ന്യൂഡല്‍ഹി: ഇന്ത്യ-റഷ്യ ബന്ധം ഊഷ്മളമാകുന്നതിനെതിരെ യു.എസില്‍ നിന്നുണ്ടായ പ്രസ്താവനകള്‍ക്കിടെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംഭാഷണം നടത്തി. പൊതുവായ തന്ത്രപരവും സുരക്ഷാ താല്‍പ്പര്യങ്ങളും അടിസ്ഥാനമാക്കി ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് അടുത്ത് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ഇന്ത്യന്‍ ഭാഗത്ത് നിന്നുള്ള ഒരു പ്രസ്താവനയില്‍ അറിയിച്ചു.

സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കുന്നതിനും കൂട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഇരു രാജ്യങ്ങളും ആവര്‍ത്തിച്ചതായും ഇന്ത്യന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2024 ജൂലൈയിലും പിന്നീടുള്ള വര്‍ഷത്തിലും നടക്കാനിരിക്കുന്ന ക്വാഡ് കൂട്ടായ്മക്കു കീഴിലുള്ള വരാനിരിക്കുന്ന ഉന്നതതല ഇടപെടലുകള്‍ ഉള്‍പ്പെടെ, ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

നാറ്റോ ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തിലെ അസ്വാരസ്യങ്ങളുടെ ചില സൂചന ഉണ്ടായിരുന്നു. ഇതിനിടെയായിരുന്നു രണ്ട് ഉദ്യോഗസ്ഥര്‍ തമ്മില്‍ സംസാരിച്ചത്. അതേസമയം ഇന്ത്യയുമായി ബന്ധം കൂടുതല്‍ ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാനാണ് റഷ്യയുടെ ശ്രമം. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെയും പ്രധാനമന്ത്രി മോദിയുടെ മോസ്‌കോ സന്ദര്‍ശനത്തെയും കുറിച്ചുള്ള ചോദ്യങ്ങളോട് പെന്റഗണിന്റെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും വക്താക്കള്‍ വെവ്വേറെ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അതില്‍ ഇന്ത്യയെ തള്ളിപറയാതെ തന്നെയാണ് അവര്‍ നിലപാട് എടുത്തത്.

'ഇന്ത്യയും റഷ്യയും തമ്മില്‍ വളരെക്കാലമായി ബന്ധമുണ്ട്. യുഎന്റെ കാഴ്ചപ്പാടില്‍ ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണ്, അവരുടെ റഷ്യയുമായുള്ള ബന്ധത്തില്‍ ഉള്‍പ്പെടെ ഞങ്ങള്‍ പൂര്‍ണ്ണവും വ്യക്തവുമായ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് തുടരുന്നു. ഇത് നാറ്റോ ഉച്ചകോടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും നിങ്ങളെപ്പോലെ, ലോകം മുഴുവന്‍ അത് ശ്രദ്ധിക്കുന്നുണ്ട്' പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ നേരത്തെ വ്യക്തമാക്കിയത്.

മറുവശത്ത്, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് യുഎസിന് വ്യക്തമായ ധാരണ ഉണ്ടെന്ന് പറയുകയുണ്ടായി. എന്നാല്‍ ഇരുവരും ഇന്ത്യയെ തള്ളിപറയാനോ പ്രതികൂട്ടില്‍ നിര്‍ത്താനോ തയ്യാറായില്ല എന്നതാണ് പ്രധാനപ്പെട്ട വസ്തുത.

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം റഷ്യയില്‍ സന്ദര്‍ശിച്ചത് പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇതിനെ ഉറ്റുനോക്കിയിരുന്നു. പ്രത്യേകിച്ച് യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ മോദിയുടെ നീക്കം ഏറെ പ്രാധാന്യത്തോടെയാണ് നോക്കി നോക്കി കണ്ടത്. മോദി, പുടിനെ കണ്ടതിനെ വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും രംഗത്തുവന്നിരുന്നു.