ന്യൂഡൽഹി: ഖത്തർ ജയിലിൽ കഴിയുന്ന മലയാളി അടക്കം എട്ട് മുൻ നാവികസേന ഉദ്യോഗസ്ഥർക്ക് ചാരവൃത്തി കേസിൽ വധശിക്ഷ വിധിച്ചത് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നല്ല നയതന്ത്ര ബന്ധം ഉണ്ടായിരിക്കയാണ് ഇത്തരമൊരു ഞെട്ടിക്കുന്ന തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതോടെ പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടാനാണ് നീക്കം നടക്കുന്നത്.

ഖത്തർ പ്രതിരോധ, സുരക്ഷാ ഏജൻസികൾക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നൽകുന്ന സ്വകാര്യ സ്ഥാപനമായ അൽ ദഹ്‌റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിലെ ഉദ്യോഗസ്ഥരായിരുന്നവർക്കാണ് വധശിക്ഷ വിധിച്ചത്. ക്യാപ്റ്റന്മാരായ നവതേജ് സിങ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ഠ്, കമാൻഡർമാരായ അമിത് നാഗ്പാൽ, പൂർണേന്ദു തിവാരി, സുഗുണാകർ പകല, സഞ്ജീവ് ഗുപ്ത, സെയ്‌ലർ രാഗേഷ് എന്നിവർക്കാണ് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിച്ചത്.

നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവസരം നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നാവികരുടെ കാര്യത്തിൽ ഇടപെടുന്നതിൽ കേന്ദ്ര സർക്കാരിന് വലിയ വീഴ്ച വന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി രംഗത്തു വന്നു. വിഷയത്തിൽ നേരത്തെ തന്നെ ഇടപെട്ടിരുന്നുവെന്നും എന്നാൽ, കേന്ദ്രം വീഴ്‌ച്ച വരുത്തിയെന്നുമാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്.

ഖത്തറിൽ എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് വധശിക്ഷ നൽകിയത് ഞെട്ടിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചിരുന്നു. നാവികസേന ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി വിദേശകാര്യ മന്ത്രാലയം സംസാരിക്കുന്നുണ്ട്. നാവികരെ കാണാൻ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യൻ അംബാസഡറെ ഖത്തർ അധികൃതർ അനുവദിച്ചിരുന്നു. ഇന്ത്യ ഇവർക്കായി അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ എന്താണ് കുറ്റം എന്നതുൾപ്പടെയുള്ള വിശദാംശങ്ങൾ കുടുംബത്തിനും കിട്ടിയില്ല.

വീണ്ടും നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ശിക്ഷ വിധിച്ച കോടതിക്ക് മുകളിൽ രണ്ട് കോടതികൾ കൂടിയുണ്ട്. അടുത്ത കോടതിയിൽ അപ്പീൽ നൽകാൻ നടപടി സ്വീകരിക്കും. ഇതോടൊപ്പം പ്രധാനമന്ത്രി ഖത്തർ അമീറുമായി സംസാരിക്കാനും ആലോചനയുണ്ട്. സങ്കീർണ്ണമായ വിഷയമാണെന്നും എല്ലാ വഴിയും ഇന്ത്യ തേടുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ, കേസ് കേന്ദ്ര സർക്കാർ ഗൗരവത്തോടെ എടുത്തില്ലെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി കുറ്റപ്പെടുത്തി. പാർലമെന്റിൽ നേരത്തെ ഈ വിഷയം ഉന്നയിച്ചതിന്റെ വീഡിയോ പങ്കുവച്ചാണ് സർക്കാർ നാവികരെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന് മനീഷ് തിവാരി ആരോപിച്ചത്. പാർലമെന്റിൽ വിദേശകാര്യ മന്ത്രി നൽകിയ ഉറപ്പുകൾ പാഴായെന്നും ദേശീയതയുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സർക്കാരിനാണ് ഈ വീഴ്ചയെന്നും മനീഷ് തിവാരി പറഞ്ഞു.

ഖത്തർ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ 2022 ഓഗസ്റ്റ് 30ന് ദോഹയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. പ്രതിരോധ സേവന വാഗ്ദാന കമ്പനിയായ ദഹ്‌റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽട്ടൻസി സർവീസസിലെ ഉദ്യോഗസ്ഥരായിരുന്നു ഇവർ. ഒമാൻ വ്യോമസേനയിലെ വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു ഈ കമ്പനിയുടെ ഉടമസ്ഥൻ. സംഭവത്തിൽ ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്തെങ്കിലും 2022 നവംബർ മാസത്തോടെ വിട്ടയക്കുകയായിരുന്നു.ഖത്തർ എമിരി നേവൽ ഫോഴ്‌സിൽ (ക്യുഇഎൻഎഫ്) ഇറ്റാലിയൻ യു212 സ്റ്റെൽത്ത് അന്തർവാഹിനികളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചിരുന്നത് ഈ ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോർട്ട്.

എന്നാൽ ഉദ്യോഗസ്ഥരുടെ അറസ്റ്റിന്റെ വാർത്ത 2022 ഒക്ടോബറിൽ പുറത്തുവന്നതോടെ ദഹ്‌റ ഗ്ലോബൽ അവരുടെ വെബ്സൈറ്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.ഖത്തർ നാവിക സേനയ്ക്ക് പരിശീലനം, ലോജിസ്റ്റിക്‌സ്, മെയിന്റനൻസ് സേവനങ്ങൾ എന്നിവ നൽകുന്നു എന്ന് അവകാശപ്പെട്ട വൈബ്സൈറ്റായിരുന്നു ഇത്. എന്നാൽ ഇപ്പോൾ കമ്പനിക്ക് പുതിയ വെബ്സൈറ്റാണ്. ഇതിൽ ഖത്തർ നാവിക സേനയുമായുള്ള ബന്ധത്തെ കുറിച്ചൊന്നും പരാമർശിക്കുന്നില്ല. മെയ്‌ 30ന് ദഹ്‌റ ഗ്ലോബൽ ദോഹയിലുള്ള പ്രവർത്തനം അവസാനിപ്പിച്ചു. കൂടുതൽ ജീവനക്കാരും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. അവർ എല്ലാം സ്വദേശത്തേക്ക് മടങ്ങി.

