- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച് വണ്‍ ബി വിസ ഫീസ് ഉയര്‍ത്തിയ അമേരിക്ക സ്വയം പണി ചോദിച്ചു വാങ്ങുമോ? അവസരം മുതലെടുക്കാന്‍ ചൈന രംഗത്ത്; ബദലായി കെ വിസയുമായി ചൈന; ശാസ്ത്ര-സാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് പുതിയ വിസാ സംവിധാനം
എച്ച് വണ്‍ ബി വിസ ഫീസ് ഉയര്‍ത്തിയ അമേരിക്ക സ്വയം പണി ചോദിച്ചു വാങ്ങുമോ?
ബീജിങ്: എച്ച് വണ്‍ ബി വിസയ്ക്കുള്ള ഫീസ് വന്‍തോതില്‍ യു.എസ് ഉയര്‍ത്തിയ തീരുമാനം അവര്‍ക്കു തന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. അമേരിക്കയുടെ ടെക് വളര്‍ച്ചയെ തന്നെ സാരമായി ബാധിക്കുമെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. ഇതിനിടെ മുതലെടുക്കനുളള എല്ലാ വഴികളുമായി ചൈനയും രംഗത്തുണ്ട്.
കെ വിസയെന്ന പേരില്‍ ശാസ്ത്ര-സാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് പുതിയ വിസ സംവിധാനം അവതരിപ്പിക്കുകയാമ് ചൈന. ചൈനയുടെ പ്രീമിയര്‍ ലി ക്വിയാങ്ങാണ് പുതിയ വിസ സംവിധാനം അവതരിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ വിസ സംവിധാനം നിലവില്‍ വരും.
നിലവിലുള്ള ഓര്‍ഡിനറി വിസയേക്കാളും മെച്ചമുള്ളതാണ് കെ വിസ. രാജ്യത്തേക്കുള്ള പ്രവേശനം, വാലിഡിറ്റി, താമസത്തിന്റെ ദൈര്‍ഘ്യം എന്നിവയിലെല്ലാം കെ വിസയില്‍ ചൈനീസ് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കെ വിസയില്‍ ചൈനയില്‍ എത്തുന്നവര്‍ വിദ്യാഭ്യാസം, സംസ്‌കാരം, സയന്‍സ്, സാങ്കേതികവിദ്യ എന്നീ മേഖലകളിലെല്ലാം പ്രവര്‍ത്തിക്കാം. സംരഭകത്വ-ബിസിനസ് സ്ഥാപനങ്ങളും തുടങ്ങാം.രാജ്യത്ത് യുവപ്രതിഭകളുടെ സേവനം ആവശ്യമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവപ്രതിഭകളെ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ വിസ സേവനം തുടങ്ങുന്നതെന്ന് ചൈന അറിയിച്ചു.
അതേസമയം എച്ച് വണ്‍ വി വിസക്ക് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ നിരക്ക് പ്രാബല്യത്തിലായി. പുതുതായി വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഒരുലക്ഷം ഡോളറാണ് വിസാ ഫീസ്. വര്‍ധിച്ച ഫീസ് പുതിയ വിസയ്ക്ക് മാത്രമാണെന്നും നിലവില്‍ ഇന്ത്യയിലുള്ളവര്‍ തിരക്കിട്ട് മടങ്ങേണ്ടതില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു. ഇത് ഒറ്റത്തവണ ഫീസ് മാത്രമാണെന്നും വിസ പുതുക്കുമ്പോള്‍ വീണ്ടും ഫീസ് അടക്കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.
2023ല്‍ യു.എസ് അനുവദിച്ച 380,000 എച്ച് വണ്‍ ബി വിസകളില്‍ 72 ശതമാനവും ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്. ഡേറ്റ സയന്‍സ്, എഐ, മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലാണ് ഇവരില്‍ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത്. എച്ച്-1 ബി വിസ പദ്ധതിയുടെ ദുരുപയോഗം ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയത്.
എച്ച് വണ്‍ ബി വിസയില്‍ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന അമേരിക്കയിലെ കമ്പനികളാണ് ഈ ഫീസ് സര്‍ക്കാരിന് നല്‍കേണ്ടത്. 5000- 6000 ഡോളര്‍ മാത്രമായിരുന്നതാണ് ഒറ്റയടിക്ക് ഒരു ലക്ഷത്തിലേക്കുയര്‍ത്തിയതാണ് ആശങ്കയായത്. മൈക്രോസോഫ്റ്റ്, ജെ.പി മോര്‍ഗന്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ എച്ച് വണ്‍ ബി വിസക്കാര്‍ യു.എസില്‍ തുടരാന്‍ നിര്‍ദേശിച്ചു.