ന്യൂഡല്‍ഹി: ട്രംപിന്റെ തീരുവ ഭീഷണിയെ അതിജീവിക്കാനുള്ള തീവ്രശ്രമത്തിനാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഈ കരാറുമായി മുന്നോട്ടു പോകുകയാണ് ഇന്ത്യ. ഇന്ത്യ-യൂറോപ്യന്‍ യുണിയന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഉടന്‍ യാഥാര്‍ഥ്യയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

ബുധനാഴ്ച ജര്‍മന്‍ വിദേശകാര്യമന്ത്രി ജോവാന്‍ വാദെഫുല്ലുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷം സംയുക്ത പത്രസമ്മേളനത്തിലാണ് എസ്. ജയശങ്കര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികളെ ജര്‍മനി പിന്തുണയ്ക്കുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

മാറുന്ന ആഗോള സാഹചര്യത്തില്‍ വാണിജ്യം ഉള്‍പ്പടെ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ജര്‍മനിയും തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. ട്രംപുമായി താരിഫ് യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ബദല്‍ കമ്പോളങ്ങള്‍ തേടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് എന്തെങ്കിലും തടസ്സം ജര്‍മന്‍ കമ്പനികള്‍ക്കുണ്ടായാല്‍ സര്‍ക്കാര്‍ അതിന് പ്രത്യേക ശ്രദ്ധ കൊടുത്ത് ഇടപെടുമെന്നും എസ്. ജയശങ്കര്‍ വ്യക്തമാക്കി. ബുധനാഴ്ച നടത്തിയ ചര്‍ച്ചയില്‍ സാമ്പത്തികം, കാലാവസ്ഥാ വ്യതിയാനം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണത്തിനുള്ള സാധ്യതകള്‍ വിലയിരുത്തി. ഇന്ത്യയാണ് ജര്‍മനിയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. 200 ലേറെ ജര്‍മന്‍ കമ്പനികള്‍ ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യൂറോപ്യന്‍ ഉപരോധ ഭീഷണി മറ്റൊരു വിധത്തില്‍ ഇന്ത്യയെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്. ഇന്ത്യന്‍ എണ്ണക്കമ്പനിയായ നയാരക്കുള്ള എണ്ണ വിതരണം സൗദി അരാംകോ നിര്‍ത്തിയത് യൂറോപ്യന്‍ യൂണിയന്റെ ഉപരോധ ഭീഷണിയുടെ പശ്ചാത്തലത്തിലാണ്. ഇറാഖ് എണ്ണക്കമ്പനി സൊമോയും ഇന്ത്യയിലേക്കുള്ള വിതരണം നിര്‍ത്തിയിട്ടുണ്ട്. നയാരക്കെതിരെയുള്ള യൂറോപ്യന്‍ യൂണിയന്‍ ഉപരോധത്തിന് പിന്നാലെയാണ് നടപടി. ജൂലൈ മാസത്തിന് ശേഷം ഇന്ത്യയിലേക്ക് വിതരണം നടത്തിയില്ലെന്ന് ഷിപ്പിങ് രേഖകള്‍ വ്യക്തമാക്കുന്നു. മൂന്ന് ലക്ഷം ബാരലാണ് സൗദിയും ഇറാഖും ഇന്ത്യയിലെത്തിച്ചിരുന്നത്.

ജൂലൈയില്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ പിന്തുണയുള്ള ഇന്ത്യന്‍ റിഫൈനറി നയാര എനര്‍ജിക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യുക്രൈന്‍ യുദ്ധം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനി സൗദി അരാംകോയും, ഇറാഖിന്റെ സൊമോയും നയാരയ്ക്ക് ക്രൂഡ് ഓയില്‍ വിതരണം നിര്‍ത്തിയത്. ഷിപ്പിങ് രേഖകളടക്കം ചൂണ്ടിക്കാട്ടി റോയിട്ടേഴ്സ് ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ഷിപ്പിംഗ് ഡാറ്റ പ്രകാരം, ജൂലൈ 18-നാണ് അവസാനമായി നയാരക്ക് സൗദിയില്‍ നിന്ന് എണ്ണ ലഭിച്ചത്. ഇറാഖില്‍ നിന്ന് രണ്ട്, സൗദിയില്‍ നിന്ന് ഒരു ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് നയാരക്ക് ലഭിച്ചിരുന്നത്.

നയാര എനര്‍ജിയില്‍ റഷ്യന്‍ എണ്ണ കമ്പനിയായ റോസ്നെഫ്റ്റിന് 49.13% ഓഹരി ഉണ്ട്. ഈ വരുമാനം റഷ്യന്‍ ഭരണകൂടത്തിന് ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ ഉപരോധം. ഇതോടെ ആഗസ്റ്റില്‍ നയാര, റഷ്യയില്‍ നിന്ന് മാത്രമാണ് എണ്ണ ഇറക്കുമതി ചെയ്തത്.

ഗുജറാത്തിലെ നയാര റിഫൈനറിയില്‍ പ്രതിദിനം നാല് ലക്ഷം ബാരലാണ് ക്രൂഡ് ഓയില്‍ ശുദ്ധീകരണം. 6600 ഇന്ധന പമ്പുകളിലൂടെ ഇന്ത്യയിലെ ഏഴ് ശതമാനം ഊര്‍ജ ആവശ്യമാണ് നയാര നികത്തുന്നത്. സൗദി അരാംകോ ഉള്‍പ്പെടെ വിതരണം നിര്‍ത്തിയതോടെ നിലവില്‍ ആകെ ശേഷിയുടെ 60-70% വരെ ശേഷിയില്‍ മാത്രമാണ് നയാരയുടെ ഇന്ധന വിതരണം.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.