ഇന്ത്യൻ നാവിക സേനയിൽ 20 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിച്ചവരാണ് എല്ലാവരും. ഇവരിൽ സുപ്രധാന പദവികൾ വരെ വഹിച്ചവരുണ്ട്. ഇവർക്ക് എതിരായ കുറ്റകൃത്യങ്ങൾ ഇതുവരെ ഖത്തർ ഭരണകൂടം പരസ്യമാക്കിയിട്ടില്ല. ചാരവൃത്തിക്കാണ് ഇവരെ തടവിലാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയതെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിഷയത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ച് രംഗത്തെത്തിയിട്ടില്ല.

ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ആഴ്ചകൾക്ക് ശേഷമാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയുന്നത്. 2022 ഒക്ടോബർ ഒന്നിന് ഖത്തറിലുള്ള ഇന്ത്യൻ അംബാസഡർ നാവികരെ സന്ദർശിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇപ്പോഴത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മുൻ നാവികർക്കുള്ള എല്ലാ പിന്തുണയും ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നൽകുന്നുണ്ട്. ഇപ്പോൾ രാഷ്ട്രീയ-നയതന്ത്ര തലത്തിലേക്കും കേസ് ചർച്ചയായിട്ടുണ്ട്.കഴിഞ്ഞ നവംബറിൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഖത്തറിൽ എത്തിയിരുന്നു. ഈ സമയത്ത് ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അതിന് ശേഷം വിഷയം ചർച്ച ചെയ്തില്ലെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബറിൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ മുൻ നാവിക ഉദ്യോഗസ്ഥരുടെ തടവിലാക്കിയ വിഷയം പാർലമെന്റിൽ ഉയർത്തിയിരുന്നു. അംബാസഡർമാരും മുതിർന്ന ഉദ്യോഗസ്ഥരും ഖത്തർ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജയ്ശങ്കർ അറിയിച്ചു.ഖത്തർ ഭരണകൂടവുമായി ചർച്ച നടത്തുമെന്നും വിദേശ മന്ത്രാലയം അറിയിച്ചിരുന്നു. വിശദ വിധിക്കായി കാത്തിരിക്കുന്നു. ശിക്ഷിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും നിയമനടപടികൾ നടത്തുന്നവരുമായും സമ്പർക്കം പുലർത്തുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയും ഖത്തറും ചരിത്രപരമായി വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ്. 2008ൽ മന്മോഹൻ സിങ് സർക്കാരിന്റെ കാലത്താണ് ഈ ബന്ധത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അന്ന് പ്രധാനമന്ത്രി മന്മോഹൻ സിങ് ഖത്തർ സന്ദർശനം നടത്തിയത് ഈ ബന്ധത്തെ ആഴത്തിലുള്ളതാക്കാൻ സഹായിച്ചു. പിന്നീട് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോഴും ഈ ബന്ധം തുടർന്നു.2015ൽ ഖത്തർ അമിർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യയിൽ സന്ദർശനം നടത്തി. ഇതിന് ശേഷം 2016ൽ ഇന്ത്യൻ പ്രധാനമന്ത്രി ഖത്തർ സന്ദർശിച്ചതും എസ് ജയ്ശങ്കറിന്റെ ഒന്നിലധികം സന്ദർശനങ്ങളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളർത്തി.

പ്രതിരോധ സഹകരണവും വ്യാപാരവും ഇന്ത്യ-ഖത്തർ ബന്ധത്തിന്റെ പ്രധാന തെളിവാണ്. 2021ൽ ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ നാലാമത്തെ വലിയ രാജ്യമായിരുന്നു ഇന്ത്യ. രാജ്യം ഇറക്കുമതി ചെയ്തതിൽ 40 ശതമാനവും ഖത്തറിൽ നിന്നായിരുന്നു. ഇന്ത്യയിലെ ഏറ്റവും കുടുതൽ പ്രവാസികൾ കഴിയുന്നതും ഖത്തറിലാണ്. ഏകദേശം എട്ട് ലക്ഷത്തിൽ കൂടുതൽ ഇന്ത്യക്കാർ ഖത്തറിൽ തൊഴിലെടുത്ത് ജീവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇങ്ങനെ ഊഷമളമായ ബന്ധം പുലർത്തുന്ന രാജ്യത്തെ പിണക്കാൻ ഖത്തർ തയ്യാറായേക്കില്ലെന്നാണ് സൂചന. ഇപ്പോൾ എട്ട് മുൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ ഇന്ത്യ-ഖത്തർ നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നാണ് സൂചന. ഇപ്പോഴത്തെ സാഹചര്യത്തിൽ മേൽക്കോടതിയൽ അപ്പീലിന് സാഹചര്യം ഉണ്ടെന്നും റിപ്പോർ്ട്ടുകളുണ്ട്. കൂടാതെ കുറ്റവാളികൾക്ക് മാപ്പു നൽകുന്ന ഖത്തറിലെ നിമയത്തിലും പ്രതീക്ഷ വെക്കുക എന്നതാണ് നാവികർക്ക് മുന്നിലുള്ള വഴികൾ.