്‍ പ്രൊജക്ഷന്‍, 1569-ല്‍ നാവിഗേഷനായി ഫ്ലെമിഷ് കാര്‍ട്ടോഗ്രാഫര്‍ ജെറാര്‍ഡസ് മെര്‍ക്കേറ്റര്‍ നിര്‍മ്മിച്ചതാണ്.

ഭൂമധ്യരേഖയില്‍ നിന്ന് കൂടുതല്‍ രാജ്യങ്ങളുടെ വലിപ്പം വര്‍ദ്ധിപ്പിക്കുമ്പോള്‍ ആഫ്രിക്ക താരതമ്യേന ചെറുതായി കാണപ്പെടുന്നു. ഗ്രീന്‍ലാന്‍ഡ് പോലും ആഫ്രിക്കയുടെ അതേ വലിപ്പത്തില്‍ കാണപ്പെടുന്നു എന്നതാണ്. യഥാര്‍ത്ഥത്തില്‍ ഗ്രീന്‍ലാന്‍ഡിന്റെ 14 മടങ്ങ് വലുതാണ് ആഫ്രിക്ക ഭൂഖണ്ഡം. വിസ്തീര്‍ണ്ണം അനുസരിച്ച് ലോകത്തിലെ രണ്ടാമത്തെ വലിയ ഭൂഖണ്ഡമാണെങ്കിലും, ഒരു ബില്യണിലധികം ആളുകളുണ്ടെങ്കിലും ആഫ്രിക്ക ചെറുതാണ് എന്ന തെറ്റായ ധാരണ മെര്‍ക്കേറ്റര്‍ വളര്‍ത്തിയെടുത്തതായിട്ടാണ് ആഫ്രിക്കന്‍ യൂണിയന്‍ കുറ്റപ്പെടുത്തുന്നത്.

ഇത് മാധ്യമങ്ങളെയും വിദ്യാഭ്യാസത്തെയും നയത്തെയും എല്ലാം മോശമായി സ്വാധീനിക്കുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ആഫ്രിക്കന്‍ യൂണിയന്‍ ഇപ്പോള്‍ കറക്ട് ദി മാപ്പ് എന്ന ക്യാമ്പയിനിനെ പിന്തുണക്കുകയാണ്. അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാന്‍, മെക്സിക്കോ, യൂറോപ്പിന്റെ ഭൂരിഭാഗവും വരെ ആഫ്രിക്കയില്‍ ഉള്‍പ്പെടുത്താം എന്നാണ് ഇവര്‍ വാദിക്കുന്നത്. സ്‌ക്കൂള്‍ ക്ലാസുകള്‍ മുതല്‍ തന്നെ തലമുറകളെ വഴിതെറ്റിക്കുന്ന മാപ്പാണ് ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ളതെന്നാണ് വിവിധ സംഘടനകള്‍ ആരോപിക്കുന്നത്.